Sunday, September 30, 2012

ഉദാരവല്‍ക്കരണം ആസൂത്രണത്തിന്റെ അര്‍ഥം നഷ്ടപ്പെടുത്തുന്നു: യെച്ചൂരി


സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ ആസൂത്രണം എന്ന ആശയത്തിന്റെ അര്‍ഥംതന്നെ നഷ്ടപ്പെടുത്തിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.ഇംഗ്ലണ്ടിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിയന്ത്രണം എടുത്തുകളഞ്ഞ് സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ സാമൂഹ്യ-സാമ്പത്തിക ലക്ഷ്യങ്ങള്‍ ഉപേക്ഷിക്കുകയാണ്. ആസൂത്രണത്തിന്റെ പേരില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം കുറയ്ക്കലാണ് നടക്കുന്നത്. ഇതിന്റെ ഫലമായി തിളങ്ങുന്ന ഇന്ത്യയും കഷ്ടപ്പെടുന്ന ഇന്ത്യയും ഒരുപോലെ വളരുന്നു. സാമ്പത്തിക ഉദാരവല്‍ക്കരണ നയം ആസൂത്രണത്തിന്റെ ഭാഗമായശേഷം പട്ടിണിയും ദാരിദ്ര്യവും വര്‍ധിച്ചു. ആസൂത്രണകമീഷന്റെ കണക്കനുസരിച്ച് 2400 കലോറി ഭക്ഷണം കഴിക്കാത്തവരാണ് ദരിദ്രര്‍. 2004-05 ല്‍ ഗ്രാമങ്ങളിലെ 69 ശതമാനവും ഈ അളവ് ഭക്ഷണം കഴിക്കാത്തവരാണ്. 2009-10 ല്‍ ഇവരുടെ എണ്ണം 76 ശതമാനമായി. നഗരങ്ങളിലെ ദരിദ്രരുടെ എണ്ണം ഇതേ കാലയളവില്‍ 64.5 ശതമാനത്തില്‍നിന്ന് 68 ശതമാനമായും ഉയര്‍ന്നു.

പന്ത്രണ്ടാം പദ്ധതിയില്‍ ആരോഗ്യമേഖല പൂര്‍ണമായും കോര്‍പറേറ്റുകള്‍ക്കും സ്വകാര്യമേഖലയ്ക്കും നല്‍കിയിരിക്കുകയാണ്. ഇതോടെ സാര്‍വത്രിക പൊതുആരോഗ്യ സേവനം എന്ന സങ്കല്‍പ്പംതന്നെ സര്‍ക്കാര്‍ ഉപേക്ഷിക്കുകയാണ്. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ നിക്ഷേപം ജിഡിപിയുടെ 1.02 ല്‍ നിന്ന് 1.58 ആയിമാത്രം ഉയര്‍ത്താനാണ് പന്ത്രണ്ടാംപദ്ധതി രേഖ ലക്ഷ്യമിട്ടത്. ലോകാരോഗ്യ സംഘടന ഇത് നിര്‍ദേശിക്കുന്ന 5 ശതമാനമെന്ന ലക്ഷ്യത്തേക്കാളും ഏറെ താഴെയാണിത്. ലോകബാങ്കിന്റെ കണക്കനുസരിച്ചുതന്നെ ആരോഗ്യരംഗത്ത് ഇന്ത്യയുടെ സ്ഥാനം 187 ആണ്. ആസൂത്രണ കമീഷന്റെതന്നെ, കണക്കനുസരിച്ച് വര്‍ധിക്കുന്ന ആരോഗ്യച്ചെലവ് വര്‍ഷം നാല് കോടിയോളംപേരെ ദരിദ്രരാക്കുകയാണ്. വിദ്യാഭ്യാസമേഖലയെയും ലാഭം കൊയ്യാനുള്ള മാര്‍ഗമാക്കി. ഇതുവഴി വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിന് നിയമസാധുത നല്‍കുകയാണ് സര്‍ക്കാര്‍-യെച്ചൂരി പറഞ്ഞു.

deshabhimani 300912

1 comment:

  1. സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങള്‍ ആസൂത്രണം എന്ന ആശയത്തിന്റെ അര്‍ഥംതന്നെ നഷ്ടപ്പെടുത്തിയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു.ഇംഗ്ലണ്ടിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

    ReplyDelete