Saturday, September 29, 2012

പുതിയ പാചകവാതക കണക്ഷന് നിരോധനം


സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചതിനുപിന്നാലെ പുതിയ പാചകവാതക കണക്ഷന്‍ അനുവദിക്കുന്നതിന് എണ്ണക്കമ്പനികള്‍ നിരോധനം ഏര്‍പ്പെടുത്തി. നാലുമാസത്തോളം നിരോധിക്കാനാണ് തീരുമാനം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇതുസംബന്ധിച്ച് രഹസ്യ സര്‍ക്കുലര്‍ ഇറക്കി. എല്‍പിജി വിതരണംചെയ്യുന്ന മറ്റു കമ്പനികളായ ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയും ഉടന്‍ നിരോധനം നടപ്പാക്കും. സബ്സിഡിനിരക്കില്‍ നല്‍കുന്ന ആറ് സിലിണ്ടറുകള്‍ രണ്ടുമാസത്തെ ഇടവേളയില്‍ നല്‍കിയാല്‍ മതിയെന്നും വിതരണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്‍പിജിക്ക് കൃത്രിമക്ഷാമം ഉണ്ടാക്കാനാണ് എണ്ണക്കമ്പനികളുടെ നീക്കം. അധികവിലയ്ക്കും സിലിണ്ടര്‍ കിട്ടില്ലെന്ന് വന്നതോടെ എല്‍പിജിക്കായി ഉപയോക്താക്കള്‍ നെട്ടോട്ടം തുടങ്ങി. സബ്സിഡി സിലിണ്ടര്‍ വെട്ടിക്കുറയ്ക്കുന്നതിനൊപ്പംതന്നെ ഒരേവിലാസത്തില്‍ ഒന്നിലേറെ കണക്ഷന്‍ എടുത്തിട്ടുള്ളത് കണ്ടെത്തി റദ്ദാക്കാനും എണ്ണക്കമ്പനികള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ കണക്ഷനുകളുടെയും വിലാസം പരിശോധിക്കുകയാണ്. ഒരേവിലാസത്തില്‍തന്നെ ഒന്നിലേറെ കണക്ഷന്‍ എടുത്തത് കണ്ടെത്താനുള്ള സര്‍വേ പൂര്‍ത്തിയാകുന്നതുവരെ പുതിയ കണക്ഷന്‍ നല്‍കേണ്ടെന്നാണ് ഐഒസിയുടെ നിര്‍ദേശം. ഈ സര്‍വേ പൂര്‍ത്തിയാകാന്‍ മൂന്നുമുതല്‍ നാലുമാസംവരെ എടുക്കുമെന്ന് എണ്ണക്കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. "നിങ്ങളുടെ ഉപയോക്താവിനെ അറിയുക" എന്ന് പരിശോധനയ്ക്ക് പേരും ഇട്ടിട്ടുണ്ട്. കണക്ഷന്‍ നല്‍കുന്നത് മരവിപ്പിച്ചെങ്കിലും പുതിയ അപേക്ഷ സ്വീകരിക്കുന്നത് തടഞ്ഞിട്ടില്ലെന്ന് ഐഒസി ചെയര്‍മാന്‍ ആര്‍ എസ് ഭുട്ടോല അറിയിച്ചു. ഒക്ടോബര്‍മുതല്‍ 2013 മാര്‍ച്ചുവരെയുള്ള ആറുമാസത്തെ ഉപയോഗത്തിന് മൂന്ന് എല്‍പിജി സിലിണ്ടര്‍മാത്രമേ ലഭിക്കൂ എന്ന അറിയിപ്പ് ലഭിച്ച വലിയൊരു വിഭാഗം ഉപയോക്താക്കള്‍ ഞെട്ടലിലാണ്. ഇരട്ടിവില നല്‍കി കൂടുതല്‍ സിലിണ്ടര്‍ വാങ്ങാമെന്നായിരുന്നു പലരുടെയും ധാരണ. എന്നാല്‍, രണ്ടുമാസത്തെ ഇടവേളയിലേ വിതരണം ഉണ്ടാകൂ എന്ന അറിയിപ്പ് ഇവരെ കുഴയ്ക്കുന്നു.

സംസ്ഥാനത്ത് നിലവില്‍ ഐഒസിയുടെ സിലിണ്ടര്‍വിതരണം തടസ്സപ്പെട്ടിരിക്കയാണ്്. ചാലദുരന്തത്തിന്റെയും ഉദയംപേരൂര്‍ ബോട്ട്ലിങ് പ്ലാന്റ് ഒരാഴ്ച അടച്ചിട്ടതിന്റെയും ഭാഗമായാണിത്. ഐഒസി പ്രതിസന്ധിയെതുടര്‍ന്ന് അനേകം ഉപയോക്താക്കള്‍ ആവശ്യത്തിനുപോലും സിലിണ്ടര്‍ കിട്ടാതെ വലയുകയാണ്. സംസ്ഥാനത്തെ 80 ലക്ഷത്തോളം എല്‍പിജി കണക്ഷനുകളില്‍ 35 ലക്ഷവും ഐഒസിയുടേതാണ്. ബിപിസിഎല്ലിന് 17 ലക്ഷത്തോളവും ബാക്കി എച്ച്പിസിക്കുമാണ്. ഇതില്‍ 65 ശതമാനത്തോളം വര്‍ഷം ആറ് സിലിണ്ടറില്‍ താഴെ ഉപയോഗിക്കുന്നവരാണെന്നാണ് എണ്ണക്കമ്പനികളുടെ കണക്ക്. ആറില്‍ കൂടുതല്‍ ഉപയോഗിക്കുന്നതില്‍ കൂടുതലും നഗരത്തിലെ ഉപയോക്താക്കളാണ്. വൈദ്യുതി അടുപ്പുകള്‍ ഉപയോഗിക്കുകയല്ലാതെ ഇവര്‍ക്ക് വേറെ മാര്‍ഗമില്ല. വൈദ്യുതിനിരക്കിലുണ്ടായ വര്‍ധനയും വോള്‍ട്ടേജ് ക്ഷാമവും ഇവര്‍ക്ക് ഇരട്ടപ്രഹരാകും.

deshabhimani 290912

No comments:

Post a Comment