Wednesday, September 26, 2012

അതിവേഗ റെയില്‍ ആശങ്ക ഒഴിയാതെ ജനങ്ങള്‍


കാക്കൂര്‍: നിരവധി ആളുകളെ കുടിയൊഴിപ്പിച്ച് തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ 521 കിലോമീറ്റര്‍ നീളത്തിലും110 മീറ്റര്‍ വിതിയിലും നടപ്പില്‍ വരുന്ന നിര്‍ദിഷ്ട അതിവേഗ റെയില്‍വേ കോറിഡോര്‍ (എച്ച്എസ്ആര്‍ഡി) പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രസിദ്ധീകരിച്ച റൂട്ട്മാപ്പ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്. കോഴിക്കോട് ജില്ലയില്‍ രാമനാട്ടുകര തുടങ്ങി തൊണ്ടയാട്, മലാപ്പറമ്പ്, വേങ്ങേരി, കക്കോടി, ചേളന്നൂര്‍, ചീക്കിലോട്, അത്തോളി, ഉള്ള്യേരി, പേരാമ്പ്ര വഴിയാണ് സര്‍വെ പൂര്‍ത്തീകരിച്ചതും അടയാള കല്ലുകള്‍ സ്ഥാപിച്ചതും. എന്നാല്‍ റൂട്ട്മാപ്പില്‍ ബേപ്പൂര്‍ തീരദേശം വഴി ചേമഞ്ചേരി, പയ്യോളി, മണിയൂര്‍, എടച്ചേരി വഴി കണ്ണൂരിലേക്കാണ് പാതയുടെ ദിശ കാണുന്നത്. ഇവിടങ്ങളിലൊന്നും സര്‍വെ നടത്തിയതായോ, അടയാള കല്ലുകള്‍ സ്ഥാപിച്ചതായോ ജനങ്ങള്‍ക്കോ, പഞ്ചായത്ത്-വില്ലേജ് അധികൃതര്‍ക്കോ അറിയില്ല. പദ്ധതിയുടെ സര്‍വെ ഉള്‍പ്പെടെ എല്ലാ നടപടികളും തല്‍ക്കാലം മരവിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറയുന്നുണ്ടെങ്കിലും കമ്പനി മാനേജിങ് ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഓരോ ജില്ലയിലും ഈ പദ്ധതിയെക്കുറിച്ച് ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളെപ്പറ്റി മുഖ്യമന്ത്രി ജില്ലാ കലക്ടര്‍മാരോട് റിപ്പോര്‍ട്ട് തേടി എന്ന അനൗദ്യോഗിക വിവരവും ഉണ്ട്. രണ്ട് ഘട്ടങ്ങളിലായി പണി പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന 1.18 ലക്ഷം കോടി രൂപയുടെ പദ്ധതി സംബന്ധിച്ച് വിശദാംശങ്ങളൊന്നും സര്‍ക്കാര്‍ കാര്യമായി പുറത്തുവിട്ടിട്ടില്ല. ഇത് പദ്ധതിയെക്കുറിച്ച് ദുരൂഹത വര്‍ധിപ്പിക്കുന്നു. ജനപ്രതിനിധികളെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് സര്‍വെ നടത്തുന്നത്. ഏകദേശം 15,400 ഏക്കര്‍ സ്ഥലത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ടിവരും എന്നാണ് പ്രാഥമിക കണക്ക്. 25 സെന്റില്‍ ഒരു വീട് എന്ന് കണക്കാക്കിയാല്‍പോലും ഏതാണ്ട് 60,000 വീടുകള്‍ പദ്ധതിക്കായി ഇടിച്ചുനിരത്തേണ്ടിവരും. പദ്ധതിപ്രദേശത്തെ ജനങ്ങളെ ബോധവല്‍ക്കരിക്കാനാണ് ആദ്യശ്രമം. അവരുടെ ആശങ്കകളും പ്രതിഷേധങ്ങളും പ്രകടിപ്പിക്കാന്‍ ഓരോ പ്രദേശത്തും അതിവേഗ റെയില്‍ പ്രതിരോധസമിതി രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ തൊണ്ടയാട്, മേത്തോട്ടുതാഴം, കക്കോടി, ചേളന്നൂര്‍, കൊയിലാണ്ടി എന്നിവിടങ്ങളില്‍ സമിതി ബോധവല്‍ക്കരണം തുടങ്ങി. ബുധനാഴ്ച പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ അത്തോളിയില്‍ വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടക്കും. രാവിലെ 10ന് പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല ഉദ്ഘാടനംചെയ്യും. രാഷ്ട്രീയ നേതാക്കള്‍, സമരസമിതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

deshabhimani 260912

No comments:

Post a Comment