Wednesday, September 26, 2012

'കുട്ടനാട് റൈസ്' സ്വകാര്യ മേഖലയിലേക്ക്; നൂറ് ടണ്‍ അരി സ്വകാര്യ വ്യക്തിക്ക് കൈമാറി


പൊതുമേഖലാ സ്ഥാപനമായ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ 'കുട്ടനാട് അരി' യുടെ വിപണം സ്വകാര്യമേഖലയിലേക്ക്. ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്റെ കീഴിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ തയ്യാറാക്കുന്ന അരിയുടെ വിതരണമാണ് പൊതുമേഖല സംരംഭങ്ങളെ ഒഴിവാക്കി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ ഓയില്‍പാം ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.

ആദ്യപടിയായി നൂറ് ടണ്‍ അരി സ്വകാര്യ വ്യക്തിക്ക് കൈമാറുകയും ചെയ്തു. ഇടതു മുന്നണി സര്‍ക്കാര്‍ കര്‍ഷകരെ സഹായിക്കുന്നതിനും സ്വകാര്യ റൈസ് മില്ല് ഉടമകളുടെ കുത്തക തകര്‍ക്കുന്നതിനുംവേണ്ടി ആരംഭിച്ച വെച്ചൂര്‍ റൈസ് മില്ലിന്റെ പ്രയോജനം സ്വകാര്യ മില്‍ ലോബിയുടെ കയ്യിലേക്ക് എത്തിക്കുന്ന നിലപാടാണ് യു ഡി എഫിന്റെ നേതൃത്വത്തിലുള്ള ബോര്‍ഡ് എടുത്തിരിക്കുന്നത്. പൊതുമേഖലയിലുള്ള സപ്ലൈകോ, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയവയെ തഴഞ്ഞുകൊണ്ടാണ് ഓയില്‍ പാമിന്റെ പുതിയ നീക്കം.
കുട്ടനാട് റൈസ് എന്ന ബ്രാന്റില്‍ വെച്ചൂര്‍ മില്ലില്‍ സംസ്‌കരിക്കുന്ന അരി ഓയില്‍ പാം തന്നെ വിപണിയില്‍ എത്തിക്കാനായിരുന്നു ഇടതു മുന്നണി സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നത്. ഇതിനായി സ്വന്തം ഔട്ട് ലെറ്റുകള്‍ സ്ഥാപിക്കാനും ഗോഡൗണുകള്‍ വാടകയ്ക്ക് എടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്വകാര്യ ഫ്രാഞ്ചൈസികളിലൂടെ കുട്ടനാട് റൈസ് വിപണിയില്‍ എത്തിക്കാനാണ് തീരുമാനം. കഴിഞ്ഞ ഓണത്തിന് 300 ടണ്‍ അരി സപ്ലൈകോയ്ക്ക് നല്‍കിയിരുന്നു. 45 ടണ്‍ അരി കുട്ടനാട് ബ്രാന്റില്‍ ഓയില്‍ പാം വിപണിയില്‍ എത്തിക്കുകയും ചെയ്തിരുന്നു. വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ വഴി വിപണിയില്‍ എത്തിക്കാനുള്ള പദ്ധതി ആലോചിച്ചെങ്കിലും കോര്‍പ്പറേഷന്റെ സ്വന്തം ബ്രാന്റിലുള്ള അരിയുടെ വിപണനം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഓയില്‍പാം ആ നിര്‍ദ്ദേശം തള്ളിയിരിക്കുന്നത്.

കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച് ഉന്നതനിലവാരമുള്ള അരി ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇടതു മുന്നണി സര്‍ക്കാര്‍ പൊതുമേഖയില്‍ മില്ലുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് വെച്ചൂര്‍ റൈസ് മില്ല്  സ്ഥാപിച്ചത്. മുന്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലയളവില്‍ തറക്കല്ലിട്ട റൈസ് മില്ലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പിന്നീട് വന്ന യു ഡി എഫ് സര്‍ക്കാര്‍ സ്വകാര്യ മില്ലുടമകളുടെ താല്‍പര്യപ്രകാരം ഉപേക്ഷിച്ചിരുന്നു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് അഡ്വ. വി ബി ബിനു ചെയര്‍മാനായിരിക്കെയാണ് എട്ടുകോടി രൂപ ചെലവഴിച്ച് മില്ലിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കിയത്. മൂന്ന് വര്‍ഷം കൊണ്ട് 48000 ടണ്‍ നെല്ല് സംസ്‌കരിക്കാനുള്ള അടിസ്ഥാന സൗകര്യം ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളും വിഭാവനം ചെയ്തിരുന്നു. എന്നാല്‍ യു ഡി എഫ് സര്‍ക്കാര്‍ മില്ലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.

സ്വകാര്യ മേഖലയ്ക്ക് കുട്ടനാട് അരി കൈമാറുന്നതോടെ വില നിശ്ചയിക്കാനുള്ള അധികാരവും സ്വകാര്യമില്ലുടമകളുടെ കൈകളിലെത്തും. മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ഉദ്ഘാടനം ചെയ്ത റൈസ് മില്‍ യു ഡി എഫ് സര്‍ക്കാര്‍ വന്നശേഷം വാണിജ്യാടിസ്ഥാനത്തിലുള്ള വിപണനത്തിന്റെ പേരില്‍ മറ്റൊരു ഉദ്ഘാടനമാമാങ്കം കൂടി നടത്തിയിരുന്നു. സ്വകാര്യ മേഖലയ്ക്ക് വിപണം കൈമാറുന്നതോടെ എന്തിനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ വിപണന ഉദ്ഘാടനം നടത്തിയതെന്ന് ചോദ്യം ഉയരുകയാണ്.

വെച്ചൂര്‍ മില്ലില്‍ സംസ്‌കരിക്കുന്ന അരി സംഭരിച്ചുവെയ്ക്കാനുളള സൗകര്യം കോര്‍പ്പറേഷന് ഇല്ലെന്നും അതുകൊണ്ടാണ് അരി സ്വകാര്യ വ്യക്തിക്ക് കൈമാറിയതെന്നും ഓയില്‍പാം കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷെയ്ക്ക് പി ഹാരീസ് 'ജനയുഗ'ത്തോട് പറഞ്ഞു. ബ്രാന്റിന്റെ പ്രചാരവും വിപണനവും ലക്ഷ്യമാക്കിക്കൊണ്ടാണ് അരി വിതരണം സ്വകാര്യ ഔട്ട് ലെറ്റുകള്‍ക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
(ജലീല്‍ അരൂക്കുറ്റി)

janayugom 260912

1 comment:

  1. പൊതുമേഖലാ സ്ഥാപനമായ വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലിന്റെ 'കുട്ടനാട് അരി' യുടെ വിപണം സ്വകാര്യമേഖലയിലേക്ക്. ഓയില്‍പാം ഇന്ത്യാ ലിമിറ്റഡിന്റെ കീഴിലുള്ള വെച്ചൂര്‍ മോഡേണ്‍ റൈസ് മില്ലില്‍ തയ്യാറാക്കുന്ന അരിയുടെ വിതരണമാണ് പൊതുമേഖല സംരംഭങ്ങളെ ഒഴിവാക്കി സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കാന്‍ ഓയില്‍പാം ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചത്.

    ReplyDelete