Tuesday, September 25, 2012

ഭക്ഷ്യധാന്യം കുത്തകകള്‍ക്ക് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: സിപിഐ എം


രാജ്യത്ത് "മിച്ചമുള്ള" ഒരുകോടി ടണ്‍ ഭഭക്ഷ്യധാന്യം തുറന്ന കമ്പോളവ്യവസ്ഥയിലൂടെ ലേലത്തില്‍ മില്ലുടമകള്‍ക്കും ബിസ്ക്കറ്റ് കമ്പനികള്‍ക്കും മറ്റും നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വര്‍ധിച്ചുവരുന്ന ഭക്ഷ്യശേഖരത്തിന്റെ അളവ് കുറയ്ക്കാനും വിലക്കയറ്റം പിടിച്ചുനിര്‍ത്താനും എന്ന പേരിലാണ് സര്‍ക്കാര്‍ മൊത്തഉപഭോഗക്കാര്‍ക്ക് "മിച്ചമുള്ള" ഭക്ഷ്യധാന്യം നല്‍കാന്‍ ഒരുങ്ങുന്നത്. അടുത്ത നാലുമാസം ഓരോ മാസവും 25 ലക്ഷം ടണ്‍ ഭഭക്ഷ്യധാന്യം ലേലത്തില്‍ വില്‍ക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ലാഭമോ നഷ്ടമോ നോക്കാതെയുള്ള വില്‍പ്പനയായിരിക്കും ഇതെന്നും സര്‍ക്കാര്‍ പറയുന്നു. പാവങ്ങള്‍ക്കുള്ള ഭഭക്ഷ്യസബ്സിഡി അധികഭാരമാണെന്ന് കരുതുന്ന സര്‍ക്കാരാണ് വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും വന്‍തുക ലാഭംകൊയ്യാന്‍ അവസരമൊരുക്കുന്നത്. പട്ടിണിക്കാര്‍ക്കും ഭക്ഷ്യസുരക്ഷയില്ലാത്തവര്‍ക്കും സബ്സിഡി നിഷേധിക്കുകയും ചെയ്യുന്നു.

ഈ നടപടി വിലക്കയറ്റം നിയന്ത്രിക്കുമെന്ന സര്‍ക്കാരിന്റെ അവകാശവാദം യുക്തിക്ക് നിരക്കുന്നതല്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് ആഗസ്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റം 12.03 ശതമാനം ഉയര്‍ന്നു. ഡീസല്‍വില വര്‍ധിപ്പിച്ചതോടെ വിലക്കയറ്റം ഇരട്ടിയാകും. ആഗസ്തിലെ മൊത്തം ഉപഭോക്തൃവില വര്‍ധന 10.03 ശതമാനമാണ്. മൊത്തവില സൂചികയാകട്ടെ 7.55 ശതമാനവും. ഭക്ഷ്യവിലയിലുണ്ടായ വര്‍ധനയാണ് ഇതിന് കാരണം. "ബ്രിക്സ്" രാജ്യങ്ങളില്‍ ചില്ലറ വില്‍പ്പനയില്‍ ഏറ്റവും വലിയ വിലവര്‍ധന അനുഭവപ്പെടുന്ന രാജ്യം ഇന്ത്യയാണ്. വിലക്കയറ്റം നിയന്ത്രിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ പൊതുവിതരണ ശൃംഖലയില്‍ ഭക്ഷ്യവിതരണം വര്‍ധിപ്പിക്കുകയാണ് വേണ്ടത്.നിലവില്‍ സര്‍ക്കാരിന്റെ കൈവശം 5 കോടി ടണ്‍ ഭക്ഷ്യധാന്യമാണുള്ളത്. ഇത് ലേലത്തിലൂടെ വില്‍ക്കുകയോ കയറ്റുമതിചെയ്യുകയോ അല്ല വേണ്ടത്. പകരം എപിഎല്‍-ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും റേഷന്‍കടകള്‍ വഴി കിലോയ്ക്ക് രണ്ട് രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം വിതരണംചെയ്യുകയാണ് വേണ്ടത്. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് നിയമപരമായ അവകാശമാക്കുകയും വേണമെന്നും പിബി ആവശ്യപ്പെട്ടു.

deshabhimani 250912

1 comment:

  1. രാജ്യത്ത് "മിച്ചമുള്ള" ഒരുകോടി ടണ്‍ ഭഭക്ഷ്യധാന്യം തുറന്ന കമ്പോളവ്യവസ്ഥയിലൂടെ ലേലത്തില്‍ മില്ലുടമകള്‍ക്കും ബിസ്ക്കറ്റ് കമ്പനികള്‍ക്കും മറ്റും നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉപേക്ഷിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

    ReplyDelete