Sunday, September 30, 2012

സര്‍ക്കാര്‍ ഭൂമി വെട്ടിപ്പിടിക്കാന്‍ നീക്കം


എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായി പൊതുമേഖലാ വ്യവസായശാലകളുടെ ഭൂമിയില്‍ കയ്യേറ്റം നടത്താനുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കുന്നു. ഇപ്പോള്‍ തന്നെ പ്രതിസന്ധികളെ നേരിടുന്ന പൊതുമേഖലയെ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് തള്ളിവിടാന്‍ ഈ നീക്കം വഴിയൊരുക്കും.

വ്യവസായ സംരംഭങ്ങള്‍ തുടങ്ങാനെന്ന പേരില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ പാട്ടത്തിനെടുത്ത് കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കുമെന്ന ഉമ്മാക്കിയുടെ മറപിടിച്ചാണ് സര്‍ക്കാര്‍ പൊതുമേഖലയെ ഉന്നമിടുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ കയ്യടക്കി വച്ചിരിക്കുന്ന പാട്ടഭൂമിയില്‍ തൊട്ടാല്‍ കൈപൊള്ളുമെന്ന് സര്‍ക്കാരിന് ഉത്തമ ബോദ്ധ്യമുണ്ട്. ഭരണമുന്നണിയിലെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ തന്നെ ഇതിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യും.

ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയില്‍ വിനിയോഗിക്കാതെ തരിശിട്ടിരിക്കുന്ന പാട്ടഭൂമിയും പൊതുമേഖല വ്യവസായസ്ഥാപനങ്ങളുടെ കൈവശമുള്ള ഭൂമിയും ആറുമാസത്തിനുള്ളില്‍ തിരിച്ചുപിടിക്കും എന്ന് ഒരുമിച്ചൊരു പ്രഖ്യാപനം നടത്തിയാല്‍ ആദ്യത്തേത് നടന്നില്ലെങ്കിലും ആ പേരില്‍ പൊതുമേഖലയെ പിഴിയാനാവും എന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.
സ്വകാര്യ കുത്തക കമ്പനികളുമായുണ്ടാക്കിയ ധാരണപ്രകാരം എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് ഭൂമി കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി ഭൂമി കണ്ടെത്തേണ്ടതുണ്ട്. ഇത്രയധികം ഭുമി എവിടെനിന്ന് എന്നത് സര്‍ക്കാരിനെ കുഴയ്ക്കുന്ന പ്രധാന പ്രശ്‌നമാണ്.

റവന്യു പുറമ്പോക്കുകള്‍, പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള ഭൂമി, ഗവ. ആശുപത്രികളോട് ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങള്‍ ഇവയുടെയൊക്കെ കണക്കെടുത്താലും പ്രശ്‌നത്തിന് പരിഹാരമാവില്ല. ഭൂമി പൊന്നുംവിലയ്ക്ക് വാങ്ങി നിക്ഷേപ സംരംഭകര്‍ക്ക് കൈമാറണമെങ്കില്‍ പണത്തിനായി ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുകയേ നിര്‍വ്വാഹമുള്ളു. ആ ഇനത്തില്‍ പലിശതന്നെ ഭീമമായ തുകവരും. ആ നിലയ്ക്ക് കൈ നനയാതെ മീന്‍പിടിക്കാനുള്ള എളുപ്പവഴി പൊതുമേഖലയില്‍ കടന്നുകയറ്റം നടത്തുകതന്നെയാണ്. ഇതിനായി ആദ്യമേതന്നെ ഉദ്യോഗമണ്ഡലിലെ എഫ്എസിടിയുടെയും കളമശ്ശേരിയിലെ എച്ച് എം ടിയുടെയും ഭൂമികള്‍ ലിസ്റ്റില്‍പ്പെടുത്തിക്കഴിഞ്ഞു.

ആലുവയിലെ എഫ്‌ഐടിയുടെ ഒമ്പതര ഏക്കറില്‍ നേരത്തെതന്നെ നോട്ടമുണ്ട്. എഫ്‌ഐടിയുടെ സ്ഥലത്ത് ആരുടെയും കടന്നുകയറ്റം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയ ഫാക്ടറിയിലെ യൂണിയന്‍ നേതാവായ കെ പി സി സി അംഗത്തോട് മുഖ്യമന്ത്രി പ്രതികരിച്ചത് സ്ഥാപനം ഭൂമി പാഴാക്കി കളയുന്നു എന്ന അര്‍ത്ഥത്തിലാണ്. ഫാക്ടറിയുടെ വികസനത്തിനായി പദ്ധതികളും നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് സമര്‍പ്പിച്ച് അനുമതിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി.

പൊതുമേഖലയെ ബാധിക്കുന്ന, പരിഹാരം കാണാത്ത പലപ്രശ്‌നങ്ങളുണ്ട്. ഏലൂരിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സിനെ (ടിസിസി) ഉദാഹരണമായെടുക്കാം. റിലയന്‍സ് ഗ്രൂപ്പിന്റെ കൈവശമിരിക്കുന്ന ടിസിസിയുടെ 20 ഏക്കര്‍ ഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. ഈ നിലപാടിനെതിരെ അവിടെ തൊഴിലാളികള്‍ സമരരംഗത്താണ്. സംസ്ഥാന സര്‍ക്കാരിന്റേത് അല്ലെങ്കിലും എഫ് എ സി ടിയും എച്ച് എം ടിയിലും പ്രശ്‌നങ്ങളുണ്ട്.

ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്ന് ബോദ്ധ്യമുള്ള യുഡിഎഫ് സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്നതിനുമുമ്പ് സംസ്ഥാനത്തിന്റെ കണ്ണായതെല്ലാം വിദേശകുത്തകകള്‍ക്ക് തീറെഴുതാന്‍ നടത്തുന്ന കുതന്ത്രങ്ങളുടെ ഭാഗമായിത്തന്നെയാണ്, പൊതുമേഖലയ്‌ക്കെതിരായ നീക്കത്തെയും തൊഴിലാളികളും നാട്ടുകാരും കാണുന്നത്.
(ബേബി ആലുവ)

janayugom 300912

1 comment:

  1. എമര്‍ജിംഗ് കേരളയില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കായി പൊതുമേഖലാ വ്യവസായശാലകളുടെ ഭൂമിയില്‍ കയ്യേറ്റം നടത്താനുള്ള നീക്കം സര്‍ക്കാര്‍ ശക്തമാക്കുന്നു. ഇപ്പോള്‍ തന്നെ പ്രതിസന്ധികളെ നേരിടുന്ന പൊതുമേഖലയെ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് തള്ളിവിടാന്‍ ഈ നീക്കം വഴിയൊരുക്കും.

    ReplyDelete