Wednesday, September 26, 2012
എച്ച്എംടി സമരം: നിരാഹാരം 1000 ദിനം പിന്നിടുന്നു
കളമശേരി എച്ച്എംടി തൊഴിലാളികള്‍ കമ്പനി ഗേറ്റിനുമുന്നില്‍ നടത്തുന്ന നിരാഹാരസമരം ബുധനാഴ്ച 1000 ദിവസം പൂര്‍ത്തിയാക്കുന്നു. എച്ച്എംടിയെ പൊതുമേഖലയില്‍ നിലനിര്‍ത്തുക, 1997 മുതലുള്ള ശമ്പളപരിഷ്കരണം നടപ്പാക്കുക, വിരമിക്കല്‍പ്രായം 60 ആയി പുനഃസ്ഥാപിക്കുക, നിയമനങ്ങള്‍ പുനരാരംഭിക്കുക, കരാര്‍-കാന്റീന്‍ ജീവനക്കാരെ സ്ഥിരം ജീവനക്കാരായി നിയമിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്ഥാപനത്തിലെ 16 യൂണിറ്റുകളിലെയും ജീവനക്കാരുടെ ഐക്യസംഘടനാവേദിയായ നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എച്ച്എംടി യൂണിയന്‍സ് (എന്‍സിഎച്ച്യു) പ്രക്ഷോഭം ആരംഭിച്ചത്. ഇതിന്റെ ഭാഗമായാണ് കളമശേരിയിലെ ജീവനക്കാര്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചത്.
സമരകാലയളവില്‍ പാര്‍ലമെന്റ് മാര്‍ച്ച്, ബംഗളൂരുവിലെ ഹെഡ്ഓഫീസ് വളയല്‍ തുടങ്ങിയവ സംഘടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി വിലാസ് റാവു ദേശ്മുഖ് 2010 ഫെബ്രുവരി 17ന് സമരസമിതി നേതാക്കളെ ചര്‍ച്ചയ്ക്കുവിളിക്കുകയും എച്ച്എംടിയെ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുകയുംചെയ്തു. എന്നാല്‍, പ്രൊഫഷണല്‍ മാനേജ്മെന്റിനെ നിയമിക്കുന്നതിന്റെ ഭാഗമായി എച്ച്എംടി മെഷീന്‍ ടൂള്‍സ് യൂണിറ്റിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി ജി കെ പിള്ളയെ നിയമിച്ചതല്ലാതെ ശമ്പളപരിഷ്കരണം പോലുള്ള നടപടികള്‍ സ്വീകരിച്ചില്ല. 2011 ജനുവരിയില്‍ കേന്ദ്രമന്ത്രി പ്രഫുല്‍പട്ടേല്‍ രണ്ടുതവണ സമരസമിതി നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചതല്ലാതെ തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ല. വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ പിന്നീട് സമരസമിതിയുടെ യോഗംപോലും ചേരാന്‍ കാത്തുനില്‍ക്കാതെ ഐഎന്‍ടിയുസിയും ഫെഡറേഷന്‍, വര്‍ക്കേഴ്സ് യൂണിയന്‍, ഓഫീസേഴ്സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ സമരത്തില്‍നിന്ന് പിന്‍മാറി. എന്നാല്‍, രേഖാമൂലമുള്ള ഉറപ്പ് ലഭിക്കാതെ സമരം പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന നിലപാടുമായി എച്ച്എംടി എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) സമരം മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ചു.
2011 ജനുവരിമുതല്‍ ഡിസംബര്‍വരെ കളമശേരി യൂണിറ്റില്‍ മാത്രം 32 ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍, ഇതിനായി പ്രവര്‍ത്തിച്ച ജി കെ പിള്ളയ്ക്ക് കാലാവധി നീട്ടിനല്‍കാതെ എച്ച്എംടി ഉദ്യോസ്ഥനായിരുന്ന ശ്രീധറിനെ ചെയര്‍മാനായും മറ്റൊരു ഉദ്യോഗസ്ഥനായിരുന്ന എം ഡി ശ്രീകുമാറിനെ എംഡിയുമായി നിയമിക്കുകയാണ് ഉണ്ടായത്. ഇതോടെ സ്ഥാപനം കൂടുതല്‍ പരിതാപകരമായ അവസ്ഥയിലേക്ക് എത്തുകയായിരുന്നു. അന്താരാഷ്ട്രതലത്തില്‍വരെ നിരവധി പുരസ്കാരങ്ങള്‍ നേടിയ പ്രിന്റിങ് പ്രസ് യൂണിറ്റ് അടച്ചുപൂട്ടലിന്റെ വക്കിലാണ്. പുതിയ മാനേജ്മെന്റ് തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതിനുപകരം സമരപ്പന്തലിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. എന്നാല്‍, ഏതു പ്രതിബന്ധം നേരിട്ടും സമരം മുന്നോട്ടു കൊണ്ടുപോകുമെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.
deshabhimani 260912
Labels:
പോരാട്ടം,
സി.ഐ.ടി.യു
Subscribe to:
Post Comments (Atom)
No comments:
Post a Comment