Sunday, September 30, 2012
പാച്ചാക്കല്‍ മിഴിതുറന്നത് ഭീതിയിലേക്ക്
കോഴിക്കോട്: മൃതദേഹം റോഡരികില്‍ കൊണ്ടുതള്ളിയ നിലയില്‍ കണ്ടാണ് പാച്ചാക്കല്‍ പ്രദേശം ശനിയാഴ്ച ഉണര്‍ന്നത്. പ്രഭാതസവാരിക്ക് പോയ സ്ത്രീകളാണ് ആദ്യം കണ്ടത്. അവരുടെ ബഹളം കേട്ട് നാട് സംഭവസ്ഥലത്തേക്ക് ഒഴുകി. മലാപ്പറമ്പ്-ചേവായൂര്‍-മെഡിക്കല്‍ കോളേജ് റൂട്ടിലെ ഗോള്‍ഫ് ലിങ്ക് റോഡിലെ കയറ്റത്തിലായിരുന്നു മൃതദേഹം. പൊലീസ് എത്തുന്നതുവരെ മൃതദേഹം തിരിച്ചറിഞ്ഞില്ല. വ്യാപാരിയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയുമായ പി പി നസീര്‍ അഹമ്മദിന്റേതാണ് മൃതദേഹമെന്ന് പിന്നീട് സ്ഥിരീകരിച്ചു. കാലങ്ങളായി കാടുപിടിച്ചു കിടന്ന ഇവിടെ അറവുശാലകളില്‍ നിന്നും മറ്റും മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത് നിത്യസംഭവമായിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു. ചത്ത പട്ടിയെയും പൂച്ചയെയും കോഴിയെയും കൊണ്ടിടുന്നതും ഇവിടെ. റോഡ് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ചയാണ് ജെസിബി ഉപയോഗിച്ച് കാട് നീക്കി സ്ഥലം വൃത്തിയാക്കിയത്. ഇവിടെയാണ് നസീര്‍ അഹമ്മദിന്റെ മൃതദേഹം കൊണ്ടിട്ടതും.
വ്യാപാരിയുടെ വധം അന്വേഷണം സജീവം
കോഴിക്കോട്: വ്യാപാരിയെ കൊന്ന് റോഡരികില്‍ തള്ളിയ കേസില്‍ അന്വേഷണം സജീവമായി. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി പി പി നസീര്‍ അഹമ്മദാണ് കഴിഞ്ഞ ദിവസംകൊല്ലപ്പെട്ടത്. സംശയമുള്ള ചിലരെ പൊലീസ് ചോദ്യം ചെയ്തതതായി വിവരമുണ്ട്. നസീറുമായി അടുപ്പമുണ്ടായിരുന്നവരുശടയും തലേദിവസം ഒപ്പമുണ്ടായിരുന്നവരുശടയും വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതികളെന്നു സംശയിക്കുന്നവര്‍ പൊലീസ് നിരീക്ഷണത്തിലാണ്. ചേവായൂര്‍ പാച്ചാക്കലില്‍ ഗോള്‍ഫ് ലിങ്ക് റോഡരികിലായിരുന്നു മൃതദേഹം കണ്ടത്. വെള്ളിയാഴ്ചയാണ് മലബാര്‍ ചേംബറിന്റെ സെക്രട്ടറിയായത്.
വെസ്റ്റ് കല്ലായിയിലെ ഇലക്ട്രോ ഏജന്‍സീസ് ഉടമയായ നസീര്‍ കല്ലായ് പി പി ഹൗസില്‍ കോയമൊയ്തീന്റെ മകനാണ്. പ്രഭാത സവാരിക്കിറങ്ങിയ സ്ത്രീകളാണ് മൃതദേഹം ആദ്യംകണ്ടത്. തലയിലൂടെയും വായിലൂടെയും മൂക്കിലൂടെയും രക്തം ഒലിച്ചിറങ്ങിയിരുന്നു. ദേഹമാസകലം മുറിവേറ്റിട്ടുണ്ട്. ഇവിടെനിന്നും 150 മീറ്റര്‍ അകലെ റോഡരികില്‍നിന്ന് രക്തംപുരണ്ട തോര്‍ത്ത് മുണ്ടും കണ്ടെത്തി. നസീറിന്റെ കാര്‍ ചേവായൂര്‍ പ്രസന്റേഷന്‍ സ്കൂളിന് സമീപം ശാന്തിനഗര്‍ കോളനിയിലെ ആളൊഴിഞ്ഞ വാടകവീടിന് മുന്നില്‍നിന്ന് വെള്ളിയാഴ്ച രാത്രി മെഡി. കോളേജ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മുറ്റത്തുനിന്ന് നസീറിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലും കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 12.10ഓടെ ഈ വീട്ടില്‍നിന്ന് നിലവിളി കേട്ട അയല്‍വാസികള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചിരുന്നു. ഈ സമയത്ത് വാടകവീടിന്റെ മുന്നില്‍ ചുവന്ന ഓമ്നി വാന്‍ കണ്ടതായും വേഗത്തില്‍ ഓടിച്ചുപോയതായും പരിസരവാസികള്‍ പറഞ്ഞു. ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.
നസീറിന്റെ കൊലപാതകം: പിന്നില്‍ അടുത്ത പരിചയക്കാരുണ്ടെന്ന് സംശയം
കോഴിക്കോട്: വ്യാപാരിയും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയുമായ നസീര്‍ അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ഇദ്ദേഹത്തെ അടുത്തറിയുന്ന ആരുടെയോ കൈകളുണ്ടെന്ന് പൊലീസ് സംശയം. നസീറിന്റെ കാര്‍ കണ്ടെത്തിയതിനടുത്തുള്ള ആളൊഴിഞ്ഞ വാടക വീട്ടിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തിയത് ഈ അജ്ഞാത സുഹൃത്താകുമെന്ന് പൊലീസ് കരുതുന്നു. കൊലയ്ക്കു പിന്നില്‍ സദാചാര പൊലീസ് ആണോയെന്നും പൊലീസ് അന്വേഷിക്കുന്നു. ചേവായൂരില്‍ നിന്നും വെള്ളിയാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത നസീറിന്റെ കാറിന്റെ പുറത്ത് എഴുതിവച്ച അശ്ലീല ചുവയുള്ള വാക്കുകളാണ് ഇതിനു കാരണം. എന്നാല്‍ അന്വേഷണം വഴിതെറ്റിക്കാന്‍ പ്രതികള്‍ ബോധപൂര്‍വം എഴുതിയതാവാനുള്ള സാധ്യതയും പൊലീസ് കാണുന്നു.
ചേവായൂരിലെ വാടക വീട്ടില്‍ സ്ഥിരമായി ആളുണ്ടാവില്ല. ഇതറിയുന്ന ആളുകളാണ് കൊലക്കു പിന്നിലെന്നാണ് നിഗമനം. മൂര്‍ച്ചയില്ലാത്ത ആയുധംകൊണ്ട് അടിച്ചതിനാലാണ് തല പൊട്ടിയത്. രാത്രി 12.10ഓടെ ഇവിടെനിന്നും നിലവിളി കേട്ടതായും അതിനു മുമ്പ് റോഡില്‍ ഓമ്നിവാനും ആറുപേരെയും കണ്ടതായും പരിസരവാസികള്‍ പറയുന്നു. നിലവിളി കേട്ടയുടനെ ഓമ്നിവാന്‍ വേഗത്തില്‍ ഓടിച്ചുപോയതായും പരിസരവാസികള്‍ പറഞ്ഞു. ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട നസീര്‍ വെള്ളിയാഴ്ച രാത്രി ഏഴര വരെ ചെറൂട്ടിറോഡിലെ ചേംബര്‍ ഓഫീസിലുണ്ടായിരുന്നു. അവിടെ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം മാവൂര്‍ റോഡിലെത്തി. പിന്നീട് എങ്ങോട്ട് പോയെന്ന് അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. നസീര്‍ വെസ്റ്റ് കല്ലായിയില്‍ വൈദ്യുതി ഉപകരണങ്ങളുടെ ഏജന്‍സി ഷോറൂം നടത്തുന്നുണ്ട്. വയനാട് ബത്തേരിയില്‍ ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനവുമുണ്ട്. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണോ കൊലക്കു പിന്നിലെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നു. നസീറിന്റെ സമീപകാല സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. വെള്ളിയാഴ്ച രാത്രി 10.30 വരെ നസീര്‍ ചിലരുമായി ഫോണില്‍ സംസാരിച്ചതായും പൊലീസ് കണ്ടെത്തി. വാടക വീടിന്റെ വളപ്പില്‍ നിന്നാണ് നസീറിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. കൂടാതെ ഒഴിഞ്ഞ കോള കുപ്പിയും ചീര്‍പ്പും കണ്ടെടുത്തു.
ക്രമസമാധാനം തകര്‍ന്നു: വി എസ്
തിരു: സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. അരുംകൊലയും കൊള്ളയും പട്ടാപ്പകല്‍ പിടിച്ചുപറിയും ജനങ്ങളുടെ സൈ്വരജീവിതം തകര്‍ത്തു. കോഴിക്കോട്ട് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി നസീര്‍ അഹമ്മദ് വെള്ളിയാഴ്ച രാത്രി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. തിരുവല്ലയ്ക്കടുത്ത് ശനിയാഴ്ച പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്നു. കൊല്ലത്ത് മാലയും കമ്മലും മോഷ്ടിക്കുന്നതിന് വൃദ്ധയെ കൊന്നു. തിരുവനന്തപുരത്ത് ആറ്റിങ്ങലില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം കൊള്ളയടിച്ചു. പൂജപ്പുരയിലും കമലേശ്വരത്തും വെള്ളിയാഴ്ച കവര്‍ച്ച നടന്നു. കുണ്ടറയില്‍ വൃദ്ധയെ മാനഭംഗപ്പെടുത്തി മോഷണം നടത്തി.
പൊലീസിന്റെ നിഷ്ക്രിയത്വം ക്രിമിനലുകള്‍ക്ക് വളമായി. പിടിച്ചുപറിക്കാരെയും അക്രമികളെയും ഭയന്ന് വീട്ടില്‍ കിടന്നുറങ്ങാനും സൈ്വരമായി സഞ്ചരിക്കാനും പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്ത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ പറയുന്നത് കേരളത്തിലെ 20 ശതമാനം പൊലീസുകാര്‍ അഴിമതിക്കാരാണെന്നാണ്. അഴിമതിയുടെ പങ്ക് യുഡിഎഫ് നേതാക്കള്‍ക്കും ഉണ്ടെന്നുവേണം കരുതാന്‍. ക്രമസമാധാനപാലനത്തിന് പൊലീസിനെ സജ്ജമാക്കാന്‍ അടിയന്തരനടപടി കൈക്കൊള്ളണമെന്ന് വി എസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
deshabhimani 300912
Subscribe to:
Post Comments (Atom)
മൃതദേഹം റോഡരികില്‍ കൊണ്ടുതള്ളിയ നിലയില്‍ കണ്ടാണ് പാച്ചാക്കല്‍ പ്രദേശം ശനിയാഴ്ച ഉണര്‍ന്നത്. പ്രഭാതസവാരിക്ക് പോയ സ്ത്രീകളാണ് ആദ്യം കണ്ടത്. അവരുടെ ബഹളം കേട്ട് നാട് സംഭവസ്ഥലത്തേക്ക് ഒഴുകി.
ReplyDelete