Thursday, September 27, 2012

ധാതുമണല്‍ കുംഭകോണം: 40 ലക്ഷം കോടി നഷ്ടം


ഇന്ത്യ ദര്‍ശിച്ച ഏറ്റവും ഭീമന്‍ അഴിമതിയുടെ ചുരുള്‍ നിവരുന്നു. ധാതുമണല്‍ ഖനനത്തിന് അനുമതി നല്‍കിയതിന്റെ പേരില്‍ കേന്ദ്ര ഖജനാവിന് നഷ്ടം 40 ലക്ഷം കോടി രൂപ. ഇതേപ്പറ്റി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസ് വിശദമായ അന്വേഷണം തുടരുന്നു.

ടു ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതികള്‍ എന്നിവയെ പിന്നിലാക്കി കുംഭകോണങ്ങളില്‍ റിക്കാഡിട്ട ധാതുമണല്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം കേരളത്തിലേക്കും നീണ്ടു. സി എ ജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് സി ബി ഐയും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത് ദുരൂഹമായി. പ്രധാനമന്ത്രിയുടെ ഓഫീസ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനു മുന്നോടിയാണ് സി ബി ഐ അന്വേഷണമെന്ന ആരോപണവും ഉയരുന്നു.

പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ ചുമതലയിലുള്ള ആണവോര്‍ജ, ധാതുമണല്‍ ഖനന വകുപ്പുകളുടെ കീഴില്‍ നടന്ന ഈ വമ്പന്‍ അഴിമതിയെ 'മദര്‍ ഓഫ് ഓള്‍ കറപ്ഷന്‍സ്' എന്നാണ് സി എ ജി കേന്ദ്രങ്ങള്‍ വിശേഷിപ്പിക്കുന്നത്. കേരളത്തില്‍ ധാതുമണല്‍ ശേഖരിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവാദകമ്പനിയായ ആലുവയിലെ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടെയില്‍സ്, ചെന്നൈ ആസ്ഥാനമായ വെട്രിവേല്‍ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്, തമിഴ്‌നാട്ടില്‍ മണവാളക്കുറിച്ചിയിലെ ചില കമ്പനികള്‍, നാഗപ്പൂര്‍ ആസ്ഥാനമായ അഗര്‍വാള്‍ ഗ്രൂപ്പ് എന്നിവയടക്കം 62 കമ്പനികളിലേക്കാണ് സി എ ജിയുടെ അന്വേഷണം നീളുന്നത്.

കരയിലും കടലിലും ധാതുപര്യവേഷണത്തിന് അനുമതി നല്‍കിയ പ്രധാനമന്ത്രിയുടെ കീഴിലുള്ള ആണവോര്‍ജ വകുപ്പിന്റെ ഇടപാടില്‍ കേരളത്തിലെ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സും പങ്കാളിയാണ്. ഇന്ത്യയുടെ പ്രതിരോധ അണുവായുധ നിര്‍മാണത്തെപ്പോലും അട്ടിമറിക്കുന്ന ധാതുമണല്‍ ഖനന കുംഭകോണം പ്രതിരോധവകുപ്പിനെപ്പോലും ഞെട്ടിച്ചു.

അറബിക്കടലിന്റെ ആഴങ്ങളില്‍ 36 മേഖലകളിലും ബംഗാള്‍ ഉള്‍ക്കടലില്‍ 26 മേഖലകളിലും ധാതു മണല്‍ ശേഖരിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഏതാനും മാസം മുമ്പ് ആലുവായിലെയും മണവാളക്കുറിച്ചിയിലേയും ചെന്നൈയിലെ വെട്രിവേല്‍ കമ്പനിയും അഗര്‍വാള്‍ഗ്രൂപ്പും ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പ്രദേശങ്ങളില്‍ ഇരുനൂറോളം ഏക്കര്‍ കടലോര ഭൂമി വാങ്ങിക്കൂട്ടിയത് കടലിലേയും കരയിലേയും ധാതുമണല്‍ ശേഖരണത്തിനായിരുന്നുവെന്ന് സി എ ജി സംശയിക്കുന്നു. സി ബി ഐയുടെ അന്വേഷണത്തില്‍ ഈ സംശയം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ചില കേന്ദ്രമന്ത്രിമാരുമായി ബന്ധമുള്ളവയാണ് ധാതു മണല്‍ ഖനനത്തിന് കരാര്‍ലഭിച്ച കമ്പനികളില്‍ മിക്കവയും. കേന്ദ്രത്തിന്റെ അഴിമതി നിരോധന വകുപ്പിലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലും ഡപ്യൂട്ടി ഡയറക്ടറായിരുന്ന അശോക് അഗര്‍വാളിനും സഹോദരനും കുടുംബാംഗങ്ങള്‍ക്കുമാണ് അറബിക്കടല്‍-ബംഗാള്‍ ഉള്‍ക്കടല്‍ തീരത്തും കടലിലുമായി ധാതു മണല്‍ സംഭരണത്തിന് അനുമതി നല്‍കിയതെന്നും അന്വേഷണവൃത്തങ്ങള്‍ കണ്ടെത്തി. കേരളത്തില്‍ നിന്നുള്ള ഒരു കേന്ദ്രമന്ത്രിയുടെ ബന്ധുവിന് കേരളത്തിലെ തീരങ്ങളിലും കടലിലും ഖനനാനുമതി നല്‍കിയ കമ്പനികളുമായി ബന്ധമുണ്ടെന്ന വിവരവും പുറത്തുവരുന്നു.
(കെ രംഗനാഥ്)

janayugom 270912

1 comment:

  1. ഇന്ത്യ ദര്‍ശിച്ച ഏറ്റവും ഭീമന്‍ അഴിമതിയുടെ ചുരുള്‍ നിവരുന്നു. ധാതുമണല്‍ ഖനനത്തിന് അനുമതി നല്‍കിയതിന്റെ പേരില്‍ കേന്ദ്ര ഖജനാവിന് നഷ്ടം 40 ലക്ഷം കോടി രൂപ. ഇതേപ്പറ്റി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫീസ് വിശദമായ അന്വേഷണം തുടരുന്നു.

    ടു ജി സ്‌പെക്ട്രം, കല്‍ക്കരിപ്പാടം അഴിമതികള്‍ എന്നിവയെ പിന്നിലാക്കി കുംഭകോണങ്ങളില്‍ റിക്കാഡിട്ട ധാതുമണല്‍ ഇടപാടിനെക്കുറിച്ചുള്ള അന്വേഷണം കേരളത്തിലേക്കും നീണ്ടു. സി എ ജി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് സി ബി ഐയും ഇതേക്കുറിച്ച് അന്വേഷണം നടത്തുന്നത് ദുരൂഹമായി. പ്രധാനമന്ത്രിയുടെ ഓഫീസ് മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനു മുന്നോടിയാണ് സി ബി ഐ അന്വേഷണമെന്ന ആരോപണവും ഉയരുന്നു.

    ReplyDelete