Saturday, September 29, 2012

ഹൃദയാഘാതം: ഓരോ മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നു


""സ്ത്രീകള്‍ക്ക് ഹാര്‍ട്ട് അറ്റാക്കോ? അതൊക്കെ പുരുഷന്മാര്‍ക്കല്ലേ"". ഈ സ്ഥിരം പല്ലവി പറഞ്ഞ് ആശ്വസിക്കാന്‍ വരട്ടെ. ഹൃദയാഘാതംമൂലം ലോകത്ത് ഓരോ മിനിറ്റിലും ഒരു സ്ത്രീവീതം മരിക്കുന്നുണ്ടെന്നാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്ക്. 17.1 ദശലക്ഷം പേര്‍ ഹൃദയധമനീരോഗങ്ങള്‍മൂലം ഒരുവര്‍ഷം മരിക്കുന്നുണ്ട്. ഇതില്‍ 9.1 ദശലക്ഷവും സ്ത്രീകളാണ്. അര്‍ബുദം, ക്ഷയം, എയ്ഡ്സ്, മലേറിയ തുടങ്ങിയ മഹാമാരികള്‍മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ലോകത്താകെയുള്ള സ്ത്രീകളില്‍ 35 ശതമാനവും ഹൃദ്രോഗാനന്തരം മരണത്തിന് ഇരയാകുന്നു. ഹൃദ്രോഗം തടയാന്‍ സ്ത്രീകള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഫെഡറേഷന്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. 2020 ആകുന്നതോടെ സ്ത്രീകളിലെ ഹൃദ്രോഗസാധ്യത 120 ശതമാനമായി വര്‍ധിക്കുമെന്നും കണക്കുകള്‍ പറയുന്നു.

"ഒരു ലോകം ഒരു ഭവനം ഒരു ഹൃദയം" എന്നതാണ് ഇത്തവണത്തെ ലോകഹൃദയദിനത്തിന്റെ സന്ദേശം. സ്ത്രീകളിലും കുട്ടികളിലും ഉള്ള ഹൃദയസംബന്ധമായ രോഗങ്ങള്‍ തടയുകയെന്നതാണ് ദിനാചരണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. 45-50 വയസ്സുകഴിഞ്ഞ സ്ത്രീകളിലാണ് ഹൃദ്രോഗസാധ്യത പൊതുവെ കണ്ടുവരുന്നത്. ആര്‍ത്തവവിരാമത്തിനു ശേഷമാണ് ഇത്ഏറുന്നത്. ആര്‍ത്തവവിരാമത്തിനുമുമ്പ് സുലഭമായ സ്ത്രൈണ ഹോര്‍മോണുകളാണ് ഹൃദ്രോഗത്തെ തടയുന്നത്. പ്രമേഹമുള്ള പുരുഷന്മാരില്‍ ഹൃദയാഘാതത്തിന് മൂന്നുമടങ്ങ് സാധ്യതയുള്ളപ്പോള്‍ സ്ത്രീകളില്‍ ഇത് ഏഴു മടങ്ങാണ്. ഭര്‍ത്താവ് പുകവലിക്കുന്നയാളാണെങ്കില്‍ സ്ത്രീകളില്‍ ഹൃദ്രോഗസാധ്യത 15 ശതമാനമാണ്. എന്നാല്‍, സ്ത്രീകള്‍ ഹൃദയസംബന്ധമായ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും എത്താന്‍ പൊതുവെ മടി കാണിക്കുകയാണെന്ന് എറണാകുളം ലൂര്‍ദ് ആശുപത്രിയിലെ ഹൃദ്രോഗവിഭാഗം സ്ഥാപക തലവന്‍ ഡോ. ജോര്‍ജ് തയ്യില്‍ പറഞ്ഞു.

deshabhimani 290912

1 comment:

  1. ഹൃദയാഘാതംമൂലം ലോകത്ത് ഓരോ മിനിറ്റിലും ഒരു സ്ത്രീവീതം മരിക്കുന്നുണ്ടെന്നാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ കണക്ക്. 17.1 ദശലക്ഷം പേര്‍ ഹൃദയധമനീരോഗങ്ങള്‍മൂലം ഒരുവര്‍ഷം മരിക്കുന്നുണ്ട്. ഇതില്‍ 9.1 ദശലക്ഷവും സ്ത്രീകളാണ്.

    ReplyDelete