Wednesday, September 26, 2012
ജനവിരുദ്ധ പരിഷ്കാരങ്ങള്‍ക്ക് കോണ്‍ഗ്രസ് പിന്തുണ
മന്‍മോഹന്‍സിങ് സര്‍ക്കാര്‍ സ്വീകരിച്ച ജനവിരുദ്ധ നയങ്ങള്‍ക്കെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയുടെ അകമഴിഞ്ഞ പിന്തുണ. തീവ്രഉദാരവല്‍ക്കരണത്തോട് എതിര്‍പ്പ് പ്രകടിപ്പിക്കാനെത്തിയ അംഗങ്ങള്‍ സോണിയാഗാന്ധിയുടെ ആമുഖപ്രസംഗത്തോടെ പത്തിമടക്കി. ഡീസല്‍ വിലവര്‍ധന, പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കല്‍, ചില്ലറവില്‍പ്പന മേഖലയിലെ നേരിട്ടുള്ള വിദേശനിക്ഷേപം എന്നീ നടപടികളെ കോണ്‍ഗ്രസ് പൂര്‍ണമായി പിന്തുണയ്ക്കണമെന്നായിരുന്നു സോണിയയുടെ ആവശ്യം. ഇത് പ്രവര്‍ത്തകസമിതിയോഗം അംഗീകരിച്ചു.
രാജ്യത്തെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സോണിയാഗാന്ധി യോഗത്തില്‍ വിശദീകരിച്ചതായി കോണ്‍ഗ്രസ് വക്താവ് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. പ്രതിപക്ഷം പ്രതികൂല നിലപാടാണ് സ്വീകരിക്കുന്നത്. അവര്‍ കുറേക്കൂടി ക്രിയാത്മകമായ പങ്കുവഹിക്കാന്‍ തയ്യാറാകണം. തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചെങ്കിലും യുപിഎ സര്‍ക്കാരിന് ഒരു ഭീഷണിയുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.
സാമ്പത്തികനടപടികളെ ന്യായീകരിച്ച് ധനമന്ത്രി കൂടിയായ പി ചിദംബരം പ്രവര്‍ത്തകസമിതി അംഗങ്ങളോട് സംസാരിച്ചു. ധനക്കമ്മി കുറയ്ക്കാനും വിദേശനിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനുമാണ് നടപടികളെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. രൂപയുടെ വിനിമയമൂല്യം കുറഞ്ഞതും നാണയപ്പെരുപ്പം വര്‍ധിച്ചതും ഗവണ്‍മെന്റിനെ ബുദ്ധിമുട്ടിലാക്കിയിരുന്നുവെന്നും ചിദംബരം പറഞ്ഞു. ഡീസല്‍വില വര്‍ധന, പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറയ്ക്കല്‍ എന്നീ നടപടികളെടുത്തില്ലെങ്കില്‍ ദേശീയ തൊഴിലുറപ്പു പദ്ധതിയടക്കമുള്ളവയ്ക്ക് ചെലവഴിക്കാന്‍ പണമില്ലാതെ വരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ന്യായീകരണം.
സോണിയാഗാന്ധിയുടെ വസതിയില്‍ ചൊവ്വാഴ്ച രാവിലെ 8.45ന് ആരംഭിച്ച യോഗത്തില്‍ മന്ത്രിസഭാ പുനഃസംഘടന ചര്‍ച്ച ചെയ്യുമെന്നാണ് കരുതിയത്. എന്നാല്‍, പ്രധാനമന്ത്രിയും സോണിയാഗാന്ധിയും തമ്മില്‍ പുനഃസംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. രാഷ്ട്രപതിയുടെ കശ്മീര്‍ സന്ദര്‍ശനത്തിനു ശേഷമായിരിക്കും പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. തെലങ്കാന വിഷയവും പ്രവര്‍ത്തകസമിതി ചര്‍ച്ച ചെയ്തില്ലെന്ന് ജനാര്‍ദന്‍ ദ്വിവേദി പറഞ്ഞു. ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം സംബന്ധിച്ച രാജ്യവ്യാപകമായി ശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ശക്തമായ പ്രചാരണം നടത്തണമെന്ന അംഗങ്ങളുടെ ആവശ്യം യോഗം അംഗീകരിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കാന്‍ ഡല്‍ഹിയില്‍ വന്‍ റാലി സംഘടിപ്പിക്കാനും തീരുമാനിച്ചു.
(വി ജയിന്‍)
deshabhimani 260912
Labels:
കോണ്‍ഗ്രസ്
Subscribe to:
Post Comments (Atom)
No comments:
Post a Comment