Thursday, September 27, 2012
ഗ്രീസിലും സ്പെയിനിലും വീണ്ടും പ്രക്ഷോഭം
ഏതന്‍സ്/മാഡ്രിഡ്: സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തികനയങ്ങള്‍ക്കും ചെലവുചുരുക്കല്‍ നീക്കത്തിനുമെതിരെ യൂറോപ്പില്‍ വീണ്ടും ജനകീയപ്രക്ഷോഭം ശക്തമാകുന്നു. സ്പെയിനിലും ഗ്രീസിലും പതിനായിരങ്ങള്‍ അണിനിരന്ന വന്‍റാലികള്‍ നടന്നു. ഇരുരാജ്യത്തെയും സര്‍ക്കാരുകള്‍ക്ക് കടുത്ത രാഷ്ട്രീയപ്രതിസന്ധിയായി ജനകീയപ്രക്ഷോഭങ്ങള്‍. ഗ്രീസില്‍ 40 ലക്ഷത്തോളം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന രണ്ട് പ്രമുഖ തൊഴിലാളി യൂണിയനുകളുടെ ആഹ്വാനപ്രകാരം നടന്ന പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു. വിമാനസര്‍വീസുകളും ട്രെയിനുകളുമടക്കം ഗതാഗതം പൂര്‍ണമായും നിലച്ചു. കടകമ്പോളങ്ങളും സ്കൂളുകളും ഓഫീസുകളും അടഞ്ഞുകിടന്നു.
ഏതന്‍സില്‍ നടന്ന വന്‍ റാലിയില്‍ അരലക്ഷത്തിലേറെ തൊഴിലാളികള്‍ അണിനിരന്നു. സിന്റാഗ്മ ചത്വരത്തില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് പാര്‍ലമെന്റിനുമുന്നില്‍ പൊലീസ് തടഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ഗ്രീസിന് കൂടുതല്‍ സഹായം അനുവദിക്കുന്നതിന് പകരമായി കൂടുതല്‍ ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനും അന്താരാഷ്ട്ര നാണയനിധിയും നിര്‍ദേശിച്ചതാണ് ജനരോഷം വീണ്ടും തെരുവിലേക്കെത്തിച്ചത്. ഇയുവും ഐഎംഎഫും പുറത്തുപോകണമെന്നും അവരുടെ തീട്ടൂരങ്ങള്‍ക്ക് വഴങ്ങാനാകില്ലെന്നും റാലിയില്‍ പങ്കെടുത്തവര്‍ പ്രഖ്യാപിച്ചു. "ഞങ്ങളാകെ മുറിവേറ്റ് രക്തം വാര്‍ന്നൊഴുകുകയാണ്. ഇനിയും ഇത് സഹിക്കാനാകില്ല. നികുതി വര്‍ധന ഞങ്ങളെ കൊല്ലുകയാണ്. ഞങ്ങളുടെ കുട്ടികളെ ഇങ്ങനെ വളര്‍ത്താനാകില്ല"- അവര്‍ പറഞ്ഞു. "സ്പെയിനുകാര്‍ ഇന്നലെ തെരുവിലേക്കിറങ്ങി. ഇന്ന് നമ്മള്‍ ഗ്രീക്കുകാര്‍. നാളെ ഇറ്റലിക്കാരും പ്രക്ഷോഭരംഗത്തിറങ്ങും. അതുകഴിഞ്ഞ് യൂറോപ്യന്‍ ജനതയൊന്നാകെ വരും. സര്‍ക്കാരിന് ശക്തമായ താക്കീതാണ് ഈ പണിമുടക്കും പ്രക്ഷോഭവും. വീണ്ടും ജനങ്ങളെ ദുരിതത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ടാലും പാസാകില്ല. സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു"- പൊതുമേഖലാ യൂണിയന്‍ നേതാവായ യോര്‍ഗോസ് ഹരിസിസ് പറഞ്ഞു.
രാഷ്ട്രീയപ്രതിസന്ധിക്കൊടുവില്‍ കഴിഞ്ഞ ജൂണില്‍ സഖ്യകക്ഷി സര്‍ക്കാര്‍ അധികാരമേറിയശേഷം രാജ്യത്ത് നടക്കുന്ന ആദ്യ പൊതുപണിമുടക്കാണിത്. വേനല്‍ക്കാലത്തെ ചെറിയ ഇടവേളയ്ക്കുശേഷം വീണ്ടും ശക്തമായ ജനകീയപ്രക്ഷോഭം പ്രധാനമന്ത്രി അന്റോണിയോ സമരാസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് അഗ്നിപരീക്ഷയാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏതന്‍സില്‍ നടന്ന വന്‍ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ചെലവുചുരുക്കല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കിയതിനെത്തുടര്‍ന്ന് ആരംഭിച്ച പ്രക്ഷോഭം രാജ്യത്തെ കലാപത്തിലേക്ക് നയിച്ചിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മൂവായിരത്തിലേറെ പൊലീസുകാരെയാണ് ഏതന്‍സില്‍ വിന്യസിച്ചത്. പാര്‍ലമെന്റിനുമുന്നില്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്തു. സ്പെയിനില്‍ പാര്‍ലമെന്റിനു ചുറ്റും മനുഷ്യച്ചങ്ങല തീര്‍ത്ത പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 28 പ്രക്ഷോഭകരെ പൊലീസ് അറസ്റ്റുചെയ്തു. സംഘര്‍ഷത്തില്‍ 64 പേര്‍ക്ക് പരിക്കേറ്റു. സാമ്പത്തിക രക്ഷാപദ്ധതിക്ക് യൂറോപ്യന്‍ യൂണിയനെ സമീപിക്കാനൊരുങ്ങുന്ന പ്രധാനമന്ത്രി മരിയാനോ രജോയിക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതാണ് പ്രക്ഷോഭം. ഇയുവിന്റെ സഹായം ഉടന്‍ അഭ്യര്‍ഥിക്കണമെന്ന ആഭ്യന്തര ബാങ്കുകളുടെയും ഫ്രാന്‍സ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെയും നിര്‍ദേശം രജോയ് ഇതുവരെ വച്ചുതാമസിപ്പിക്കുകയായിരുന്നു. കൂടുതല്‍ കര്‍ക്കശമായ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 2013ലെ ബജറ്റ് വ്യാഴാഴ്ച അവതരിപ്പിക്കാനിരിക്കേയാണ് രാജ്യം വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്.
deshabhimani 270912
Labels:
പോരാട്ടം
Subscribe to:
Post Comments (Atom)
സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തികനയങ്ങള്‍ക്കും ചെലവുചുരുക്കല്‍ നീക്കത്തിനുമെതിരെ യൂറോപ്പില്‍ വീണ്ടും ജനകീയപ്രക്ഷോഭം ശക്തമാകുന്നു. സ്പെയിനിലും ഗ്രീസിലും പതിനായിരങ്ങള്‍ അണിനിരന്ന വന്‍റാലികള്‍ നടന്നു. ഇരുരാജ്യത്തെയും സര്‍ക്കാരുകള്‍ക്ക് കടുത്ത രാഷ്ട്രീയപ്രതിസന്ധിയായി ജനകീയപ്രക്ഷോഭങ്ങള്‍. ഗ്രീസില്‍ 40 ലക്ഷത്തോളം തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന രണ്ട് പ്രമുഖ തൊഴിലാളി യൂണിയനുകളുടെ ആഹ്വാനപ്രകാരം നടന്ന പണിമുടക്കില്‍ രാജ്യം സ്തംഭിച്ചു. വിമാനസര്‍വീസുകളും ട്രെയിനുകളുമടക്കം ഗതാഗതം പൂര്‍ണമായും നിലച്ചു. കടകമ്പോളങ്ങളും സ്കൂളുകളും ഓഫീസുകളും അടഞ്ഞുകിടന്നു.
ReplyDelete