Thursday, September 27, 2012

കാര്‍ഷികമേഖലയിലും വൈദ്യുതി സബ്സിഡി നിര്‍ത്തും


കാര്‍ഷിക മേഖലയിലും കൃഷിക്കായി കനാലുകളില്‍നിന്ന് ജലസേചന സൗകര്യം ഒരുക്കുന്നതിനുമുള്ള വൈദ്യുതിയുടെ സബ്സിഡി നിര്‍ത്താന്‍ കേന്ദ്രനീക്കം. അതോടൊപ്പം പാട്ടഭൂമി ഇടപാട് വ്യാപകമാക്കി വന്‍കിടക്കാര്‍ക്ക് വലിയതോതില്‍ ഭൂമി കൈവശം വയ്ക്കാന്‍ അവസരമൊരുക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. സി രംഗരാജന്‍ ചെയര്‍മാനായ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് കാര്‍ഷികമേഖലയില്‍ സബ്സിഡി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നെല്‍കൃഷി ആവശ്യമില്ലെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്ക്സിങ് അലുവാലിയയുടെ പ്രസ്താവനയ്ക്ക് തൊട്ടുപുറകെയാണ് കാര്‍ഷികമേഖലയ്ക്ക് ആഘാതമാകുന്ന പുതിയ നീക്കം. കാര്‍ഷികമേഖലയില്‍ പരിഷ്കാരമെത്തുന്നത് സാവധാനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നിര്‍ദേശങ്ങള്‍. മറ്റ് മേഖലകളേക്കാള്‍ പരിഷ്കാരങ്ങളുടെ നേട്ടം കാര്‍ഷികരംഗത്താണ് ഉണ്ടായിരിക്കുന്നതെന്നും കൗണ്‍സില്‍ വിലയിരുത്തുന്നു. പാട്ടകൃഷി വ്യാപകമാക്കണമെന്നും ഭൂമി പാട്ടത്തിന് നല്‍കാനുള്ള നിയന്ത്രണം മാറ്റണമെന്നും പാട്ടവിപണിക്ക് അവസരം നല്‍കണമെന്നും നിര്‍ദേശത്തിലുണ്ട്. ഇത് വന്‍കിടക്കാര്‍ ഭൂമി ഒന്നാകെ കൈവശം വയ്ക്കാന്‍ ഇടയാക്കും.

രാജ്യത്തെ കാര്‍ഷികമേഖലയില്‍ 15 മുതല്‍ 30 ശതമാനംവരെ ഭൂമി പാട്ടത്തിനെടുത്തതാണ്. കാര്‍ഷികോല്‍പ്പന്ന വിപണനത്തിലെ നിയന്ത്രണങ്ങളും ഉപേക്ഷിക്കണം. നേരിട്ടുള്ള വിപണനം അനുവദിക്കണം. ഉല്‍പ്പന്നങ്ങളുടെ കരാര്‍ കൃഷി തുടങ്ങണമെന്ന് നിര്‍ദേശമുണ്ടെങ്കിലും വിശദാംശമില്ല. കാര്‍ഷിക സബ്സിഡി നല്‍കുന്നത് ബാധ്യതയാണെന്നും പ്രധാനമന്ത്രിയുടെ ഉപദേശക കൗണ്‍സില്‍ പറയുന്നു. രാസവള, വൈദ്യുതി, ജലസേചന മേഖലകളിലെ മൂന്ന് കാര്യങ്ങള്‍ ഉന്നയിച്ചാണ് സബ്സിഡി നിര്‍ത്താനുള്ള ശുപാര്‍ശ. രാസവള സബ്സിഡി നിര്‍ത്തലാണ് ആദ്യം. വൈദ്യുതി മേഖലയിലെ പരിഷ്കാരശേഷം ഊര്‍ജ സബ്സിഡിയും അവസാനിപ്പിക്കണം. കൃഷിക്കാര്‍ സബ്സിഡികള്‍ക്ക് വശപ്പെട്ടിരിക്കയാണെന്നും ഇതില്ലാതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് സാമ്പത്തിക ഉപദേശക സമിതി ശുപാര്‍ശ.
(ഇ എസ് സുഭാഷ്)

deshabhimani 270912

1 comment:

  1. കാര്‍ഷിക മേഖലയിലും കൃഷിക്കായി കനാലുകളില്‍നിന്ന് ജലസേചന സൗകര്യം ഒരുക്കുന്നതിനുമുള്ള വൈദ്യുതിയുടെ സബ്സിഡി നിര്‍ത്താന്‍ കേന്ദ്രനീക്കം. അതോടൊപ്പം പാട്ടഭൂമി ഇടപാട് വ്യാപകമാക്കി വന്‍കിടക്കാര്‍ക്ക് വലിയതോതില്‍ ഭൂമി കൈവശം വയ്ക്കാന്‍ അവസരമൊരുക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നു. സി രംഗരാജന്‍ ചെയര്‍മാനായ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് കാര്‍ഷികമേഖലയില്‍ സബ്സിഡി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ നെല്‍കൃഷി ആവശ്യമില്ലെന്ന് ആസൂത്രണകമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്ക്സിങ് അലുവാലിയയുടെ പ്രസ്താവനയ്ക്ക് തൊട്ടുപുറകെയാണ് കാര്‍ഷികമേഖലയ്ക്ക് ആഘാതമാകുന്ന പുതിയ നീക്കം.

    ReplyDelete