Sunday, September 30, 2012
ഒലക്കബീണ് ശത്ത കോയീന്റെ ശാറുകൂട്ടാല്ലോ, പിന്നെ കസണോം കൂട്ടാല്ലോ...!
കഥാപ്രസംഗ ചക്രവര്‍ത്തി വി സാംബശിവന്‍ കഥ പറയുന്നതിനിടയില്‍ എപ്പോഴും കാപട്യങ്ങളെ കടിച്ചുകീറി പരിഹസിക്കുമായിരുന്നു. ഒരിക്കല്‍ ഒരു കുഞ്ഞബ്ദുള്ളക്കുട്ടിയുടെ വീട്ടിലെ തടിയനൊരു പൂവന്‍കോഴി നെല്ലുകുത്തുന്ന ഉരല്‍പ്പുരയില്‍ ഇരതേടുകയായിരുന്നു. മുകളില്‍ ഉലക്കകള്‍ കെട്ടിത്തൂക്കിയിട്ടിരുന്നു. കയറുപൊട്ടി ഉലക്ക കുക്കുടന്റെ മേല്‍ വീണു. തല്‍ക്ഷണം മരണം.
കോഴിയുടെ മരണവിളികേട്ട് കുഞ്ഞബ്ദുള്ള സംഭവസ്ഥലത്തേക്ക് പാഞ്ഞു. പെരുന്നാളിനു കറിവയ്ക്കാന്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന പൂവന്‍ ചോരയില്‍ കുളിച്ച് ഉലക്കകള്‍ക്കിടയില്‍. 'ന്റെ റബ്ബേ, ന്റെ പെരുന്നാള്‍ കോഴീ.... അയാള്‍ അലറി വിളിച്ചു. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളാകാമെന്ന് പ്രിയതമ ആമിന. ഹലാല്‍ ചിക്കന്‍ അല്ലല്ലോ, ഉലക്ക വീണ ചത്ത കോയീന്റെ ഇറച്ചി ഹറാമല്ലേ എന്നായിരുന്നു ആ പാവത്തിന്റെ ചിന്ത.
പക്ഷേ കുഞ്ഞബ്ദുള്ളയുണ്ടോ വിടുന്നു. ഹറാമിനെ ഹലാലാക്കാന്‍ ബയിയൊണ്ടാമിനാ എന്നായി ആമിനയുടെ ആ ബീഡര്! ചത്തകോഴിയെ വാരിയെടുത്ത് നുറുക്കി കഷണങ്ങളാക്കി. എന്നിട്ട് ഭാര്യയോട് ഒരുപദേശം. നീയിത് കറിബെയ്ക്ക്. ചോറും പൂവന്‍കറിയും മുമ്പിലെത്തി. ചാറൊഴിച്ചു കുഴച്ചു കുറെ ചോറുണ്ടു. ചാറുഹറാമല്ല ഹലാലെന്നായി കുഞ്ഞബ്ദുള്ള. പാവം ആമിനയതു വിശ്വസിച്ചു. കുറെ കഴിഞ്ഞപ്പോള്‍ ബീടരുടെ കൈ കഷണത്തിലേക്കും പിന്നെ വായിലേക്കും നീളുന്നു. അന്ധാളിച്ചു നില്‍ക്കുന്ന ആമിനയെന്ന ദീനിപ്പെണ്ണ്. ആദ്യത്തെ കഷണം അകത്താക്കിയശേഷം മാപ്പിളപ്പാട്ടുപോലെ കുഞ്ഞബ്ദുള്ള പാടി. ''ഒലക്ക ബീണ് ശത്തകോയീന്റെ ശാറു കൂട്ടാല്ലോ, പിന്നെ കസണോം കൂട്ടാല്ലോ....!''
മുസ്ലിംലീഗ് സംസ്ഥാന നിര്‍വഹണസമിതിയുടെ മദ്യനിരോധനം സംബന്ധിച്ച തീരുമാനം കേട്ടപ്പോഴാണ് കുഞ്ഞബ്ദുള്ളക്കുട്ടിയുടെ വിശ്വാസകാപട്യത്തെക്കുറിച്ചുള്ള സാംബശിവന്റെ കഥയും പാട്ടും ഓര്‍ത്തുപോയത്. കേരളം പൂര്‍ണമായ മദ്യനിരോധനത്തിലേക്ക് നീങ്ങണം എന്നായിരുന്നു ലീഗ് നിര്‍വാഹകസമിതിയുടെ നിര്‍ദ്ദേശം. ഇതിന്റെ ഭാഗമായി കള്ളുചെത്തും വില്‍പനയും ഘട്ടം ഘട്ടമായി നിരോധിക്കണം. ബാറുകളുടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിന് ലീഗിന്റെ സുസ്വാഗതം. മുസ്ലിംലീഗ് കൂടി നയിക്കുന്ന (അതോ നിയന്ത്രിക്കുന്നതോ!) സര്‍ക്കാര്‍ വക ബിവറേജസ് കോര്‍പ്പറേഷന്റെ നൂറുകണക്കിന് ചില്ലറവില്‍പന ശാലകള്‍ നിര്‍ത്തുന്നതില്‍ ലീഗിനു മൗനം.
അവിടെയാണ് കള്ള് ഹറാം, ബ്രാണ്ടിഹലാല്‍ എന്നാണോ മുസ്ലിംലീഗിന്റെ മദ്യനയം എന്ന സംശയം ഉയരുന്നത്. എന്‍ഡോസള്‍ഫാനിലുമുണ്ടോ ഹറാമും ഹലാലും? ചിന്തകള്‍ അങ്ങിനെ നീണ്ടപ്പോഴാണ് കഥാപ്രസംഗ സാമ്രാട്ട് സാംബശിവനേയും കഥയിലെ കുഞ്ഞബ്ദുള്ളക്കുട്ടിയേയും ശത്തകോയിയേയും പാട്ടും ഓര്‍ത്തുപോയത്. കുഞ്ഞബ്ദുള്ളയുടേത് ഒരു ദരിദ്ര്യ മുസ്ലിമിന്റെ നിഷ്‌കളങ്കമായ ആര്‍ത്തീഭാവമാകാം. അതുപോലെയാണ് മതനിഷ്ഠകളെക്കുറിച്ച് അവഗാഹമുള്ളവര്‍ പങ്കെടുത്ത മുസ്ലിംലീഗ് നേതൃയോഗത്തിന്റെ പപ്പാതി മനസ്സുള്ള ഈ തീരുമാനം. ആര്‍ജ്ജവമുണ്ടെങ്കില്‍ ആദ്യം നിര്‍ത്തലാക്കാന്‍ പറയേണ്ടതു സര്‍ക്കാര്‍ വക മദ്യവില്‍പന ശാലകളെയല്ലേ?
കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌സിംഗ് അലുവാലിയ എമര്‍ജിംഗ് കേരളയില്‍ താണിറങ്ങി കേരളത്തിലെ കാര്‍ഷികസംസ്‌കാരം തകര്‍ത്തെറിയണമെന്ന ഉപദേശം നല്‍കിയതോടെ അദ്ദേഹത്തിന് ഒരു പേരു വീണു. മണ്ടന്‍സിംഗ് അലുബിലീസിയ! കേരളത്തില്‍ വരുന്നതിന് മുമ്പുതന്നെ അദ്ദേഹം ആനമണ്ടത്തരങ്ങള്‍ എഴുന്നെള്ളിക്കുക മാത്രമല്ല അടിച്ചേല്‍പ്പിക്കുകകൂടി ചെയ്തിട്ടുള്ള കാര്യം മറക്കേണ്ട.
ദാരിദ്ര്യരേഖാ നിര്‍ണയം എന്ന പടം വരച്ചുകളിച്ചാണ് ഈ മണ്ടന്‍സിംഗ് തന്റെ ബുദ്ധിപരത വിളംബരം ചെയ്തത്. ഇന്ത്യയിലെ ദരിദ്രനാരായണന്മാരെ നിശ്ചയിക്കുന്ന ബി പി എല്‍ രേഖ തയ്യാറാക്കിയതും ഈ സര്‍ദാര്‍ജി തന്നെയാണ്. ഇതനുസരിച്ച് ദരിദ്രരാകണമെങ്കില്‍ ഗ്രാമങ്ങളിലുള്ളവര്‍ പ്രതിദിനം 26 രൂപയ്ക്കു താഴെവരുന്ന തുകകൊണ്ട് ജീവിക്കുന്നവരായിരിക്കണം. നഗരദരിദ്രരാകണമെങ്കില്‍ ആ തുക 35 രൂപ. ധാന്യങ്ങള്‍ക്ക് പ്രതിദിനം 5.5 രൂപ, പയറുവര്‍ഗ്ഗങ്ങള്‍ 1.02 രൂപ, പാല്‍ 2.33 രൂപ, ഭക്ഷ്യഎണ്ണ 1.55 രൂപ, പച്ചക്കറികള്‍ 1.95 രൂപ എന്നിങ്ങനെയായിരിക്കണം ഇന്ത്യന്‍ ദരിദ്രരുടെ ഡയറ്റ് എന്നും മൊണ്ടേക്‌സിംഗ് വിധിച്ചു.
ഈ മണ്ടന്‍സിംഗ് തന്നെയാണ് തന്റെ പ്ലാനിംഗ് കമ്മിഷന്‍ ഓഫീസില്‍ 65 ലക്ഷം രൂപ ചെലവഴിച്ച് ഒരു കക്കൂസ് പണിത് 'പഞ്ചനക്ഷത്ര കക്കൂസ് ഉടമ' എന്ന പരമോന്നത ബഹുമതി അടിച്ചെടുത്തത്. മണ്ടന്‍സിംഗിന് ഇത്രയാകാമെങ്കില്‍ അദ്ദേഹത്തിന്റെ ബോസ് പ്രധാനമന്ത്രി 'മൗനിസിംഗ്' കുറയ്ക്കുന്നതെങ്ങിനെ! തന്റെ ആടിയുലയുന്ന മന്ത്രിസഭയുടെ വാര്‍ഷികം പ്രമാണിച്ച് അദ്ദേഹം 375 വി വി ഐ പി കള്‍ക്കും വി ഐ പികള്‍ക്കും നല്‍കിയ അത്താഴ വിരുന്നിന് ചെലവാക്കിയത് ഖജനാവിലെ 29 ലക്ഷം രൂപ! ഓരോരുത്തര്‍ക്കും വിളമ്പിയ വിഭവങ്ങള്‍ക്ക് പ്ലേറ്റ് ഒന്നിന് ചെലവ് 7721 രൂപ! ധനമന്ത്രി ചിദംബരം ചെട്ടിയാരുടെ നാട്ടിലെ ചെട്ടിനാട് ചിക്കന്‍, മട്ടന്‍, മലബാറി ഫിഷ്, കൊഞ്ച് അതെല്ലാം ദല്‍ഹി ദര്‍ബാറിലെ വമ്പന്മാര്‍ക്ക് സ്ഥിരമായി തിരുതയും കരിമീനും കൊഞ്ചും നല്‍കി മന്ത്രിസ്ഥാനം നിലനിര്‍ത്തുന്ന കെ വി തോമസ് വക ഐറ്റങ്ങളാണെന്ന ശ്രുതിയുണ്ട്.
പതിനഞ്ചുതരം ബ്രഡും പൊറോട്ടയും വെജിറ്റേറിയന്‍ വിഭവങ്ങള്‍ പത്തൊന്‍പത്, എണ്ണമില്ലാത്ത പഴവര്‍ഗ്ഗങ്ങള്‍, പൊരിച്ച ആല്‍മണ്ടും കശുവണ്ടിയുമടക്കം നാല്പതോളം സ്‌നാക്‌സ് വിഭവങ്ങള്‍, കരിക്കിന്‍ വെള്ളം സഹിതം പത്തിനം പാനീയങ്ങള്‍ എന്നിവയാണ് വിളമ്പിയതെന്ന വിവരവും വിവരാവകാശ നിയമമനുസരിച്ച് പുറത്തുവന്നു. 26 രൂപ കൊണ്ട് ഒരു ദരിദ്രനാരായണന്‍ ഒരു ദിവസം തള്ളിനീക്കിക്കൊള്ളണമെന്നു കല്‍പിച്ചവര്‍ തിന്നുമുടിച്ച് ഏമ്പക്കം വിട്ടതോടെ ദരിദ്ര ഇന്ത്യയുടെ വിശപ്പും ശമിച്ചുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരിയുടെ ഭാഷ്യം! എങ്ങനെയുണ്ട് കോണ്‍ഗ്രസിന്റെ വാക്കും പോക്കും.
ഇതൊക്കെയാണെങ്കിലും കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന ഖ്യാതിയും ഇരട്ടപ്പേരും ഇല്ലാതാകാന്‍ പോകുന്നു. എമര്‍ജിംഗ് കേരളയിലും പിന്നാലെ ഇന്നലെ സമാപിച്ച കേരള ട്രാവല്‍മാര്‍ട്ടിലും എത്രായിരം ഉണ്ണാമന്‍മാരാണ് സര്‍ക്കാര്‍ ചെലവില്‍ ഉണ്ടുറങ്ങി മടങ്ങിയത്! അവര്‍ തന്നെ മലയാളക്കരയ്ക്ക് ഒരു നാമകരണവും നടത്തി താങ്ക്‌സ് പറഞ്ഞാണ് പിരിഞ്ഞത്. ഇനി കേരളത്തിന് അവരിട്ടപേര് 'സദ്യയുണ്ണികളുടെ സ്വന്തം നാട്! ജോറായില്ലേ!
janayugom 011012
Labels:
കോണ്‍ഗ്രസ്,
മുസ്ലീം ലീഗ്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
പ്രധാനമന്ത്രി 'മൗനിസിംഗ്' കുറയ്ക്കുന്നതെങ്ങിനെ! തന്റെ ആടിയുലയുന്ന മന്ത്രിസഭയുടെ വാര്‍ഷികം പ്രമാണിച്ച് അദ്ദേഹം 375 വി വി ഐ പി കള്‍ക്കും വി ഐ പികള്‍ക്കും നല്‍കിയ അത്താഴ വിരുന്നിന് ചെലവാക്കിയത് ഖജനാവിലെ 29 ലക്ഷം രൂപ! ഓരോരുത്തര്‍ക്കും വിളമ്പിയ വിഭവങ്ങള്‍ക്ക് പ്ലേറ്റ് ഒന്നിന് ചെലവ് 7721 രൂപ! ..........26 രൂപ കൊണ്ട് ഒരു ദരിദ്രനാരായണന്‍ ഒരു ദിവസം തള്ളിനീക്കിക്കൊള്ളണമെന്നു കല്‍പിച്ചവര്‍ തിന്നുമുടിച്ച് ഏമ്പക്കം വിട്ടതോടെ ദരിദ്ര ഇന്ത്യയുടെ വിശപ്പും ശമിച്ചുവെന്നാണ് കോണ്‍ഗ്രസ് വക്താവ് രേണുകാ ചൗധരിയുടെ ഭാഷ്യം! എങ്ങനെയുണ്ട് കോണ്‍ഗ്രസിന്റെ വാക്കും പോക്കും.
ReplyDelete