മുണ്ടൂരിലെ സംഘടനാപ്രശ്നവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വീണ്ടും കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്ന മുണ്ടൂരിലെ പാര്‍ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനങ്ങള്‍ വിശദീകരിച്ചു. ആരില്‍ നിന്നും പ്രതിഷേധമോ ബഹിഷ്കരണമോ ഉണ്ടായിട്ടില്ല. ബുധനാഴ്ച വൈകിട്ട് ചേര്‍ന്ന യോഗത്തില്‍ മുണ്ടൂരിലെ ബഹുഭൂരിപക്ഷം പാര്‍ടിഅംഗങ്ങളും പങ്കെടുത്തു. കോടിയേരിയുടെ വിശദീകരണം മുഴുവന്‍സമയവും കേട്ടശേഷമാണ് എല്ലാവരും പിരിഞ്ഞത്. തുടര്‍ന്ന്, കോടിയേരിയും മറ്റു നേതാക്കളും പുറത്തിറങ്ങി. അപ്പോഴും അവിടെ ഒരു പ്രശ്നവുമുണ്ടായില്ല. എന്നാല്‍, ചില ചാനലുകള്‍ യോഗം തടസ്സപ്പെട്ടുവെന്നും പോളിറ്റ് ബ്യൂറോ അംഗത്തിനുനേരെ പ്രതിഷേധമുണ്ടായെന്നും വാര്‍ത്ത നല്‍കി. പാര്‍ടിപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇവര്‍ഇല്ലാത്ത കാര്യം പ്രചരിപ്പിക്കുകയായിരുന്നു. എവിടെനിന്നാണ് മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്ത ലഭിച്ചത്. സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം വാര്‍ത്തയാക്കുന്നത് ശരിയല്ല.
കഴിഞ്ഞ നാളുകളില്‍ ചില പത്രങ്ങള്‍ പാര്‍ടി സെക്രട്ടറിയറ്റിന്റെ തീരുമാനം ദുര്‍വ്യാഖ്യാനം ചെയ്ത് പ്രസിദ്ധീകരിച്ചു. അതിനു വ്യക്തമായ ചില ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നു. മുണ്ടൂര്‍ ഏരിയാ കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ജില്ലാ സെക്രട്ടറിയറ്റംഗം പി കെ സുധാകരനു പകരം പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ സെക്രട്ടറിയറ്റ് തീരുമാനിച്ചുവെന്നാണ് ഭാവനയില്‍നിന്ന് പത്രം വാര്‍ത്ത നല്‍കിയത്. കമീഷന്റെ ഭാഗമായി വരേണ്ട കര്യങ്ങള്‍ കമീഷന്‍ വരുന്നതിനുമുമ്പേ പാര്‍ടി തീരുമാനിച്ചുവെന്ന തെറ്റായ വാര്‍ത്തയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. പാര്‍ടിഅംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അത് ചെയ്തത്. തല്‍ഫലമായി, പത്രങ്ങളില്‍ വന്നതുപോലെ പാര്‍ടിതീരുമാനം നടപ്പാക്കത്തതെന്തെന്ന ആശങ്ക ചിലര്‍ യോഗത്തിനു ശേഷം പങ്കുവെച്ചു. പത്രത്തില്‍ വന്നത് പാര്‍ടിതീരുമാനമെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആശങ്ക ഉയര്‍ന്നത്. പി എ ഗോകുല്‍ദാസ് നല്‍കിയ അപ്പീല്‍ പെറ്റിഷന്‍ സംസ്ഥാനസെക്രട്ടറിയറ്റ് പരിഗണിച്ചശേഷം സെക്രട്ടറിയറ്റംഗം എളമരം കരീമിനെ കമീഷനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുണ്ടൂരിലെ പാര്‍ടി അംഗങ്ങള്‍ക്ക് പറയാനുള്ളതുകൂടി കേട്ട് ഒരുമാസത്തിനകം റിപ്പോര്‍ട്ടു നല്‍കാനാണ് തീരുമാനിച്ചത്. ഇക്കാര്യങ്ങളാണ് പ്രവര്‍ത്തകര്‍ക്കുമുന്നില്‍ കോടിയേരി വിശദീകരിച്ചത്. എല്ലാവരും ക്ഷമയോടെ കേട്ടു. അതിനിടയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയാണെന്നു ധരിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ചു. ഇതല്ലാതെ ബഹിഷ്കരണമോ പ്രതിഷേധമോ ഉണ്ടായിട്ടില്ല. മുണ്ടൂരിലെ പാര്‍ടിഅംഗങ്ങളെ, ഇല്ലാത്ത കാര്യം പ്രചരിപ്പിച്ച് ബോധപൂര്‍വം അപമാനിക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അതിനുപിന്നില്‍ പാര്‍ടി നേരെ ചൊവ്വെ പോകുന്നത് ഇഷ്ടമില്ലാത്ത ചിലരുണ്ട്. അവര്‍ പാര്‍ടിപ്രവര്‍ത്തകരെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നത്. മുണ്ടൂരിലെ പാര്‍ടിപ്രവര്‍ത്തകര്‍ അതിന് വശംവദരാകില്ല- ബാലന്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ നാരായണദാസ്, എം ഹംസ എംഎല്‍എ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മുണ്ടൂരില്‍ പിബി അംഗത്തെ തടഞ്ഞുവെന്നത് മാധ്യമസൃഷ്ടി: കോടിയേരി
പാട്യം (കുത്തുപറമ്പ്): മുണ്ടൂരില്‍ പാര്‍ടി തീരുമാനം എല്ലാവരും അംഗീകരിക്കുകയാണ് ചെയ്തതെന്നും പിബി അംഗത്തെ തടഞ്ഞുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്നും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് പോലുള്ള ഒരു സംഭവവും മുണ്ടൂരില്‍ ഉണ്ടായിട്ടില്ല. പാര്‍ടി സംസ്ഥാനകമ്മിറ്റി തീരുമാനങ്ങള്‍ അവിടെ റിപ്പോര്‍ട്ട്ചെയ്യുകയാണ് ചെയ്തത്. പാട്യം കൊട്ടയോടിയില്‍ പാട്യം ഗോപാലന്‍ ചരമദിനാചരണത്തോടനുബന്ധിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി. പാലക്കാട് ടൗണ്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 1400ഓളം പാര്‍ടി മെമ്പര്‍മാര്‍ പങ്കെടുത്തിരുന്നു. ഒന്നരമണിക്കൂര്‍ അവിടെ സംസാരിച്ചു. സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദതയോടെയാണ് പാര്‍ടി തീരുമാനം എല്ലാവരും കേട്ടത്. ഒരു വിധത്തിലുള്ള അപശബ്ദവുമുണ്ടായിട്ടില്ല. പാര്‍ടി തീരുമാനം എല്ലാവരും കൈയടിച്ച് അംഗീകരിച്ചു. ആരും ചോദ്യംചെയ്യുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ല. പുറത്തിറങ്ങിയപ്പോള്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്റെ വാഹനത്തിനടുത്തു വന്ന് "ഇങ്ങനെയല്ലല്ലോ പത്രങ്ങളില്‍ കണ്ടതെ"ന്ന് ഒരാള്‍ ചോദിച്ചതല്ലാതെ ആരെയും തടഞ്ഞിട്ടില്ല. മുണ്ടൂരില്‍ സംഘടനാപ്രശ്നങ്ങളെ തുടര്‍ന്ന് അച്ചടക്ക നടപടിയെടുത്തിരുന്നു. പി എ ഗോകുല്‍ദാസ് സംസ്ഥാനകമ്മിറ്റിക്ക് അപ്പീല്‍ നല്‍കി. അപ്പീല്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ സംസ്ഥാനസെക്രട്ടറിയറ്റ് തീരുമാനിക്കുകയും ചെയ്തു. മുണ്ടൂരിലെ പ്രശ്നം പാര്‍ടി സംഘടനാരീതിയനുസരിച്ച് പരിഹരിക്കും. പാര്‍ടിക്കുവിധേയമായി പ്രവര്‍ത്തിക്കുകയെന്ന കാഴ്ചപ്പാടിലാണ് അവിടെ എല്ലാവരും. പാര്‍ടിയെ സ്നേഹിക്കുന്നവരില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇത്തരമൊരു കഥയുണ്ടാക്കിയത്. പ്രശ്നങ്ങള്‍ തീരാത്ത പാര്‍ടിയാണ് സിപിഐ എമ്മെന്ന് വരുത്താനാണ് ശ്രമം. ഇതിനായി ചില കുബുദ്ധികള്‍ മെനഞ്ഞ കഥയാണ് പിബി അംഗത്തെ തടഞ്ഞുവെന്നതുള്‍പ്പെടെയുള്ള വാര്‍ത്ത. ഇത്തരം പ്രചാരണങ്ങളില്‍ ആരും കുടുങ്ങിപ്പോവരുതെന്ന് കോടിയേരി പറഞ്ഞു.
deshabhimani 270912/280912
ReplyDeleteമുണ്ടൂരിലെ സംഘടനാപ്രശ്നവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വീണ്ടും കള്ളക്കഥ പ്രചരിപ്പിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എ കെ ബാലന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.