Sunday, September 30, 2012
കിറ്റെക്സ്: മുഖ്യമന്ത്രിയെ കണ്ടിട്ടും ഫലമുണ്ടായില്ല;
"പ്രതികാരനടപടികളും ആരോപണവും സഹിക്കാവുന്നതിനപ്പുറം"
കിറ്റെക്സിനെതിരായ തുടര്‍ച്ചയായ ആക്രമണവും ആരോപണവും പ്രതികാരനടപടികളും സഹിക്കാവുന്നതിനപ്പുറമായതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എംഡി സാബു എം ജേക്കബ് പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടി താന്‍ ഒരു തവണയും കമ്പനി പിആര്‍ഒ പലവട്ടവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ മാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചിട്ടും നടപടിയെടുക്കാനോ പ്രതികരിക്കാനോ അദ്ദേഹം തയ്യാറായില്ല. വ്യവസായമന്ത്രിയും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും "ദേശാഭിമാനി"ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാബു വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ശ്രീലങ്ക, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ തുടര്‍നിക്ഷേപത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുപോലും ക്ഷണം ലഭിച്ചിട്ടും കേരളത്തില്‍ത്തന്നെ വ്യവസായം ആരംഭിച്ചത് നാട് വളരണം, നാട്ടുകാര്‍ക്ക് ജോലി ലഭിക്കണം എന്ന ചിന്തയിലാണ്. എന്നാല്‍ കമ്പനിയെ എങ്ങനെയും നശിപ്പിച്ചേ അടങ്ങു എന്ന വാശിയിലാണ് ചിലര്‍. കമ്പനിക്ക് പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചവര്‍ക്കെതിരെ നടപടിയുണ്ടായാലേ കേരളത്തില്‍ തുടര്‍നിക്ഷേപത്തെക്കുറിച്ച് ആലോചിക്കു. കോണ്‍ഗ്രസ് എ വിഭാഗം നേതാവും എംഎല്‍എയുമായ ബെന്നി ബെഹ്നാന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി കമ്പനിക്കെതിരായ ചരടുവലി നടക്കുന്നു. ഇതിന് അറുതി വേണം. വ്യവസായസംരക്ഷണത്തിന് ശക്തമായ നിലപാട് കൈക്കൊള്ളുമെന്ന് വ്യവസായസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ഗ്രൂപ്പ് സ്ഥാപനമായ അന്ന അലൂമിനിയം കമ്പനിയില്‍ 1978ല്‍ യൂണിയന്‍ രൂപീകരിക്കാന്‍ ബെന്നി ബെഹ്നാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. അന്നുമുതല്‍ കമ്പനിയെ തകര്‍ക്കാന്‍ വൈരാഗ്യബുദ്ധിയോടെയാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തെയും കൂട്ടുപിടിച്ച് കമ്പനിക്കെതിരായ ദുരാരോപണങ്ങളാണ് ഉന്നയിക്കുന്നത്. ജലം ഊറ്റുന്നതായും മലിനീകരണം നടത്തുന്നതായുമാണ് പുതിയ ആരോപണം. എന്നാല്‍, കമ്പനി ഉപയോഗിക്കുന്ന ജലം 99 ശതമാനവും ശുദ്ധീകരിച്ചാണ് പുറംതള്ളുന്നത്. ഇത് കൃഷിക്കും മറ്റും ഉപയോഗിക്കുന്നുമുണ്ട്. മാലിന്യ സംസ്കരണത്തിന്റെ കാര്യത്തില്‍ രാജ്യാന്തര നിലവാരമാണ് കിറ്റെക്സിനുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരവും കമ്പനിക്കുണ്ട്. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെ കമ്പനിയെ തകര്‍ക്കുന്ന സമീപനമാണ് ചിലര്‍ കൈക്കൊള്ളുന്നത്.
അന്ന ഗ്രൂപ്പ് സ്ഥാപകനും തന്റെ പിതാവുമായ എം സി ജേക്കബിനെ "97ല്‍ ചിലര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ കേസില്‍ പ്രതിയായിരുന്നയാള്‍ നിലവില്‍ കിഴക്കമ്പലം പഞ്ചായത്ത് ഭരണസമിതി ഭാരവാഹിയാണ്. ഇവരുടെ നേതൃത്വത്തിലാണ് കമ്പനിയുടെ പഞ്ചായത്ത് ലൈസന്‍സ് തടഞ്ഞുവച്ചിരിക്കുന്നത്. പഞ്ചായത്തില്‍ യുഡിഎഫ് ഭരണത്തിലേറിയ 2001മുതല്‍ അഞ്ചുവര്‍ഷവും ഇപ്പോള്‍ 2011മുതലും കമ്പനിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. ഇതിനു നല്‍കിയ അപേക്ഷ നിരസിച്ചിട്ടുമില്ല. 2001ല്‍ ആന്റണി സര്‍ക്കാര്‍ അധികാരത്തിലേറിയ ദിവസം കമ്പനിക്കെതിരെ ഇക്കൂട്ടര്‍ ആക്രമണവും നടത്തി. കിഴക്കമ്പലത്തെയും സമീപ പഞ്ചായത്തുകളിലെയും ആയിരങ്ങള്‍ക്കാണ് കിറ്റെക്സിലും ഞങ്ങളുടെ മറ്റു കമ്പനികളിലും ജോലി നല്‍കിയിട്ടുള്ളത്. ഇതെങ്കിലും ഭരണാധികാരികള്‍ കണക്കിലെടുക്കണം. രാഷ്ട്രീയ വൈരാഗ്യംവച്ച് വ്യവസായത്തെ കാണരുത്. തങ്ങള്‍ രാഷ്ട്രീയ പക്ഷപാതിത്വം വച്ചുപുലര്‍ത്താറില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
(ഷഫീഖ് അമരാവതി)
മുഖ്യമന്ത്രി മൗനം വെടിയണം: പന്ന്യന്‍
കൊച്ചി: കിറ്റെക്സിനെ നാടുകടത്താന്‍ ഭരണകക്ഷി എംഎല്‍എയും പഞ്ചായത്തും നടത്തുന്ന നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു. കിറ്റെക്സ് ഉടമ ഉന്നയിച്ച പ്രശ്നം അറിയില്ലെന്ന വ്യവസായമന്ത്രിയുടെ പ്രസ്താവന നാട്യമാണ്. പ്രക്ഷോഭം കുത്തിപ്പൊക്കാന്‍വേണ്ടി മാത്രമാണ് കിറ്റെക്സിനെതിരെ മലിനീകരണപ്രശ്നം ഉന്നയിക്കുന്നതെന്നും പന്ന്യന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പതിനേഴു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കെതിരെ ഇപ്പോള്‍ മാത്രമാണ് മലിനീകരണ ആക്ഷേപം ഉയര്‍ന്നത്. കമ്പനി മലിനീകരണം നടത്തുന്നുണ്ടെങ്കില്‍ പരിശോധിക്കണം. മൂന്നുമാസം മുമ്പ് അത്തരമൊരു പരിശോധന നടന്നതാണ്. ഇവിടെ പ്രശ്നം അതല്ലെന്നു വ്യക്തം. ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം അവസാനിപ്പിക്കണം. കിറ്റെക്സ് ഉടമയുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കണം. കിറ്റെക്സിനെ തുരത്താന്‍ പകപോക്കല്‍ തുടരുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
കിറ്റെക്സ് പറഞ്ഞത് വാസ്തവവിരുദ്ധമെന്ന് ആക്ഷന്‍ കൗണ്‍സില്‍
കൊച്ചി: കിഴക്കമ്പലം കിറ്റെക്സ് കമ്പനിയുമായി ബന്ധപ്പെട്ട് എംഡി സാബു എം ജേക്കബ് നടത്തിയ വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്കു നിരക്കാത്തതാണെന്ന് കിറ്റെക്സ് മാലിന്യവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മാലിന്യപ്രശ്നം പരിഹരിക്കാതിരിക്കാനും കമ്പനിക്കെതിരെ ഉയര്‍ന്ന ജനരോഷം വഴിതിരിച്ചുവിടാനുമുള്ള നീക്കമാണ് എംഡി നടത്തുന്നത്. ശ്രീലങ്കയിലേക്ക് പ്രവര്‍ത്തനമേഖല മാറ്റുന്നുവെന്ന പ്രസ്താവന കോടതിയെയും സര്‍ക്കാരിനെയും ഉദ്യോഗസ്ഥരെയും സമ്മര്‍ദത്തിലാക്കാനാണെന്നും ഇവര്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ പി എം അബ്ദുറഹ്മാന്‍, പി എം ജോര്‍ജ്, എല്‍ദോ പോള്‍, ടി പി യൂസഫലി എന്നിവര്‍ പങ്കെടുത്തു.
deshabhimani 300912
Labels:
വലതു സര്‍ക്കാര്‍
Subscribe to:
Post Comments (Atom)
കിറ്റെക്സിനെതിരായ തുടര്‍ച്ചയായ ആക്രമണവും ആരോപണവും പ്രതികാരനടപടികളും സഹിക്കാവുന്നതിനപ്പുറമായതിനാലാണ് താന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് എംഡി സാബു എം ജേക്കബ് പറഞ്ഞു. ഈ പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാട്ടി താന്‍ ഒരു തവണയും കമ്പനി പിആര്‍ഒ പലവട്ടവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ മാധ്യമങ്ങളിലൂടെയും പരാതി ഉന്നയിച്ചിട്ടും നടപടിയെടുക്കാനോ പ്രതികരിക്കാനോ അദ്ദേഹം തയ്യാറായില്ല. വ്യവസായമന്ത്രിയും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും "ദേശാഭിമാനി"ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സാബു വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് ശ്രീലങ്ക, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ തുടര്‍നിക്ഷേപത്തിന് ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
ReplyDelete