Wednesday, September 26, 2012

മമതയെ പ്രീണിപ്പിക്കാന്‍ അമേരിക്കന്‍ ശ്രമം: സ്ഥാനപതി മമതയുമായി രഹസ്യ ചര്‍ച്ച നടത്തി


 യു പി എ വിട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ അമേരിക്കന്‍ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണെന്ന് പറയപ്പെടുന്നു അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലും  മമതാബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.   കൊല്‍ക്കത്തയില്‍ ബംഗാള്‍ സെക്രട്ടേറിയറ്റില്‍ ചൊവ്വാഴ്ചയായിരുന്നു രഹസ്യചര്‍ച്ച. 40 മിനിട്ടോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ഇരുവരും കൂട്ടാക്കിയില്ല.

 ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപത്തില്‍ പ്രതിഷേധിച്ച് മമത കേന്ദ്ര സര്‍ക്കാരിനുള്ള പിന്‍തുണ പിന്‍വലിച്ചതിന് തൊട്ടു പിന്നാലെയുള്ള ഈ കൂടിക്കാഴ്ച ഒട്ടേറെ സംശയങ്ങള്‍ക്ക് വഴിയൊരുക്കി. വിദേശ നിക്ഷേപത്തിനെതിരായ നിലപാടില്‍ നിന്ന് മമതയെയും തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും പിന്‍തിരിപ്പിക്കാനുള്ള അമേരിക്കയുടെ നീക്കത്തിന്റെ  ഭാഗമാണ് സന്ദര്‍ശനം എന്ന് അഭ്യൂഹമുണ്ട്.

സാധാരണ സന്ദര്‍ശനം മാത്രമാണ് നടന്നത് എന്ന് മമത പിന്നീട് അവകാശപ്പെട്ടു. എന്നാല്‍ കൂടിക്കാഴ്ച മൂന്നാഴ്ച മുമ്പ് തീരുമാനിച്ചിരുന്നതാണെന്ന് നാന്‍സി പവലിന്റെ ഓഫീസ് അറിയിച്ചു. മമതയും കോണ്‍ഗ്രസ്സും തമ്മില്‍ വീണ്ടും അടുക്കുന്നതിന്റെ സൂചനയാണ് സന്ദര്‍ശനമെന്ന് ബംഗാള്‍ പ്രതിപക്ഷനേതാവ് സൂര്യകാന്ത മിശ്ര ആരോപിച്ചു.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹില്ലരി ക്ലിന്റന്‍ കഴിഞ്ഞ മെയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കന്‍ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള നിക്ഷേപ താല്‍പര്യങ്ങളാണ് അന്നും ചര്‍ച്ചയായത്.

വിദേശ നിക്ഷേപം സംബന്ധിച്ച് ഒന്നും ചര്‍ച്ച ചെയ്തില്ലെന്നാണ് അന്നും മമത പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അമേരിക്കന്‍ വിദേശ കാര്യമന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം അടക്കം അമേരിക്ക ഇന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വ്യാപാര പദ്ധതികള്‍ ചര്‍ച്ചയായതായി അറിയിച്ചിരുന്നു.

janayugom 260912

2 comments:

  1. യു പി എ വിട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ അനുനയിപ്പിക്കാന്‍ അമേരിക്കന്‍ ശ്രമം. ഇതിന്റെ ഭാഗമായിട്ടാണെന്ന് പറയപ്പെടുന്നു അമേരിക്കന്‍ സ്ഥാനപതി നാന്‍സി പവലും മമതാബാനര്‍ജിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്തയില്‍ ബംഗാള്‍ സെക്രട്ടേറിയറ്റില്‍ ചൊവ്വാഴ്ചയായിരുന്നു രഹസ്യചര്‍ച്ച. 40 മിനിട്ടോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ഇരുവരും കൂട്ടാക്കിയില്ല.

    ReplyDelete
  2. അങ്ങനെ പവനായി ശവമായി

    ReplyDelete