തിരു: ഭൂപരിഷ്കരണ നിയമങ്ങള്‍ അട്ടിമറിച്ച് ഭൂമാഫിയയെ സംരക്ഷിക്കുന്ന
യുഡിഎഫ് നയത്തിനെതിരെ ഭൂപരിഷ്കരണ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍
സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി രണ്ട് വാഹന പ്രചാരണജാഥ
സംസ്ഥാനത്ത് പര്യടനം നടത്തും.
ഡിസംബര്‍ 10ന് നെയ്യാറ്റിന്‍കരയില്‍ സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്
കാരാട്ട് തെക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്യും. അന്നുതന്നെ കാസര്‍കോട്ട്
വടക്കന്‍ മേഖലാ ജാഥ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള
ഉദ്ഘാടനംചെയ്യും. ഇരു ജാഥയും 23ന് എറണാകുളത്ത് സമാപിക്കും. സിപിഐ എം
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍ വടക്കന്‍ മേഖലാ ജാഥയ്ക്കും ഇ പി
ജയരാജന്‍ തെക്കന്‍ മേഖലാ ജാഥയ്ക്കും നേതൃത്വം നല്‍കും.
സംസ്ഥാനത്തെ മുഴുവന്‍ മിച്ചഭൂമിയും പാട്ടക്കാലാവധി കഴിഞ്ഞ തോട്ടം ഭൂമിയും
തട്ടിയെടുക്കാന്‍ ഭൂമാഫിയക്ക് അവസരം നല്‍കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ
അടുത്തവര്‍ഷം ജനുവരി ഒന്നുമുതല്‍ മിച്ചഭൂമിയില്‍ സമര വളന്റിയര്‍മാര്‍
പ്രവേശിക്കും. ഇതിന്റെ പ്രചാരണമായാണ് ജാഥ സംഘടിപ്പിക്കുന്നത്. ഭൂരഹിതരായ
മുഴുവന്‍ ആദിവാസികള്‍ക്കും ഒരേക്കര്‍ ഭൂമി വീതം വിതരണം ചെയ്യുക, മുഴുവന്‍
ദളിത് വിഭാഗത്തിനും ഭൂമി ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി
ഉന്നയിച്ചിട്ടുണ്ട്.
No comments:
Post a Comment