Tuesday, November 13, 2012

നിയമനത്തില്‍ സംവരണം ഒഴിവാക്കിയ ഉത്തരവ് അപകടകരം


നിയമനങ്ങളില്‍ സമുദായ സംവരണ വ്യവസ്ഥ ഒഴിവാക്കിയ കേരളസര്‍വകലാശാലാ ഉത്തരവ് ഏറ്റവും അപകടകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദൂരവ്യാപകമായ ദോഷഫലം സൃഷ്ടിക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. പ്രൊഫസര്‍, റീഡര്‍, ലക്ചറര്‍ തുടങ്ങിയ അധ്യാപക തസ്തികകളിലുള്‍പ്പെടെ ഒറ്റ തസ്തിക റിപ്പോര്‍ട്ടുചെയ്താല്‍ അവയില്‍ സംവരണം പാലിക്കേണ്ടതില്ലെന്നാണ് കേരള സര്‍വകലാശാലയുടെ പുതിയ ഉത്തരവ്. ഇത് സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള നിയമനങ്ങള്‍ക്കും സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ നിയമനങ്ങള്‍ക്കും ബാധകമാണ്.

നൂറ്റാണ്ടുനീണ്ട പോരാട്ടങ്ങളുടെയും അതിശക്തമായ ബഹുജന ഇടപെടലുകളുടെയും ഫലമായാണ് സംവരണവ്യവസ്ഥ നിലവില്‍വന്നത്. ഇതിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടിയാണ് പുതിയ ഉത്തരവ്. കേരളത്തിനു പുറത്തുള്ള ഒരു കോളേജധ്യാപക തസ്തികയുമായി ബന്ധപ്പെട്ടുവന്ന കേസിലെ സുപ്രിംകോടതി വിധിയുടെ മറപറ്റിയാണ് സംവരണവ്യവസ്ഥ നിരാകരിക്കുന്ന സര്‍വകലാശാലാ നടപടി. വിദ്യാഭ്യാസ മന്ത്രിയുടെയും സംസ്ഥാനഭരണത്തിന്റെയും അറിവോടെ സ്വീകരിച്ചിരിക്കുന്ന ഈ നടപടിക്ക് നിയമോപദേശം നല്‍കിയിരിക്കുന്നത് അറിയപ്പെടുന്ന കോണ്‍ഗ്രസുകാരനായ അഭിഭാഷകനാണ്.

ഒരു ഒഴിവുമാത്രം റിപ്പോര്‍ട്ട് ചെയ്താല്‍ ആ തസ്തികയെ ഒറ്റതസ്തികയായി കണക്കാക്കി സംവരണം ഒഴിവാക്കാമെന്ന വ്യവസ്ഥ പല കോളേജ് മാനേജ്മെന്റുകളും സ്വാഭാവികമായി ദുരുപയോഗം ചെയ്യും. ഒരു കോളേജില്‍ നാല് അധ്യാപക തസ്തികയില്‍ ഒഴിവുവരുന്നുവെങ്കില്‍ അവയില്‍ മലയാളം, ഇംഗ്ലീഷ് തുടങ്ങിയ വേര്‍തിരിവുകളെയെല്ലാം വ്യത്യസ്ത തസ്തികകളായിത്തന്നെ വിലയിരുത്തും. ഇംഗ്ലീഷ് അധ്യാപക തസ്തികയില്‍ രണ്ട് ഒഴിവുവന്നാല്‍ അതില്‍ ഒന്നുമാത്രം റിപ്പോര്‍ട്ടു ചെയ്താലും സംവരണത്തില്‍നിന്ന് ഒഴിവാക്കാം.

സുപ്രിംകോടതി വിധിയെ വിവേകപൂര്‍വമായി സമീപിക്കാന്‍ സര്‍വകലാശാലയും സര്‍ക്കാരും തയ്യാറാകണം. സംവരണവും സാമൂഹ്യനീതിയും തിരസ്കരിക്കാന്‍ സുപ്രീംകോടതിവിധിയെ മറയാക്കരുത്. നീതിന്യായപ്രക്രിയയെപ്പറ്റിയുള്ള സമഗ്രമായ അന്വേഷണവും നടപടികളും സ്വീകരിക്കാതെ സംവരണം അട്ടിമറിക്കുന്നത് നീചകൃത്യമാണ്. ഇതില്‍നിന്നും സര്‍വകലാശാല പിന്മാറണം. അവര്‍ക്ക് ഇക്കാര്യത്തില്‍ പിന്തുണ നല്‍കിയിരിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്നും പിണറായി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 

1 comment:

  1. നിയമനങ്ങളില്‍ സമുദായ സംവരണ വ്യവസ്ഥ ഒഴിവാക്കിയ കേരളസര്‍വകലാശാലാ ഉത്തരവ് ഏറ്റവും അപകടകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദൂരവ്യാപകമായ ദോഷഫലം സൃഷ്ടിക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണം. പ്രൊഫസര്‍, റീഡര്‍, ലക്ചറര്‍ തുടങ്ങിയ അധ്യാപക തസ്തികകളിലുള്‍പ്പെടെ ഒറ്റ തസ്തിക റിപ്പോര്‍ട്ടുചെയ്താല്‍ അവയില്‍ സംവരണം പാലിക്കേണ്ടതില്ലെന്നാണ് കേരള സര്‍വകലാശാലയുടെ പുതിയ ഉത്തരവ്. ഇത് സര്‍വകലാശാലയിലെ രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ള നിയമനങ്ങള്‍ക്കും സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ നിയമനങ്ങള്‍ക്കും ബാധകമാണ്.

    ReplyDelete