Saturday, November 17, 2012

ഗാസയില്‍ കൂട്ടക്കൊല തുടരുന്നു; മരണം 26

ഗാസ സിറ്റി: പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ വ്യോമാക്രമണം തുടരുന്നു. ഹമാസ് ആസ്ഥാനത്ത് ശനിയാഴ്ച രാവിലെ ശക്തമായ വ്യോമാക്രമണം നടത്തി. ജനവാസകേന്ദ്രങ്ങളിലടക്കം മൂന്നാംദിവസവും കനത്ത ഷെല്ലിങ് തുടരുകയാണ്. വെള്ളിയാഴ്ച പകല്‍ അഞ്ച് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതോടെ മൂന്നുദിവസത്തിനിടെ ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. 235 പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ പലരുടെയും നില വളരെ ഗുരുതരമാണ്. മരിച്ചവരില്‍ ആറു കുട്ടികളും ഇരട്ടക്കുഞ്ഞുങ്ങളെ ഗര്‍ഭം ധരിച്ച യുവതിയും ഉള്‍പ്പെടും.

ശനിയാഴ്ചമുതല്‍ ഗാസയില്‍ ഇസ്രയേല്‍ കൊന്നവരുടെ എണ്ണം 26 ആയി. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമായി അഭയാര്‍ഥിക്യാമ്പുകളിലടക്കം 130 കേന്ദ്രത്തില്‍ ഇസ്രയേല്‍ ബോംബിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മുക്കാല്‍ മണിക്കൂറിനുള്ളില്‍ 85 മിസൈലാണ് ഗാസയിലെമ്പാടുമായി പതിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലെ ഹമാസ് പ്രധാനമന്ത്രി ഇസ്മെയില്‍ ഹനിയയുടെ വീടിനടുത്തും ഷെല്ലുകള്‍ പതിച്ചു. സമീപത്തെ ട്രാന്‍സ്ഫോര്‍മറും ഇന്ധനടാങ്കും സ്ഫോടനത്തില്‍ തകര്‍ന്നു. പലസ്തീന്‍ പോരാളികള്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇസ്രയേലിന്റെ തലസ്ഥാനമായ ടെല്‍ അവീവില്‍ റോക്കറ്റ് പതിച്ചു. 1990ലെ ഗള്‍ഫ് യുദ്ധശേഷം ആദ്യമായാണ് ടെല്‍ അവീവില്‍ റോക്കറ്റ് പതിക്കുന്നത്. അമേരിക്കന്‍ എംബസിക്ക് 200 മീറ്ററകലെ കടലിലാണ് റോക്കറ്റ് പതിച്ചതെന്ന് ;അല്‍ ജസീറ റിപ്പോര്‍ട്ടുചെയ്തു. ജെറുസലേമിലും റോക്കറ്റ് പതിച്ചു.

ഇതിനിടെ പലസ്തീന്‍ പോരാളികള്‍ക്ക് ഈജിപ്ത് പിന്തുണ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഹിഷാം ഖാന്ദില്‍ ഗാസ സിറ്റിയിലെത്തി ഹമാസ് നേതാക്കളുമായി ചര്‍ച്ച നടത്തി. ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും ഇസ്രയേലിന്റെ കടന്നാക്രമണത്തെ അപലപിച്ചു. മനുഷ്യത്വത്തിനെതിരായ നിര്‍ലജ്ജമായ കടന്നുകയറ്റമാണിതെന്ന് മുര്‍സി ആക്രമണത്തെ വിശേഷിപ്പിച്ചു. ഇന്നത്തെ ഈജിപ്തും അറബ് ലോകവും ഇന്നലത്തേതില്‍നിന്ന് വളരെ വ്യത്യസ്തമാണ്. ഗാസയെ അതിന്റെ വിധിക്കു വിടാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും കെയ്റോ മോസ്കിലെ നമസ്കാരശേഷം മുര്‍സി വ്യക്തമാക്കി. ഹമാസുമായി ആശയപരമായി വളരെ അടുപ്പമുള്ള സഖ്യമാണ് ഇപ്പോള്‍ ഈജിപ്ത് ഭരിക്കുന്നത്.

കടന്നാക്രമണം അവസാനിപ്പിക്കാന്‍ യുഎന്നും ലോകരാജ്യങ്ങളും ഇടപെട്ടുതുടങ്ങി. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അടുത്തയാഴ്ച പശ്ചിമേഷ്യയിലെത്തും. ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും നയതന്ത്രശ്രമങ്ങള്‍ തുടങ്ങി. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ടുണീഷ്യന്‍ വിദേശമന്ത്രി ശനിയാഴ്ച ഗാസയിലെത്തും. ഇസ്രയേല്‍ ആക്രമണം സംഘടിത ഭീകരപ്രവര്‍ത്തനമാണെന്നു വിശേഷിപ്പിച്ച ഇറാന്‍ ഹമാസിന് പിന്തുണ പ്രഖ്യാപിച്ചു. വരുന്ന ജനുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് യുദ്ധഭ്രാന്തനായ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ആക്രമണം ആരംഭിച്ചത്. യുഎന്നില്‍ പലസ്തീനിന്റെ പദവി ഉയര്‍ത്താന്‍ യുഎന്‍ പൊതുസഭയെ സമീപിച്ചിരിക്കെ യാണ് ആക്രമണം എന്നതും ശ്രദ്ധേയമാണ്്.

No comments:

Post a Comment