Saturday, November 10, 2012

2 രൂപ അരി: സബ്സിഡി ബാങ്ക് വഴിതന്നെ

തിരു: എപിഎല്‍ കാര്‍ഡുടമകള്‍ക്ക് രണ്ടു രൂപ നിരക്കിലുള്ള റേഷനരിയുടെ സബ്സിഡി ബാങ്കുവഴി മാത്രമേ നല്‍കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചു. ജനുവരി ഒന്നുമുതല്‍ എപിഎല്‍ കാര്‍ഡുടമകള്‍ ഒരു കിലോ അരിക്ക് 8.90 രൂപവീതം കൊടുക്കണം. മാസം ഒമ്പതു കിലോ അരിയാണ് രണ്ടുരൂപ നിരക്കില്‍ ഒരു കാര്‍ഡുടമയ്ക്ക് ലഭിക്കുന്നത്. കിലോക്ക് 6.90 രൂപവീതം കാര്‍ഡുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ പിന്നീട് കൊടുക്കും. ബിപിഎല്‍ കാര്‍ഡുടമകള്‍ സ്മാര്‍ട്ട് കാര്‍ഡ് ഹാജരാക്കി വിരലടയാളം പതിച്ചാലേ അരി കൊടുക്കൂ. എപിഎല്‍ കാര്‍ഡുടമകള്‍ മാര്‍ച്ച് 31നകം ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയാല്‍ ജനുവരി മുതലുള്ള സബ്സിഡി തുക ഒന്നിച്ചു കൊടുക്കും. 31നകം നല്‍കാത്തവര്‍ക്ക് പിന്നീട് എപ്പോള്‍ വേണമെങ്കിലും അക്കൗണ്ട് നമ്പര്‍ അറിയിക്കാം. പക്ഷേ, അതിനുശേഷമുള്ള സബ്സിഡി മാത്രമേ നല്‍കൂ.
ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് റേഷന്‍കടകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തും. കാര്‍ഡില്‍ പേരുള്ള ആര്‍ക്കും വിരലടയാളം നല്‍കാം. മാസം ഒരു രൂപയ്ക്ക് 25 കിലോ അരി നല്‍കും. സംസ്ഥാനത്ത് 14,260 റേഷന്‍കടയാണുള്ളത്. എല്ലായിടത്തും 2014 ജനുവരി ഒന്നിനകം ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. അതുവരെ ബിപിഎല്ലുകാര്‍ക്ക് അരി നല്‍കാനുള്ള മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് വ്യക്തമായ മറുപടിയുണ്ടായില്ല. സബ്സിഡിക്കുള്ള അപേക്ഷ റേഷന്‍കടകളില്‍ എന്നുമുതല്‍ ലഭ്യമാക്കുമെന്ന ചോദ്യത്തിന് എല്ലാം ഏര്‍പ്പെടുത്തുമെന്നു മാത്രമായിരുന്നു പ്രതികരണം. സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മണ്ണെണ്ണ സബ്സിഡി ബാങ്കുവഴി നല്‍കുന്ന സംവിധാനം പരാജയപ്പെട്ടെന്ന് മുഖ്യമന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്ബും സമ്മതിച്ചു. നെയ്യാറ്റിന്‍കരയിലും എറണാകുളത്തുമാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്. നാലുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചെങ്കിലും ഒന്നും നടന്നില്ല. റേഷന്‍കടയുടമകള്‍ പദ്ധതിയുമായി സഹകരിച്ചില്ല. 400 അപേക്ഷാഫോറംവീതം വിതരണം ചെയ്യാനായിരുന്നു നിര്‍ദേശം. ഫോറം വിതരണംപോലും നടന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു രൂപയ്ക്കും രണ്ടു രൂപയ്ക്കും അരി നല്‍കാന്‍ വര്‍ഷം 350 കോടിവീതം മൊത്തം 700 കോടി രൂപയാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും വിപണിയില്‍ അരിക്ക് 32 രൂപവരെയായി. റേഷനരി കരിഞ്ചന്തയിലേക്കു പോയതാണ് വിപണിയില്‍ വില ഉയരാന്‍ കാരണം. ഈ സാഹചര്യത്തിലാണ് സബ്സിഡി ബാങ്കുവഴി നല്‍കാനുള്ള തീരുമാനം.

വിപണിയില്‍ ഇടപെട്ട് അരിവില നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. സബ്സിഡി അരി ജനങ്ങളില്‍ എത്തുന്നില്ല. റേഷന്‍കടകളില്‍നിന്ന് അരി പുറത്തേക്ക് പോകുന്നു. ഇതിന്റെ പേരില്‍ കേസെടുക്കാനും കുറെപേരെ കുറ്റവാളികളാക്കാനും ഉദ്ദേശിക്കുന്നില്ല. പോയത് പോയി. ഇതിന് ഒന്നാമത്തെ ഉത്തരവാദി താന്‍തന്നെയാണെന്ന് മുഖ്യമന്ത്രി കുറ്റസമ്മതവും നടത്തി. കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി 62,000 ടണ്‍ സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് നല്‍കും. ബാക്കി അരി സപ്ലൈകോവഴി വിതരണംചെയ്യും. റേഷന്‍ മൊത്തവിതരണസ്ഥാപനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ ജിപിഎസ് സംവിധാനംവഴി നിരീക്ഷിക്കും. റേഷന്‍സാധനങ്ങള്‍ റേഷന്‍കടകളിലേക്കുതന്നെയാണോ പോകുന്നതെന്ന് പരിശോധിക്കാനാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. സപ്ലൈകോയില്‍ നിത്യോപയോഗസാധനങ്ങളുടെ ക്ഷാമമുണ്ടെന്നു സമ്മതിച്ച മുഖ്യമന്ത്രി ഉടന്‍ എല്ലാം എത്തിക്കുമെന്ന് അവകാശപ്പെട്ടു.

സബ്സിഡി സാധനങ്ങളില്ല; സപ്ലൈകോ പൂട്ടുന്നു
ആര്‍ സാംബന്‍
Posted on: 10-Nov-2012 12:50 AM
തിരു: പൊള്ളുന്ന വിലക്കയറ്റത്തില്‍നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നിരുന്ന സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വില്‍പ്പന നിലച്ചു. സബ്സിഡിയുളള 13 ഇനങ്ങളില്‍ പത്തും ലഭ്യമല്ല. വെളിച്ചെണ്ണയും പച്ചരിയും മുളകും മാത്രമാണ് സ്റ്റോക്കുള്ളത്. ചില കേന്ദ്രങ്ങളില്‍ ഇതും ഇല്ല. ഓണത്തിനുശേഷം അരിയുടെ കച്ചവടവും നടന്നിട്ടില്ല. ചെറുപയര്‍, വന്‍ പയര്‍, ഉലുവ തുടങ്ങിയവയുടെ കച്ചവടം മാസങ്ങളായി നടക്കുന്നില്ല. ഡിപ്പോകളില്‍നിന്ന് ആവശ്യപ്പെടുന്നതിന്റെ 25 ശതമാനംപോലും നല്‍കുന്നില്ല. അപൂര്‍വം വില്‍പ്പന കേന്ദ്രങ്ങളില്‍ മാത്രമാണ് പഞ്ചസാര ലഭ്യം. നിലവിലുള്ള പല സാധനങ്ങളും തീരെ നിലവാരമില്ലാത്തതുമാണ്. എല്ലാ മാസവും 15ന് ടെന്‍ഡര്‍ നടത്തുന്ന പതിവും മുടങ്ങി. ഓണത്തിനു ശേഷം ഒക്ടോബര്‍ 30ന് മാത്രമാണ് ടെന്‍ഡര്‍ നടന്നത്. അതിലാകട്ടെ സബ്സിഡി ഇതര ഐറ്റങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇതോടെ മാവേലി സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും അടങ്ങുന്ന 1200 വില്‍പ്പന കേന്ദ്രങ്ങള്‍ വന്‍ പ്രതിസന്ധിയിലായി. അരിവിലയിലെ കുതിപ്പ് തടയാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ച അരിക്കടകളെല്ലാം പൂട്ടി. ചുരുക്കം ചില കേന്ദ്രങ്ങളില്‍ അരി എത്തിയാല്‍ തന്നെ ഒറ്റ മണിക്കൂറിനകം തീരും. മട്ട അരി 16 രൂപയ്ക്കും കുറവ, ജയ ഇനങ്ങള്‍ 21 രൂപയ്ക്കും സപ്ലൈകോ വിപണനകേന്ദ്രങ്ങള്‍ വഴി വില്‍ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ വില്‍പ്പന നിലച്ചതോടെയാണ് പൊതുവിപണിയില്‍ അരി വില കുതിച്ചത്. റേഷന്‍കടകളിലെ രണ്ടുരൂപാ അരി വിതരണം അട്ടിമറിക്കുന്നത് വില കുത്തനെ കൂടാന്‍ ഇടയാക്കും. ഓണത്തിന് സബ്സിഡി നിരക്കില്‍ അരിയും വെളിച്ചെണ്ണയും വിറ്റതിന്റെ പണം സര്‍ക്കാര്‍ നല്‍കാത്തതും സപ്ലൈകോയുടെ സാമ്പത്തികപ്രതിസന്ധിക്ക് ആക്കം കൂട്ടി. നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് 150 കോടിയോളം രൂപ ഇപ്പോഴും കുടിശ്ശികയാണ്. ബാങ്ക് വായ്പയുടെ പലിശയായി പ്രതിമാസം ലക്ഷങ്ങള്‍ മുടക്കുന്നു. 300 കോടിയോളം രൂപ സപ്ലൈകോയ്ക്ക് നല്‍കാനുള്ളപ്പോള്‍ 20 കോടി രൂപാ മാത്രമാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

No comments:

Post a Comment