Saturday, November 10, 2012

ആംവേ ഓഫീസുകളിലും ഗോഡൗണുകളിലും റെയ്ഡ്

കൊച്ചി/കോഴിക്കോട്: നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് രംഗത്തെ വമ്പന്മാരായ ആംവെയുടെ കേരളത്തിലെ വിവിധ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. കമ്പനി ഈ വര്‍ഷം മാത്രം 43.4 കോടി രൂപയുടെ മണി ചെയിന്‍ പ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തി. ഇവിടങ്ങളില്‍നിന്ന് 2.14 കോടി രൂപയുടെ വിവിധ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി പി എ വല്‍സന്റെ നേതൃത്വത്തില്‍ കൊച്ചി, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലുള്ള കമ്പനിയുടെ ഓഫീസിലും ഗോഡൗണിലുമായിരുന്നു ഒരേസമയം പരിശോധന. ഗോഡൗണുകളും ഓഫീസുകളും അന്വേഷണസംഘം സീല്‍ചെയ്തു. ഒട്ടേറെ രേഖകളും ഫയലുകളും പിടിച്ചെടുത്തു. 
 
തൃശൂര്‍ ഓഫീസില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്. ഒന്നരക്കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍. കൊച്ചി വൈറ്റിലയിലുള്ള ഓഫീസില്‍നിന്ന് 30 ലക്ഷം രൂപയുടെയും കണ്ണൂരില്‍നിന്ന് 22 ലക്ഷം രൂപയുടെയും കോഴിക്കോട്ടുനിന്ന് 10.5 ലക്ഷം രൂപയുടെയും ഉല്‍പ്പന്നങ്ങള്‍ പിടികൂടി. പ്രലോഭിപ്പിച്ച് ഏജന്‍സി ചേര്‍ത്ത് മൂന്നര ലക്ഷത്തിലധികം രൂപ സാമ്പത്തികനഷ്ടം വരുത്തിയെന്നാരോപിച്ച് കോഴിക്കോട് ചാത്തമംഗലം ചൂലൂര്‍ സ്വദേശിനിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് നടപടിയെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു. നിരവധി സ്ത്രീകളും ഇതേതരത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് ചക്കോരത്തുകുളം എലൈറ്റ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ആംവെ ഓഫീസിലും ഗോഡൗണിലുമായിരുന്നു റെയ്ഡ്. വെള്ളിയാഴ്ച പകല്‍ 11ന് തുടങ്ങിയ റെയ്ഡ് വൈകിട്ട് നാലുവരെ തുടര്‍ന്നു. കൊച്ചിയിലെ പരിശോധനയ്ക്ക് എസ്പി പി എ വല്‍സന്‍ നേതൃത്വം നല്‍കി. മറ്റു സ്ഥലങ്ങളില്‍ കോഴിക്കോട്ടുനിന്നുമുള്ള ക്രൈംബ്രാഞ്ച് സിഐമാരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. രേഖകള്‍ പരിശോധിച്ചശേഷം വിതരണക്കാരെയും ഡയറക്ടര്‍മാരെയും അറസ്റ്റ്ചെയ്യുമെന്ന് എസ്പി പി എ വല്‍സന്‍ പറഞ്ഞു. 
 
ദേശാഭിമാനി 10-11-12

No comments:

Post a Comment