Saturday, November 10, 2012

തിരുവനന്തപുരം ഡിവിഷനെ തകര്‍ക്കാന്‍ നീക്കം

തിരു: തിരുനല്‍വേലി റെയില്‍വേ ഡിവിഷന്‍ രൂപീകരണത്തിന് കളമൊരുക്കാന്‍ തിരുവനന്തപുരം ഡിവിഷനെ തകര്‍ക്കാന്‍ നീക്കം. ഇതിനായി തിരുവനന്തപുരം ഡിവിഷന്റെ വരുമാനം കുറച്ചുകാണിക്കാന്‍ ഉന്നത ഉദ്യോഗസ്ഥ ലോബി ശ്രമിക്കുന്നു. അടുത്ത റെയില്‍വേ ബജറ്റില്‍ തിരുനല്‍വേലി ഡിവിഷന്‍ പ്രഖ്യാപിച്ചേക്കും. സതേണ്‍ റെയില്‍വേയിലെ ഏറ്റവും ഉയര്‍ന്ന വരുമാനമുള്ള ഡിവിഷന്‍ തിരുവനന്തപുരമായതിനാല്‍ ഇതിന്റെ വിഭജനത്തിന് റെയില്‍വേ ബോര്‍ഡിന് താല്‍പ്പര്യമില്ല. തിരുനല്‍വേലിമുതല്‍ തൃശൂര്‍ വള്ളത്തോര്‍ നഗര്‍വരെയാണ് തിരുവനന്തപുരം ഡിവിഷന്റെ പരിധി.

തിരുനല്‍വേലിമുതല്‍ നെയ്യാറ്റിന്‍കരവരെ എടുത്ത് തിരുനല്‍വേലി ഡിവിഷന്‍ രൂപീകരിക്കുകയാണ്് ലക്ഷ്യം. പാലക്കാട് ഡിവിഷന്‍ വിഭജിച്ച് സേലം ഡിവിഷന്‍ രൂപീകരിച്ച അതേ തന്ത്രമാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. വരുമാനം കുറയ്ക്കുന്നതിന് വിവിധ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. ബുക്കിങ് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം വന്‍തോതില്‍ വെട്ടിക്കുറച്ചു. മണിക്കൂറുകള്‍ കാത്തുനിന്നാലും യാത്രക്കാര്‍ക്ക് ടിക്കറ്റ് ലഭ്യമാകില്ല. യാത്ര പുറപ്പെടുന്ന ട്രെയിനിനുള്ളില്‍ കയറി പിഴയടക്കം ഒടുക്കി ടിക്കറ്റെടുക്കാമെന്ന സാധ്യതയുമില്ലാതായി. പരിശോധനാ സ്ക്വാഡ് വിഭാഗം പിരിച്ചുവിട്ടതാണ് കാരണം.

സ്റ്റേഷനുകളിലും ട്രെയിനുകളിലും യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ നിഷേധിക്കുന്നതാണ് മറ്റൊരു തന്ത്രം. കണ്ടംചെയ്ത കോച്ചുകളാണ് തിരുവനന്തപുരത്തിന് അനുവദിച്ചിട്ടുള്ളത്. കംപാര്‍ട്ട്മെന്റുകള്‍ ശുചീകരിക്കാറില്ല. വെള്ളവും വെളിച്ചവും നിഷേധിക്കുന്നു. കക്കൂസ് വൃത്തിയാക്കാറില്ല. സ്റ്റേഷനുകളുടെ ശുചീകരണവും അവതാളത്തിലായി. ട്രെയിന്‍ കഴുകല്‍, ജലം നിറയ്ക്കല്‍, ഭക്ഷണവിതരണം തുടങ്ങിയ ജോലികളെല്ലാം കരാര്‍ നല്‍കി ഒത്തുകളിക്കുകയാണ് ഉദ്യോഗസ്ഥര്‍. യാത്ര ദുരിതമായതോടെ അത്യാവശ്യം സാമ്പത്തികശേഷിയുള്ള യാത്രക്കാര്‍ ഉയര്‍ന്ന ക്ലാസിനെയോ ദീര്‍ഘദൂര സ്വകാര്യ ലക്ഷ്വറി ബസ് സര്‍വീസിനെ ആശ്രയിക്കുന്ന സ്ഥിതിയിലായി. ഡിവിഷന്‍ ഓഫീസിലെ കൊമേഴ്സ്യല്‍ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

No comments:

Post a Comment