Wednesday, November 14, 2012

പെരിയാര്‍ നദീതീരം കയ്യേറിയ ബാര്‍ ഉടമയെ സഹായിക്കാന്‍ യുഡിഎഫ് നേതാക്കള്‍ രംഗത്ത്


പീരുമേട്: പെരിയാര്‍ നദീതീരം കയ്യേറിയ ബാര്‍ ഉടമയെ സഹായിക്കാന്‍ യുഡിഎഫ് നേതാക്കള്‍ രംഗത്ത്. നദീതീരവും വണ്ടിപ്പെരിയാര്‍-മഞ്ചുമല റോഡ് പുറമ്പോക്കും കയ്യേറിയെന്ന് അന്വേഷണസംഘം വ്യക്തമായി കണ്ടെത്തിയിട്ടും ഇതുവരെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയൊന്നുമായിട്ടുമില്ല.മഞ്ചുമല വില്ലേജില്‍പ്പെട്ട സര്‍വേ നമ്പര്‍ 139/1 ല്‍പ്പെട്ട പ്രദേശവും സര്‍വേ നമ്പര്‍ 110 ല്‍പ്പെടുന്ന പെരിയാറുമാണ് സ്വകാര്യബാര്‍ ഉടമ കയ്യേറി ആറ്റുതീരം കെട്ടിപ്പൊക്കി പുല്‍ത്തകിടിയും 11 ഓളം കോട്ടേജുകളും നിര്‍മ്മിച്ചിരിക്കുന്നത്.

അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളെക്കുറിച്ചും കയ്യേറ്റത്തെക്കുറിച്ചും ജനയുഗം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാട്ടുകാര്‍ പരാതിയുമായി രംഗത്തുവന്നതോടെ ഇടുക്കി ആര്‍ഡിഒയുടെ നിര്‍ദ്ദേശാനുസരണം സര്‍വേ സംഘം ഭൂമി അളന്ന് ബാര്‍ ഉടമകള്‍ ഇവിടെ അരയേക്കര്‍ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

അനധികൃത കോട്ടേജുകള്‍ പൊളിച്ചുനീക്കണമെന്ന് കാട്ടി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഭരണമാറ്റത്തെത്തുടര്‍ന്ന് ബാര്‍ ഉടമകള്‍ ഇതിന് തയ്യാറായിട്ടില്ല. ഈ വിഷയം പലതവണ താലൂക്ക് സഭയില്‍ വരുകയും സ്ഥലം തിരിച്ചുപിടിക്കണമെന്നും അനധികൃത കോട്ടേജുകള്‍ പൊളിച്ചുനീക്കണമെന്നും താലൂക്ക് സഭ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിനായി തഹസീല്‍ദാരെ ചുമതലപ്പെടുത്തിയെങ്കിലും നടപടിയെടുക്കാന്‍ റവന്യൂവകുപ്പ് തയ്യാറായിട്ടില്ല. തൊടുപുഴ കേന്ദ്രീകരിച്ചുള്ള ജില്ലയിലെ ഉന്നതനായ ഭരണകക്ഷി ജനപ്രതിനിധിയുടെ സമ്മര്‍ദ്ദമാണിതിന് പിന്നിലെന്ന് പറയപ്പെടുന്നു. നദീതീരവും റോഡുപുറമ്പോക്കും കയ്യേറി കൈവശപ്പെടുത്തിയിരിക്കുന്ന ഭൂമിക്ക് ഇപ്പോള്‍ കോടികള്‍ വിലമതിക്കും.

നദീതീരത്തുനിന്നും പൊതുനിരത്തില്‍ നിന്നും കൃത്യ അകലം പാലിച്ചുമാത്രമേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്ന നിയമം ലംഘിച്ചാണ് ഇവിടെ നിര്‍മ്മാണം നടത്തിയിട്ടുള്ളത്. ബാറിന് പിന്നിലൂടെ ഒഴുകുന്ന പെരിയാറിന് അഭിമുഖമായാണ് കോട്ടേജുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാര്‍-തേങ്ങാക്കല്‍ റോഡില്‍ പിഡബ്ല്യുഡി അധികൃതര്‍ നിര്‍മ്മിച്ചിട്ടുള്ള സംരക്ഷണഭിത്തിക്ക് മുകളില്‍ രണ്ടടിയോളം വീതിയിലും ആറടിയോളം ഉയരത്തിലും മതില്‍കെട്ടിപ്പൊക്കുകയും ഇതിന് സമീപത്തായി തോട്ടില്‍ വലിയ പൈപ്പ് സ്ഥാപിച്ച് മുകളില്‍ മണ്ണിട്ടുനികത്തിയുമാണ് സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്നത്.

അനധികൃത നിര്‍മ്മാണത്തിനെതിരെ ചില സംഘടനകളും വ്യക്തികളും രംഗത്തെത്തുകയും പ്രശ്‌നം താലൂക്ക് സഭയില്‍ ഉന്നയിക്കപ്പെടുകയും ചെയ്തതോടെ ബാര്‍ ഉടമകള്‍ കോണ്‍ഗ്രസിലെ ഉന്നതരെ സ്വാധീനിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുവാനും കയ്യേറ്റം സംരക്ഷിക്കാനുമുള്ള നെട്ടോട്ടത്തിലാണ്.
(പി ജെ ജിജിമോന്‍)

janayugom 141112

1 comment:

  1. പെരിയാര്‍ നദീതീരം കയ്യേറിയ ബാര്‍ ഉടമയെ സഹായിക്കാന്‍ യുഡിഎഫ് നേതാക്കള്‍ രംഗത്ത്. നദീതീരവും വണ്ടിപ്പെരിയാര്‍-മഞ്ചുമല റോഡ് പുറമ്പോക്കും കയ്യേറിയെന്ന് അന്വേഷണസംഘം വ്യക്തമായി കണ്ടെത്തിയിട്ടും ഇതുവരെ കയ്യേറ്റം ഒഴിപ്പിക്കാന്‍ നടപടിയൊന്നുമായിട്ടുമില്ല.മഞ്ചുമല വില്ലേജില്‍പ്പെട്ട സര്‍വേ നമ്പര്‍ 139/1 ല്‍പ്പെട്ട പ്രദേശവും സര്‍വേ നമ്പര്‍ 110 ല്‍പ്പെടുന്ന പെരിയാറുമാണ് സ്വകാര്യബാര്‍ ഉടമ കയ്യേറി ആറ്റുതീരം കെട്ടിപ്പൊക്കി പുല്‍ത്തകിടിയും 11 ഓളം കോട്ടേജുകളും നിര്‍മ്മിച്ചിരിക്കുന്നത്.

    ReplyDelete