Sunday, November 18, 2012

യുവജന താക്കീതായി ഡിവൈഎഫ്ഐയുടെ മെട്രോ യാത്ര

കൊച്ചി: കൊച്ചി മെട്രോ പദ്ധതിയില്‍നിന്ന് ഡിഎംആര്‍സിയെയും ഇ ശ്രീധരനെയും ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ യുവജന താക്കീതായി ഡിവൈഎഫ്ഐയുടെ മെട്രോ യാത്ര. പദ്ധതി അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സുതാര്യവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ നയിച്ച മെട്രോ യാത്ര കേരള യുവത്വത്തിന്റെ ആവേശവും പ്രതിഷേധവും ആവാഹിച്ചാണ് പൂര്‍ത്തിയാക്കിയത്. ആലുവമുതല്‍ വൈറ്റിലവരെ നടന്ന യാത്രയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. ജാഥ കടന്നുപോകുന്ന കേന്ദ്രങ്ങളില്‍ നൂറുകണക്കിനു പേര്‍ അഭിവാദ്യം അര്‍പ്പിച്ചു. വ്യാപാരി വ്യവസായിസമിതി, മര്‍ച്ചന്റ്സ് യൂണിയന്‍, ഡിസ്ട്രിക്ട് റസിഡന്‍സ് അസോസിയേഷന്‍ അപ്പെക്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ അഭിവാദ്യം നേരാന്‍ എത്തി. 
 
രാവിലെ ആലുവ മുട്ടത്ത് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി രാജീവ് എംപി മെട്രോ യാത്ര ക്യാപ്റ്റന്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ടി വി രാജേഷ് എംഎല്‍എ സംസാരിച്ചു. കൊച്ചി മെട്രോ എറണാകുളം നഗരത്തിലുള്ളവരുടെ മാത്രം ആവശ്യമല്ലെന്നും സംസ്ഥാനത്തെ മുഴുവന്‍ ആളുകളുടെയും അഭിലാഷമാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന നിലപാടുകള്‍ സംശയകരമാണ്. ഇ ശ്രീധരനും ഡിഎംആര്‍സിയും പദ്ധതിയിലുണ്ടാകുമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഇതിനെതിരായ നിലപാടുകളാണ് കൈക്കൊള്ളുന്നത്. സര്‍ക്കാരിന്റെ തീരുമാനങ്ങളെ കാറ്റില്‍പറത്തിയ കെഎംആര്‍എല്‍ മുന്‍ എംഡി ടോം ജോസ് അടക്കമുള്ളവര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. കൊച്ചി മെട്രോയെ അട്ടിമറിക്കാനുള്ള നീക്കത്തെ പൊതുസമൂഹത്തെ അണിനിരത്തി ചെറുക്കുമെന്നും രാജേഷ് പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. എം അനില്‍കുമാര്‍ സ്വാഗതവും ആലുവ ബ്ലോക്ക് സെക്രട്ടറി രാജീവ് സ്കറിയ നന്ദിയും പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗം ടി വി അനിത, സംസ്ഥാനകമ്മിറ്റി അംഗം വി എ ശ്രീജിത്, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍, ജില്ലാകമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും യാത്രയ്ക്ക് നേതൃത്വം നല്‍കി. വൈറ്റിലയില്‍ നടന്ന സമാപന സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പി വാസുദേവന്‍ അധ്യക്ഷനായി. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ടി വി രാജേഷ് എംഎല്‍എ, അഡ്വ. എം അനില്‍കുമാര്‍, എ ജി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. 
 
 

No comments:

Post a Comment