Saturday, November 10, 2012

കോണ്‍ഗ്രസ് മുന്നണിമര്യാദ പാലിച്ചില്ലെന്ന് കേരള കോണ്‍. മാണി വിഭാഗം

കോട്ടയം: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കേരള കോണ്‍ഗ്രസിനെ പരിഗണിക്കാതിരുന്നത് നിരാശാജനകമാണെന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ എത്ര ന്യായവാദങ്ങള്‍ പറഞ്ഞാലും മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും കേരള കോണ്‍ഗ്രസ് എം മുഖമാസികയായ "പ്രതിച്ഛായ"യുടെ മുഖപ്രസംഗം. 
 
കോണ്‍ഗ്രസില്‍ നിന്ന് നേരിട്ട അവഗണനയില്‍ പാര്‍ടി പ്രവര്‍ത്തകരില്‍ നിരാശയും അമര്‍ഷവും പടര്‍ന്നുകയറിയതായും മുഖപ്രസംഗം പറയുന്നു. മന്ത്രിസഭാ പുനഃസംഘടനയിലെ അവഗണന കേരള കോണ്‍ഗ്രസ് എമ്മിനെ ഞെട്ടിച്ചു. മുന്നണി രാഷ്ട്രീയത്തെ അംഗബലത്തിലൂടെയല്ല കാണേണ്ടത്. മാനസികമായ യോജിപ്പും ഐക്യവുമാണ് പ്രധാനം. തുടക്കം മുതലേ യുഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് എം തഴയപ്പെടേണ്ട പാര്‍ടിയല്ല. 
 
കേരളത്തിലെ ഘടകകക്ഷികളായ കേരള കോണ്‍ഗ്രസ് എമ്മും മുസ്ലിംലീഗും യുപിഎ സര്‍ക്കാരിനെ പിന്താങ്ങുന്നുണ്ട്. ലീഗിന്റെ പ്രതിനിധിയായി ഇ അഹമ്മദ് ഒന്നാം യുപിഎ യുടെ കാലം മുതല്‍ മന്ത്രിസഭയിലുണ്ട്. എന്നാല്‍, കേരള കോണ്‍ഗ്രസിനെ ഇപ്പോഴും അകറ്റി നിര്‍ത്തിയിരിക്കുന്നു. ഏതു രാഷ്ട്രീയ മാനദണ്ഡം വച്ചുനോക്കിയാലും ഇത് ന്യായീകരിക്കാനാവില്ല. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭാപ്രവേശനം സാധ്യമാകുമെന്നായിരുന്നു വിശ്വാസം. മുന്നണിമര്യാദയിലുള്ള വിശ്വാസമായിരുന്നു അത്. ജോസ് കെ മാണി പുതുമുഖമാണെന്ന വാദം അന്നുയര്‍ത്തി. കേന്ദ്രമന്ത്രിമാരും പ്രധാനമന്ത്രിമാര്‍ വരെയും പുതുമുഖങ്ങളായിരുന്ന ചരിത്രമുണ്ട്. കേരള കോണ്‍ഗ്രസ് എമ്മിന് ഒരംഗം മാത്രമേയുള്ളൂവെന്ന വാദവും പിന്നീട് ഉയര്‍ത്തി. ജനതാപാര്‍ടിയെ പ്രതിനിധീകരിച്ച് സുബ്രഹ്മണ്യം സ്വാമി മാത്രം ഉണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തെ കേന്ദ്രവാണിജ്യമന്ത്രിയാക്കിയതും ഈ വാദത്തിന് മറുപടിയായി മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് എംപിമാരുള്ളപ്പോഴാണ് ഒടുവിലത്തെ മന്ത്രിസഭാവികസനം നടന്നത്. എന്നിട്ടും തഴഞ്ഞു. ഇത് മുന്നണി മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്നും മുന്നണിയുടെ വിശ്വാസ്യതയാണ് ഇതിലൂടെ ചോദ്യം ചെയ്യപ്പെട്ടതെന്നും മുഖപ്രസംഗം പറയുന്നു.

No comments:

Post a Comment