തിരു: സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ സിസ്റ്റം
അഡ്മിനിസ്ട്രേറ്റര്‍, പ്രോഗ്രാമര്‍ തസ്തികകളിലേക്ക് പിന്‍വാതില്‍
നിയമനത്തിനുള്ള നീക്കം ലോകായുക്ത സ്റ്റേ ചെയ്തു. നാലിനു നടത്തിയ
എഴുത്തുപരിക്ഷയുടെ അടിസ്ഥാനത്തിലുള്ള നിയമനടപടിയെല്ലാം നിര്‍ത്തിവയ്ക്കാന്‍
ലോകായുക്ത ജസ്റ്റിസ് എം എം പരീതുപിള്ളയും ഉപലോകായുക്ത ജസ്റ്റിസ് ജി
ശശിധരനും ഉത്തരവിട്ടു.
മതിയായ വിജ്ഞാപനമില്ലാതെ ഭരണസമിതിക്ക് താല്‍പ്പര്യമുള്ളവരില്‍ നിന്നുമാത്രം
അപേക്ഷ വാങ്ങി, പ്രഹസന എഴുത്തുപരീക്ഷ നടത്തി നിയമിക്കാനുള്ള നീക്കം
ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍
ഉദ്യോഗാര്‍ഥിയായ വിതുര കളീക്കല്‍ വീട്ടില്‍ എസ് സുബ്രഹ്മണ്യം നല്‍കിയ
പരാതിയിലാണ് ലോകായുക്ത ഉത്തരവ്.
സഹകരണ രജിസ്ട്രാറുടെ അംഗീകാരമില്ലാതെ 70 അസിസ്റ്റന്റുമാരെ പിന്‍വാതിലിലൂടെ
ബാങ്കില്‍ നിയമിക്കാന്‍ മുമ്പ് തീരുമാനിച്ചതും ദേശാഭിമാനി റിപ്പോര്‍ട്ട്
ചെയ്തിരുന്നു. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളുടെ
പരാതിയില്‍ ഹൈക്കോടതിയും ലോകായുക്തയും നിയമനടപടികള്‍ സ്റ്റേ ചെയ്തിരുന്നു.
ഇതു നിലനില്‍ക്കെയാണ് പുതിയ തസ്തികകളിലും പിന്‍വാതില്‍ നിയമനീക്കം
ആരംഭിച്ചത്.
10 സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍മാരുടെയും അഞ്ച് പ്രോഗ്രാമര്‍മാരുടെയും
ഒഴിവില്‍ ഭരണസമിതിക്ക് താല്‍പ്പര്യമുള്ളവരില്‍ നിന്നുമാത്രമാണ് അപേക്ഷ
സ്വീകരിച്ചത്. ആകെ 165 അപേക്ഷകരാണ് ഉള്ളത്. ബാങ്കിന്റെ വെബ്സൈറ്റില്‍
പരസ്യപ്പെടുത്തിയാണ് അപേക്ഷ സ്വീകരിച്ചതെന്നാണ് ബാങ്ക് അധികൃതര്‍
അവകാശപ്പെട്ടത്. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍, പ്രോഗ്രാമര്‍
തസ്തികകള്‍ക്ക് സഹകരണ രജിസ്ട്രാറുടെ അംഗീകാരം ലഭിച്ചിട്ടില്ല. എന്നാല്‍,
ബാങ്കിന്റെ ആവശ്യം പരിഗണിച്ച് കരാര്‍ നിയമനം നടത്തുക പതിവാണ്.
മുന്‍ ഭരണസമിതിയുടെ കാലത്ത് എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്
ടെക്നോളജി, ഐഎച്ച്ആര്‍ഡി, ഇആര്‍ ആന്‍ഡ് ഡിസി തുടങ്ങിയ സ്ഥാപനങ്ങളില്‍
യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ പട്ടിക വാങ്ങി ഇതില്‍നിന്ന് കൂടിക്കാഴ്ച
തെരഞ്ഞെടുപ്പു നടത്തി നിയമിക്കുകയായിരുന്നു പതിവ്. ഇത്തരത്തില്‍
തയ്യാറാക്കിയ പട്ടിക നിലനില്‍ക്കെയാണ് ഭരണസമിതിക്ക് താല്‍പ്പര്യമുള്ളവരെ
തിരുകിക്കയറ്റാന്‍ രഹസ്യമായി അപേക്ഷ വാങ്ങി പരീക്ഷ നടത്തിയത്.
No comments:
Post a Comment