Sunday, November 18, 2012

വിത്തില്ല; കുട്ടനാടന്‍ പാടശേഖരങ്ങളില്‍ തര്‍ക്കം മുളപൊട്ടി

മങ്കൊമ്പ്: വിത്ത് കിട്ടിയില്ല; പുഞ്ചകൃഷിക്കുള്ള പമ്പിങ് ജോലികള്‍ പാടശേഖരങ്ങളില്‍ നിര്‍ത്തിവച്ചു. സഹകരണസംഘത്തിന് മുമ്പില്‍ വിത്തിനായി കര്‍ഷകര്‍ തമ്മില്‍ വാക്കുതര്‍ക്കം. വിത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ ചതുര്‍ഥ്യാകരി സഹകരണബാങ്കില്‍ കര്‍ഷകര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. മാസങ്ങളായി കൃഷി ഓഫീസര്‍ ഇല്ലാത്തതിനാല്‍ ഇവിടെയെത്തിയ കൃഷി അസിസ്റ്റന്റിനോട് കര്‍ഷകര്‍ തട്ടിക്കയറി. പുളിങ്കുന്ന് കൃഷിഭവന്റെ കീഴില്‍ 120ടണ്‍ വിത്താണ് ആവശ്യം. എന്നാല്‍ 60 ടണ്‍ വിത്ത് മാത്രമാണ് ഇതുവരെ എത്തിയത്. 1020 ഏക്കറുള്ള അയ്യനാട് പാടത്ത് പുഞ്ചകൃഷിക്കായി 32 ടണ്‍ വിത്ത് വേണം. ഇവര്‍ വിത്തിനായി ചതുര്‍ഥ്യാകരി സഹകരണബാങ്കിലാണ് പണം അടച്ചത്. ഇവിടെ നിന്നുമാണ് മതികായലിലേക്ക് വിത്ത് നല്‍കുന്നത്. ഇവിടുത്തേക്ക് 21 ടണ്‍ വിത്താണ് വേണ്ടത്. രണ്ട് കായലിനും കൂടി 53ടണ്‍ വിത്ത് വേണം. ശനിയാഴ.ച രാവിലെ വിത്ത് എടുക്കാന്‍ വന്ന മതികായല്‍ പ്രദേശത്തെ കര്‍ഷകരെ അയ്യനാട് പാടശേഖരത്തെ കര്‍ഷകര്‍ തടഞ്ഞു. രണ്ട് കായലിനും കൂടിയുള്ള വിത്ത് മുഴുവന്‍ എത്തിയശേഷം വിതരണം മതിയെന്നാണ് അയ്യനാട് പാടശേഖര കര്‍ഷകരുടെ നിലപാട്. പാടശേഖരത്തിലെ കര്‍ഷകര്‍ തമ്മില്‍ വാക്കുതര്‍ക്കത്തിനുശേഷം മതികായലിലെ കര്‍ഷകര്‍ മടങ്ങിപ്പോയി. 
 
കുട്ടനാട്ടിലെ മറ്റ് ബാങ്കുകളിലെയും അവസ്ഥ ഇതുതന്നെയാണ്. വിത്തിന്റെ പേരില്‍ കര്‍ഷകര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഐക്യവും സമാധാനവും നഷ്ടപ്പെടുന്ന സ്ഥിതി സംജാതമായി. പാടശേഖരത്തെ വിത ഒരുപോലെ ആയില്ലെങ്കില്‍ കൃഷി പലതട്ടില്‍ ആകും. ഒരുഭാഗത്ത് ഞാറ് ആകുമ്പോള്‍ മറുവശത്ത് വിതക്കുന്നതേ ഉണ്ടാകൂ. ഇത് ആ പാടശേഖരത്തിലെ കൃഷിയെത്തന്നെ താളം തെറ്റിക്കും. വിത്ത് കിട്ടാന്‍ താമസിച്ചതോടെ കാര്‍ഷിക കലണ്ടര്‍ താളം തെറ്റി. ഇനി ഒരുപോലെ വിളവെടുപ്പ് ഉണ്ടാകുന്നത് തൊഴിലാളിക്ഷാമവും യന്ത്രക്ഷാമവും ഉണ്ടാക്കും. കലക്ടര്‍ വിളിച്ചുചേര്‍ത്ത പുഞ്ചകൃഷി അവലോകനയോഗത്തില്‍ സീഡ് അതോറിറ്റിയുടെ ഉദ്യോഗസ്ഥര്‍ കൃത്യമായി വിത്ത് എത്തിക്കുമെന്ന് പറഞ്ഞിരുന്നതാണ്. വിത്ത് സബ്സിഡി കര്‍ഷകര്‍ക്ക് നേരിട്ട് ലഭിച്ചാല്‍ തങ്ങള്‍ക്കിഷ്ടമുള്ളിടത്ത് നിന്നും വിത്ത് വാങ്ങാന്‍ കഴിയുമെന്ന് കര്‍ഷകര്‍ പറയുന്നു.

No comments:

Post a Comment