Tuesday, November 13, 2012

എം എം മണിക്കെതിരായ നീക്കം: കോണ്‍ഗ്രസ് പ്രതിസന്ധിക്ക് മറയിടാന്‍ രാഷ്ട്രീയമുതലെടുപ്പ്


കടുത്ത ഗ്രൂപ്പ് യുദ്ധവും മന്ത്രിസഭയിലെ അനൈക്യവുംമൂലം പ്രതിസന്ധിയിലായ കോണ്‍ഗ്രസും യുഡിഎഫും സ്വയംപ്രതിരോധത്തിന് എം എം മണിക്കെതിരെ വീണ്ടും രാഷ്ട്രീയ പകപോക്കല്‍ നടത്തുന്നു. പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസിന്റെ വാദം സുപ്രീംകോടതിയില്‍ 2013 ഫെബ്രുവരിയില്‍ നടക്കാനിരിക്കെയാണ് മണി ഉള്‍പ്പെടെയുളള 4 പേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണസംഘം തീരുമാനിച്ചത്. സര്‍ക്കാര്‍ ഇടപെടലുകളെ തുടര്‍ന്ന് എം എം മണി ഉള്‍പ്പെടെ നാലുപേരെ പ്രതിയാക്കി നെടുങ്കണ്ടം കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്തുകൊണ്ടുളള കേസ് ഹൈക്കോടതിയുടെയും പരിഗണനയിലാണ്. പഴയ കേസുകളുടെ പുനരന്വേഷണത്തിനെതിരെ മണി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയപ്പോള്‍ ബന്ധപ്പെട്ട കോടതികളെ സമീപിക്കണമെന്നാണ് നിര്‍ദേശിച്ചത്.

വിചാരണ നടപടികള്‍ പൂര്‍ത്തീകരിച്ച് 86ല്‍ അവസാനിച്ച അഞ്ചേരി ബേബി കേസിലാണ് പുനരന്വേഷണത്തിന്റെ പേരില്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം നടത്തുന്നത്. പ്രതികളായിരുന്നവരുടെ വീടുകളിലെത്തി ഭീഷണിപ്പെടുത്തിയും മാപ്പുസാക്ഷിയാക്കാമെന്ന് വാഗ്ദാനം നല്‍കിയുമായിരുന്നു പൊലീസിന്റെ നിയമവിരുദ്ധ നടപടി. ഹൈക്കോടതിയില്‍ തീര്‍പ്പായ കേസുകളിലും സംഭവങ്ങളിലും കൃത്രിമ തെളിവുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ സഹായത്തോടെയായിരുന്നു നീക്കം. നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ ബിഎംഎസ് നേതാവ് മോഹന്‍ദാസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പുനരന്വേഷണ സംഘം തെളിവ് ശേഖരിച്ചത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ഈ പ്രശ്നത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തിയിരുന്നു. യുഡിഎഫിന്റെതും കോണ്‍ഗ്രസിന്റെയും താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി കേസ് കൈകാര്യം ചെയ്യുന്നതിന് അന്വേഷണ ഉദ്യോഗസ്ഥരുടെ എണ്ണം വിപുലപ്പെടുത്തി. എം എം മണിക്കും സിപിഐ എമ്മിനുമെതിരെ തെളിവുകളും സാക്ഷികളും ഉണ്ടാക്കാനുള്ള രഹസ്യചര്‍ച്ചകള്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയിരുന്നു. സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന മധ്യമേഖലാ ഐജി കെ പത്മകുമാറിന്റെ നേതൃത്വത്തില്‍ ജൂലൈ, ആഗസ്ത് മാസങ്ങളിലാണ് യോഗം ചേര്‍ന്നത്. ആഭ്യന്തരമന്ത്രി വീണ്ടും ഇടപെട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച പ്രത്യേക അന്വേഷണ സംഘം വീണ്ടും യോഗം ചേര്‍ന്ന് പോളിഗ്രാഫ് ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചത്. അഞ്ചേരി ബേബിയെ ഉപയോഗിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിനെതിരെ സഹോദരന്‍ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. ഇത്രയും കാലം അനുസ്മരണം നടത്താതിരുന്നവര്‍ ഇപ്പോള്‍ വാര്‍ഷികാചരണം നടത്തുന്നതില്‍ തങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും ബേബിയുടെ പേരില്‍ പിരിച്ച സഹായധനം പോലും നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇത് മറികടക്കാനുള്ള തന്ത്രം കൂടിയായാണ് പുതിയ നീക്കം.
(കെ ടി രാജീവ്)

deshabhimani

No comments:

Post a Comment