Tuesday, May 28, 2013

സര്‍ക്കാരിന്റെ രഹസ്യ ഫയല്‍: കൈകാര്യം ചെയ്യുന്നത് സ്വകാര്യ കമ്പനി

സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും രഹസ്യ ഫയലുകള്‍ കൈകാര്യംചെയ്യുന്നത് സ്വകാര്യ ഐടി കമ്പനി. വകുപ്പുകളുടെ ഫയലുകള്‍ പരിശോധിക്കുന്നതിനും വേണമെങ്കില്‍ മാറ്റം വരുത്തുന്നതിനുമുള്ള സൗകര്യമാണ് ടെക്നോപാര്‍ക്കിലെ സ്വകാര്യ കമ്പനിക്ക് ലഭ്യമാകുന്നത്. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥിതിവിവരങ്ങളെല്ലാം ഈ കമ്പനിവഴി സ്വകാര്യ കമ്പനികളിലോ വ്യക്തികളിലോ എത്തിയിട്ടുണ്ട്. കടലാസ് രഹിത ഫയലിങ് സംവിധാനം (ഇ- ഫയലിങ്) നടപ്പാക്കുന്നതിനുള്ള ചുമതലയാണ് സ്വകാര്യ കമ്പനിക്ക് നല്‍കിയത്്. സുപ്രധാനമായ പദ്ധതികളുടെ നിര്‍ദേശംമുതല്‍ പൂര്‍ത്തീകരണംവരെയുള്ള ഫയല്‍നീക്കമെല്ലാം ആവശ്യമെങ്കില്‍ ഈ കമ്പനിക്ക് മനസിലാക്കാം. കെല്‍ട്രോണ്‍ നേരിട്ട് നടപ്പാക്കേണ്ട പദ്ധതിയാണ് കോടികള്‍ നല്‍കി സ്വകാര്യ കമ്പനിക്ക് നല്‍കിയത്. ഐടി വകുപ്പിന്റെ കീഴില്‍ നടപ്പാക്കുന്ന പദ്ധതി കെല്‍ട്രോണിനെ മുന്നില്‍നിര്‍ത്തി ഈ കമ്പനി കൈവശപ്പെടുത്തുകയായിരുന്നു.

ഫയലിന്റെ രൂപീകരണം, പുരോഗതി, തപാല്‍ നീക്കം, ഫയല്‍ അവസാനിപ്പിക്കല്‍ വരെയുള്ള എല്ലാം മനസിലാക്കാന്‍ കഴിയുന്ന സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നത്. കേന്ദ്ര വിവരസാങ്കേതിക വാര്‍ത്താ വിനിമയ മന്ത്രാലയത്തിനുകീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ (എന്‍ഐസി) വിജയകരമായി ഉപയോഗിക്കുന്ന സോഫ്റ്റ്വെയറുകള്‍ വേണ്ടെന്നുവച്ചാണ് സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചത്. എന്‍ഐസിയുടെ മെസേജ് എന്ന സോഫ്റ്റ്വെയര്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ ചെറിയ മാറ്റം വരുത്തി ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയല്‍ ഫ്ളോ സിസ്റ്റം (ഡിഡിഎഫ്എസ്) എന്നപേരില്‍ അവതരിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ പണവും സെക്രട്ടറിയറ്റ് ജീവനക്കാരുടെ കഴിവും ഉപയോഗിച്ച് സ്വതന്ത്ര സോഫ്റ്റ്വെയര്‍ എന്ന നിലയിലാണ് ഡിഡിഎഫ്എസ് വികസിപ്പിച്ചത്. ഇതിന്റെ ഉടമസ്ഥാവകാശം സര്‍ക്കാരിനായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. സോഫ്റ്റ്വെയര്‍ വികസിപ്പിച്ചശേഷം കമ്പനി സ്വന്തമാക്കി. ഇതിന്റെ പകര്‍പ്പവകാശമോ സോഴ്സ്കോഡോ സര്‍ക്കാരിന് കൈമാറിയില്ല. സോഫ്റ്റ്വെയര്‍ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പിനോ ഏജന്‍സിക്കോ ഉപയോഗിക്കണമെങ്കില്‍ കമ്പനി ചോദിക്കുന്ന പ്രതിഫലം നല്‍കേണ്ടിവരുന്നു.

ഐടി വകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഐടി മിഷന്‍, സുസ്ഥിര നഗര വികസന പദ്ധതി, കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, അനെര്‍ട്ട്, അക്ഷയ, സിറ്റിസണ്‍ കാള്‍ സെന്റര്‍, സംസ്ഥാന ഇ-മിഷന്‍ ടീം, പൊലീസ്, ചീഫ് ഇലക്ഷന്‍ ഓഫീസ്, സ്റ്റേഷനറി, കേരള ധനകാര്യ കമീഷന്‍, കോഴിക്കോട് സര്‍വകലാശാല, ആരോഗ്യം തുടങ്ങിയ സുപ്രധാന വകുപ്പുകളിലും ഏജന്‍സികളിലും ഇ-ഫയലിങ് തുടങ്ങിക്കഴിഞ്ഞു. വനം തുടങ്ങിയ വകുപ്പുകളെയും സമീപിച്ചിട്ടുണ്ട്. സുപ്രധാന പദ്ധതികളുടെ ഏത് ഫയല്‍നീക്കവും ഇതുവഴി ചോര്‍ത്തപ്പെടാം
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment