Saturday, May 18, 2013

എംജി കോളേജില്‍ കാവിക്കൊടി താഴ്ന്നു


എംജി കോളേജില്‍ കാല്‍നൂറ്റാണ്ടിലേറെയായി പിടിമുറിക്കിയ ഫാസിസത്തിന്റെ കാവിക്കൊടി താഴ്ന്നു. എബിവിപി-ആര്‍എസ്എസ് സംഘം കൈയടക്കിയ ക്ലാസുമുറികള്‍ വെള്ളിയാഴ്ച പൊലീസ് ഒഴിപ്പിച്ചു. മുറികളില്‍നിന്ന് കമ്പിപ്പാരയും ഇരുമ്പുകമ്പികളും കണ്ടെടുത്തു. കൊടിമരങ്ങളും കൊടിയും എടുത്തുമാറ്റി. എബിവിപിയുടെ പ്രവര്‍ത്തനങ്ങള്‍ കാരണം കോളേജിന്റെ മതേതരത്വം തകര്‍ന്നെന്നും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുരക്ഷയില്ലെന്നും കാണിച്ച് കോളേജ് മാനേജ്മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നാണ് നടപടി. കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ കൈയടക്കിവച്ചിരുന്ന രണ്ടു ക്ലാസുമുറിയാണ് ഒഴിപ്പിച്ചത്. ദ്വാരക, അമ്പാടി എന്നീ പേരുകളിലായിരുന്നു ഇവ അറിയപ്പെട്ടത്. ഈ മുറികളിലായിരുന്നു വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നത്. ഇവിടെനിന്ന് 12 കമ്പിപ്പാരയും നിരവധി ജനല്‍ക്കമ്പികളും വടികളും ലഭിച്ചു. ഇതോടൊപ്പം കോളേജ് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സ്ഥാപിച്ച എബിവിപിയുടെ കൊടിമരവും മുറിച്ചുനീക്കി. നോട്ടീസ് ബോര്‍ഡ്, കോളേജിന്റെ വളപ്പിലും പ്രവേശനകവാടത്തിലും സ്ഥാപിച്ച കാവിക്കൊടികള്‍ എന്നിവ എടുത്തുമാറ്റി. ക്ലാസുമുറികള്‍ വിട്ടുനല്‍കാനും കൊടിമരങ്ങളും മറ്റും മാറ്റാനും എബിവിപി ജില്ലാ കണ്‍വീനര്‍ അനീഷ്, കോളേജ് യൂണിറ്റ് ഭാരവാഹികളായ ആര്‍ അഭിലാഷ്, വി വിപില്‍കുമാര്‍ എന്നിവര്‍ക്ക് ഹൈക്കോടതി പ്രത്യേകദൂതന്‍ വഴി ഉത്തരവ് നല്‍കിയിരുന്നു. ഇത് പാലിക്കാന്‍ ഇവര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി. കോളേജിനുള്ളില്‍ ശാഖാപ്രവര്‍ത്തനവും വിദ്യാര്‍ഥികളില്‍നിന്ന് അനധികൃത പിരിവും പാടില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

കന്റോണ്‍മെന്റ് എസി എം ജി ഹരിദാസ്, പേരൂര്‍ക്കട സിഐ പ്രദീപ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു നടപടി. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി ആര്‍എസ്എസ്-എബിവിപി സംഘം ക്യാമ്പസില്‍ എത്തിയിരുന്നു. നടപടിയുടെ ഭാഗമായി കോളേജ് പ്രിന്‍സിപ്പലിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. 1997ലാണ് കോളേജ് ഗവേണിങ് ബോഡി തീരുമാനപ്രകാരം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ സ്വാതന്ത്ര്യസമര സുവര്‍ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി ദേശീയപതാക ഉയര്‍ത്താന്‍ കൊടിമരം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അതേ ദിവസം രാത്രിയില്‍ ആര്‍എസ്എസ്-എബിവിപി സംഘം ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ തീപ്പന്തം ആലേഖനംചെയ്ത കാവിക്കൊടിമരം ഉയര്‍ത്തുകയായിരുന്നു. ഇതിനെയാണ് മുറിച്ചുമാറ്റിയത്. 1985-86കാലഘട്ടത്തിലാണ് കോളേജിനുള്ളില്‍ ആര്‍എസ്എസ്-എബിവിപിയുടെ പ്രവേശനം. തുടര്‍ന്നങ്ങോട്ട് താലിബാന്‍ മോഡല്‍ പ്രവര്‍ത്തനങ്ങളായിരുന്നു. ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയായിരുന്നു വിദ്യാര്‍ഥി കുപ്പായമിട്ട് എത്തുന്ന ഒരുകൂട്ടം ഫാസിസ്റ്റുകള്‍ കോളേജിനെ അടക്കിവാണത്. നിര്‍ബന്ധിത ശാഖാപരിശീലനവും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവരെ കോളേജില്‍നിന്ന് ആട്ടിയോടിച്ചും കാവിഭീകരത തുറന്നുകാട്ടി. കോളേജ് അധികൃതര്‍ തിരിച്ചുപിടിച്ച രണ്ടു ക്ലാസുമുറികള്‍ നൂറു കണക്കിനു വിദ്യാര്‍ഥികളെ മൃതപ്രായരാക്കിയിട്ടുണ്ട്. മുറികളിലെ ചുവരില്‍ ചോരപ്പാടുകള്‍ ഇപ്പോഴും കാണാം.

deshabhimani

No comments:

Post a Comment