Sunday, May 19, 2013

സമരഭൂമിയില്‍ കനകം വിളയിച്ച് മണ്ണിന്റെ അവകാശികള്‍


കോഴഞ്ചേരി: സമരഭൂമിയില്‍ കനകം വിളയിച്ച് മണ്ണിന്റെ അവകാശികള്‍ മാതൃകയാകുന്നു. വിമാനത്താവളത്തിന്റെ മറവില്‍ കെജിഎസ്ഗ്രൂപ്പ് കൈയ്യടക്കിവെച്ച ആറന്മുളയിലെ മിച്ചഭൂമിയില്‍കുടില്‍കെട്ടി താമസിക്കുന്ന അമ്പതോളം കുടുംബങ്ങള്‍ കൃഷിയിറക്ക് നൂറുമേനി വിളവെടുത്തത്. വാഴയും കപ്പയുംചേനയും കാച്ചിലും ചേമ്പും പിന്നെ പച്ചക്കറിയുമാണ് പ്രധാനമായും ഇവര്‍ നട്ടുപിടിപ്പിച്ചത്. ഇതില്‍ പച്ചക്കറിയുടെ വിളവെടുപ്പാണ് ആരംഭിച്ചത്.

ഭൂരഹിതരുടെ സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ജനുവരി 11 മുതലാണ് അഞ്ഞൂറോളം കുടുംബങ്ങള്‍ ആറന്മുള വിമാനത്താവള ഭൂമിയില്‍ കൂരമേഞ്ഞ് താമസം ആരംഭിച്ചത്. വാടക വീടുകളിലും ലക്ഷംവീട് കോളനികളിലെ ബന്ധുവീടുകളോട് ചേര്‍ന്ന് ചായ്പ്പ്വെച്ചും അഗതിയിടങ്ങളില്‍ കഴിഞ്ഞിരുന്ന ഭഭൂരഹിതരായ ആളുകളുമാണ് കയറികിടക്കാന്‍ ഒരു തുണ്ടു ഭഭൂമിക്കും അന്ത്യവിശ്രമത്തിന് ആറടി മണ്ണിനും വേണ്ടിയുള്ള പോരാട്ടം തുടരുന്നത്. കുടിലിനോട് ചേര്‍ന്നുള്ള ഭഭൂമി കയറും കമ്പുംവെച്ച് വേലികെട്ടി തിരിച്ചാണ് സ്വന്തമാക്കി കൃഷിയിറക്കിയത്. രണ്ട് മാസം മുമ്പ് വിത്തിട്ട പാവലും പടവലും വെള്ളരിയും വഴുതനയും പയറും തണ്ണിമത്തനും ചീരയുമൊക്കെ സമൃദ്ധമായിട്ടാണ് ഇവിടെ വിളയുന്നത്.

കുറുന്താര്‍ ഹൗസ്സെറ്റ് കോളനിയില്‍ സ്വന്തമായുണ്ടായിരുന്ന വീട്പോലും നഷ്ടപ്പെട്ട് ആറന്മുള പുത്തേത്ത് മണ്ണില്‍ വാടകയ്ക്ക് താമസിക്കുന്ന സോമന്‍നായരും ഭാര്യ ശാന്തകുമാരിയും കൂരയ്ക്കുപിന്നില്‍ ഇറക്കിയകൃഷിയില്‍ നിന്നും ഇതിനകം നൂറ് കണക്കിന് പടവലങ്ങയും ഡസന്‍കണക്കിന് വെള്ളരിയുമാണ് പറിച്ചെടുത്തത്. കിണറിനോട് ചേര്‍ന്ന് നിര്‍മിച്ച കിണറില്‍ നിന്നും വെള്ളം കോരി കാത്തു പരിപാലിച്ച പച്ചക്കറി തീര്‍ത്തും കീടനാശിനി മുക്തമാണ്. ചാണകവും, ചാരവും മാത്രമാണ് വളമായി ഉപയോഗിച്ചത്. ഇടശേരിമല പൊയ്കയില്‍ സരോജിനി, പരുമല ഉഴത്തില്‍ ഓച്ചയില്‍ സരസ്വതി, പന്തളം കടയ്ക്കാട് രാധ, കിടങ്ങന്നൂര്‍ മുണ്ടോത്ത് മണ്ണ് ടി രാജു, ഓതറ തെരുവുഴത്തില്‍ ശാന്ത, മങ്ങാരം ചേരിക്കല്‍ കിഴക്കോട്ട് ചരിഞ്ഞതില്‍ ഗോമതി തുടങ്ങി അമ്പത്തിയൊന്‍പത് കുടുംബങ്ങളാണ് കുടിയേറ്റഭൂമിയില്‍ കൃഷിയിറക്കി വിളവെടുത്തത്. ഇതില്‍ രാജുവും ഭഭാര്യ പുഷ്പലീലയും പ്ലാവും മാഞ്ചിയവും തേക്കുംവരെ നട്ടുകഴിഞ്ഞു. പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമൊത്ത് താമസിക്കുന്ന അദ്ധ്വാനശീലരായ ഈ ദമ്പതികളുടെ കുടിലിനു ചുറ്റും നൂറോളംമൂട് കപ്പ തന്നെയുണ്ട്. പയറും തണ്ണിമത്തനുമൊക്കെ ഇതിനകം വിളവെടുത്തു കഴിഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാര്‍, ജില്ലാ കമ്മറ്റിയംഗം കെ എം ഗോപി, ഏരിയാ സെക്രട്ടറി ആര്‍ അജയകുമാര്‍, ലോക്കല്‍ സെക്രട്ടറി പി ഡി മോഹനന്‍, കര്‍ഷകസംഘം ഏരിയാസെക്രട്ടറി ജി വിജയന്‍ തുടങ്ങിയവരുടെ നേതൃത്വം ഇപ്പോഴും സമരഭൂമിയിലെ താമസക്കാര്‍ക്ക് അനുഗ്രഹമാണ്. ഈ നേതാക്കളുടെ നിര്‍ദേശാനുസരണമാണ് പൊന്നുവിളയുന്ന മണ്ണില്‍ കൃഷിയിറക്കാന്‍ ഇവര്‍ക്ക് പ്രേരണയായത്.

deshabhimani

No comments:

Post a Comment