Tuesday, May 28, 2013

കോണ്‍ഗ്രസിനെ നെടുകെപ്പിളര്‍ത്തി ഒരു കേരളയാത്ര

ഒരു മെയ്യാണെങ്കിലും ഒറ്റക്കരളാണേയെന്ന നാട്യത്തില്‍ ബോബനും മോളിയുംപോലെ ""ഐക്യ""ത്തിന്റെ പുതിയ മാതൃകയായെന്ന് സ്വയം മേനി നടിച്ചിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള യാത്രയുടെ അറുതിയായപ്പോള്‍ കൂടുതല്‍ തുറന്നു കാട്ടപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങളുടെ നിറഞ്ഞ പിന്തുണയോടെ കേരള യാത്ര നടത്തി ആധിപത്യമുറപ്പിക്കാനുള്ള ചെന്നിത്തലയുടെ മോഹങ്ങള്‍ക്ക് കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെ അതിബുദ്ധിക്കുമുന്നില്‍ തലകുനിക്കേണ്ടി വന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പദവി കേരള പിഎസിസിയുടെ അധ്യക്ഷപദവിയാണെന്ന് മേനിനടിച്ച് നടക്കുകയായിരുന്നു ചെന്നിത്തല.

സമുദായ സമവാക്യങ്ങള്‍ ഒപ്പിക്കാന്‍ ചെന്നിത്തലകൂടി മന്ത്രിസഭയിലെത്തണമെന്ന് എന്‍എസ്എസ് കല്‍പിച്ചിട്ടുപാലും മന്ത്രിപദവിയുടെ നിസ്സാരതയെപ്പറ്റിയാണ് ചെന്നിത്തല ഉപന്യസിച്ചിരുന്നത്. അവസാനം ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ അതുമാകാമെന്ന് സമ്മതം മൂളിയപ്പോഴാണ് ഉമ്മന്‍ചാണ്ടിയുടെ വിശ്വരൂപം ചെന്നിത്തല കണ്ടത്. വനംവകുപ്പോ, ട്രാന്‍സ്പോര്‍ട്ടോ കിട്ടിയാലായി; അതുതന്നെ വളരെ കഷ്ടപ്പെട്ടാണ് എന്ന മട്ടിലാണ് ഉമ്മന്‍ചാണ്ടി സംഘം പ്രതികരിച്ചത്. അവസാനം കേരളയാത്രയുടെ സമാപനയോഗം നടക്കുന്ന ദിവസം ഐ ഗ്രൂപ്പിന്റെ നേതൃയോഗം കെപിസിസി അദ്ധ്യക്ഷന്‍തന്നെ വിളിച്ചുകൂട്ടുന്നതിലേക്കെത്തി കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയം. നീറിപ്പുകയുന്ന അഗ്നിപര്‍വ്വതംപോലെ, വികാര വിക്ഷോഭങ്ങള്‍ പുറത്തേക്ക് വമിക്കാന്‍ തുടങ്ങിയ സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി മറയില്ലാത്ത ഗ്രൂപ്പു പോരാട്ടത്തിന്റെ നാളുകള്‍ വീണ്ടും സജീവമായി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പുത്തരിയല്ലെന്നും അത് നാട്ടുനടപ്പാണെന്നും മാധ്യമങ്ങള്‍ ആശ്വസിക്കാറുണ്ട്. ജനം മടുക്കുന്ന ചക്കളത്തിപ്പോരാട്ടം അരങ്ങുതകര്‍ക്കുമ്പോള്‍ അതിന് മറയിടാനുള്ള സൂത്രവിദ്യയാണ് ഈ സാമാന്യവല്‍ക്കരണം. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ, എ വിഭാഗമെന്നപേരില്‍ ആന്റണിയെ മുന്‍നിര്‍ത്തി ഗ്രൂപ്പുകളിച്ചത് എങ്ങനെയൊക്കെയെന്ന് ഇപ്പോള്‍ നാടാകെ പാട്ടാണ്. ചാരക്കേസ് അതിന്റെ സന്തതിയായിരുന്നു. കരുണാകരനെ വെട്ടി മുഖ്യമന്ത്രിക്കസേരയിലെത്തിയ എ കെ ആന്റണിക്കും ഉമ്മന്‍ചാണ്ടിയടക്കമുള്ള തന്റെ ഗ്രൂപ്പുകാരുടെ അധികാരമോഹം പിന്നീട് ശരിക്ക് കാണേണ്ടിവന്നു. ഗതികെട്ട് രാജിവച്ച് കേരളം വിട്ട ആന്റണിയും തന്റെ ഗ്രൂപ്പ് ഉപേക്ഷിച്ചെങ്കിലും, ആന്റണിയില്ലാത്ത എ ഗ്രൂപ്പിന്റെ തലവനായി, ഉമ്മന്‍ചാണ്ടി പിന്നീട് അതില്‍ കിരീടംവയ്ക്കാത്ത രാജാവായി. കരുണാകരനേയും മകനേയും ഒരു വഴിക്കാക്കിയതോടെ എല്ലാ ഭീഷണിയും അകന്നുവെന്നു കരുതിയ കാലഘട്ടത്തിലാണ് എ ഗ്രൂപ്പിന്റെ ഭാഗമല്ലാത്തവര്‍ ഒറ്റക്കെട്ടായി, വിശാല ഐ ഗ്രൂപ്പ് പുനര്‍ജനിച്ചത്. കരുണാകരനെ വെട്ടാന്‍ അഞ്ചാംപത്തിയായി മാറിയ മൂവര്‍സംഘത്തിലെ ചെന്നിത്തല വിശാല ഐയുടെ തലവനും, പിന്നീട് കെപിസിസിയുടെ അധ്യക്ഷനുമായി. ഇതിനിടയില്‍ വന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ അധികാരത്തര്‍ക്കമാണ് ചെന്നിത്തലകൂടി മത്സരരംഗത്തിറങ്ങുന്നതിലേക്കെത്തിച്ചത്. അധികാരമേറ്റ കാലത്തുതന്നെ തര്‍ക്കം ആഭ്യന്തര വകുപ്പിലായിരുന്നു. എ വിഭാഗം അത് വിട്ടുകൊടുക്കില്ല. അഞ്ചാം മന്ത്രി തര്‍ക്കത്തിന്റെ പാരമ്യത്തില്‍ ആഭ്യന്തരമന്ത്രിപദത്തോടെ മന്ത്രിസഭയില്‍ കടന്നുകൂടാമെന്ന രമേശിന്റെ മോഹങ്ങള്‍ക്ക്, തിരുവഞ്ചൂരിനെ ആഭ്യന്തരമന്ത്രിയാക്കി ഉമ്മന്‍ചാണ്ടി തടയിട്ടു. അന്ന് പിണങ്ങിയ എന്‍എസ്എസ് പിന്നീട് തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇടതുഭരണത്തെ അട്ടിമറിക്കാന്‍, ജാതി-മത-രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് എത്രത്തോളം വഴങ്ങിയെന്നതിന്റെ തെളിവായി. യുഡിഎഫിലെ ഘടകകക്ഷികളുടെ ജാതി-മത അടിസ്ഥാനം, രാഷ്ട്രീയ കേരളത്തിന്റെ അടിത്തറ മാന്തുന്നതാണ്. അതിനും പുറമെയാണ് കോണ്‍ഗ്രസ് ഈ ജാതി-വര്‍ഗ്ഗീയ രാഷ്ട്രീയത്തിന് കീഴ്പെട്ട് കിടക്കുന്നത്. കെപിസിസി അധ്യക്ഷന്‍ ഒരു മൃതശരീരമാണെന്നും, മുഖ്യമന്ത്രി തരികിട രാഷ്ട്രീയം കളിക്കുകയാണെന്നും എസ്എന്‍ഡിപിയുടെയും എന്‍എസ്എസിന്റെയും തലവന്‍മാര്‍ അനുഭവസാക്ഷ്യം പറയുമ്പോള്‍ അതങ്ങനെയല്ലയെന്ന് പറയാന്‍പോലും നാവുയര്‍ത്താന്‍ മൂത്ത കോണ്‍ഗ്രസ് പോയിട്ട് ഒരു യൂത്തു കോണ്‍ഗ്രസുകാരന്‍പോലുമില്ലെന്നായിരിക്കുന്നു.

യൂത്തുകോണ്‍ഗ്രസിന്റെയും കെഎസ്യുവിന്റെയും ഐഎന്‍ടിയുസിയുടെയും തെരഞ്ഞെടുപ്പുകളില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കേരളമാകെ ഏറ്റുമുട്ടിയതാണ്. നിരവധി തെരഞ്ഞെടുപ്പ് വേദികള്‍ ചോരക്കളമായെങ്കിലും ആഭ്യന്തരമന്ത്രിയുടെ ""ന്യായസ്ഥത""കൊണ്ട് ആര്‍ക്കും ജയിലില്‍ പോകേണ്ടിവന്നില്ല. അണികള്‍ തമ്മില്‍ ഇങ്ങനെ പെരുത്ത അടിനടത്താന്‍ നേതാക്കള്‍ ചരടുവലിക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് കൈവശം വയ്ക്കേണ്ടതിന്റെ പ്രാധാന്യം പ്രത്യേകം പറയേണ്ടതുമില്ല. അതിന്റെ മേലാണ് ഇപ്പോള്‍ തര്‍ക്കം. മന്ത്രിപദവിയെന്നതിനേക്കാള്‍, ആഭ്യന്തരവകുപ്പിെന്‍റ സംഹാര സാധ്യതകളാണ് ഇരു ഗ്രൂപ്പുകളേയും ആകര്‍ഷിക്കുകയോ അലട്ടുകയോ ചെയ്യുന്നത്. ഗണേശ്കുമാര്‍ രാജിവച്ച ഒഴിവില്‍ മന്ത്രിക്കസേരയിലേറാന്‍ ചെന്നിത്തലയെ ""ചൂണ്ടയിട്ട്"" കെണിയിലാക്കി, ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ""അരസമ്മത""മുണ്ടെന്ന് പ്രസ്താവനയിറക്കിച്ച എ ഗ്രൂപ്പുകാര്‍, കളി കാര്യമായപ്പോള്‍ ആഭ്യന്തരം വിട്ടുതരില്ലെന്ന നിലപാട് സ്വീകരിച്ചു. ഇതാണ് ചെന്നിത്തലയെ ഇളിഭ്യനാക്കിയത്. കേരളത്തെ ഇളക്കിമറിക്കുമെന്നും രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്നും വീമ്പിളക്കിയ ഒരു കേരളയാത്രയുടെ നായകനാണ് ചുരികയൊടിഞ്ഞ്, കാലുളുക്കി, കളിക്കളത്തിലിരിക്കുന്ന അങ്കച്ചേകവന്റെ മട്ടില്‍ തളര്‍ന്നിരിക്കുന്നത്. ശത്രുക്കള്‍ക്കുപോലും ഈ ഗതി വരുത്തരുതേയെന്ന് ആര്‍ക്കും തോന്നുന്ന ഗതികേടില്‍പെട്ട് ഉഴലുന്ന ചെന്നിത്തലയെ മാത്രമല്ല, ഐ ഗ്രൂപ്പിനെയാകെ തന്ത്രവൈദഗ്ധ്യത്താല്‍ മലര്‍ത്തിയടിച്ചതിന്റെ ആഹ്ലാദം ഉമ്മന്‍ചാണ്ടി ഗ്രൂപ്പില്‍ പ്രകടവുമാണ്. അതിനിടയിലും ഒരു ചോദ്യം ഉയരുന്നു. എന്തിനായിരുന്നു ചെന്നിത്തലയുടെ കേരളയാത്ര.

ഒരു മാസത്തോളം, കേരളത്തിലെ വിവിധ ജില്ലകളില്‍ സഞ്ചരിച്ച കേരളയാത്രയ്ക്ക് മുഖപേജില്‍തന്നെ വര്‍ണചിത്രങ്ങള്‍ നല്‍കി. മുഖ്യധാരാ മാധ്യമങ്ങള്‍ തങ്ങളുടെ പക്ഷപാതിത്വം വ്യക്തമാക്കുകയുണ്ടായി. ചെന്നിത്തലയുടെ ജാഥയിലെ ശുഷ്കമായ ജനക്കൂട്ടമല്ല, നേതാക്കളുടെ സമ്പന്ന സാന്നിദ്ധ്യമാണ് മാധ്യമങ്ങള്‍ക്ക് ഹരം. കേരളം നേരിടുന്ന ഏതെങ്കിലും പ്രശ്നം ഈ ജാഥ ചര്‍ച്ചചെയ്തോ? കേരളയാത്ര രാഷ്ട്രീയരംഗത്തിന് നല്‍കിയ സംഭാവന എന്താണ്? കേരള ഭരണത്തെ അത് ശക്തിപ്പെടുത്തിയില്ല. ഘടകകക്ഷികളുടെ അപ്രമാദിത്തത്തെ ചോദ്യംചെയ്തില്ല. ജാതി-മത രാഷ്ട്രീയത്തിന്റെ അതിപ്രസരത്തെ നിരാകരിച്ചില്ല. എന്‍ഡിഎഫ് ഭീകരവാദികള്‍ മനുഷ്യരൂപം ഉണ്ടാക്കി അതില്‍ വെട്ടിപ്പഠിക്കുന്ന ക്യാമ്പുകളുടെ വിവരം പുറത്തുവന്നിട്ടും അതിനെതിരെ ശബ്ദിക്കുന്ന ഒന്നായി കേരളയാത്ര മാറിയില്ല. ഇതിനിടയില്‍ കേരളത്തില്‍ വന്നുപോയ നരേന്ദ്രമോഡിയെ തുറന്നുകാട്ടാനും ചെന്നിത്തലയ്ക്കായില്ല.

ചങ്ങനാശ്ശേരിയില്‍നിന്നും കണിച്ചുകുളങ്ങരയില്‍നിന്നും ഗര്‍ജ്ജനങ്ങളുണ്ടായപ്പോള്‍ ഇടിവെട്ടുമ്പോള്‍ മാളത്തിലൊളിക്കുന്ന ഇഴജന്തുക്കളെപ്പോലെ ചെന്നിത്തല, വിളറി വെളുക്കുന്നത് കേരളം കണ്ടു. അത്തരമൊരാള്‍ ""മൃതശരീരം"" കണക്കെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞത് നൂറുശതമാനം സത്യം. ഗതികിട്ടാ പ്രേതംകണക്കെ, കേരളമാകെ അലഞ്ഞ ചെന്നിത്തലയ്ക്ക് മന്ത്രിമന്ദിരത്തില്‍ ഒരു കൂടൊരുങ്ങുമെന്നും, എട്ടുകൊല്ലക്കാലം ഉമ്മന്‍ചാണ്ടിയോട് ""സഹകരിച്ചതിനും"" പ്രതിഫലം കിട്ടുമെന്നും ധരിച്ചുപോയ ചെന്നിത്തല ഉമ്മന്‍ചാണ്ടിയെ ""ശരിക്കും അറിയാത്ത പൊട്ടനായി""പ്പോയല്ലോയെന്ന് ഉമ്മന്‍ചാണ്ടിയെ അടുത്തറിയുന്നവര്‍ ഊറിച്ചിരിക്കുന്ന പതനത്തിലേക്കാണ് കേരളയാത്ര ചെന്നുവീണത്. അവസാനം രാഹുല്‍ഗാന്ധിയെ കൊണ്ടുവന്ന്, സമാപനം നടത്തിയപ്പോള്‍ മാത്രമാണ് കോണ്‍ഗ്രസിലെ ഐക്യം കണ്ടത്. രാഹുല്‍ഗാന്ധിയുടെ കാലുമാത്രമല്ല, ദേഹമാകെ നക്കി തുടയ്ക്കുന്നതില്‍ കോണ്‍ഗ്രസിലെ ഐക്യം പ്രകടമായി. രാഹുല്‍ഗാന്ധിയാകട്ടെ, കമ്യൂണിസം കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണെന്നും അതില്‍നിന്നും കേരളത്തെ രക്ഷപ്പെടുത്തണമെന്നും ആഹ്വാനംചെയ്തപ്പോള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് കുശാലായി. കോണ്‍ഗ്രസ് എല്ലാക്കാലത്തും ഗ്രൂപ്പ് പോരാട്ടങ്ങളുടെ വേദിയാണ്. അധികാരവും സമ്പത്തുംകൊണ്ട് നെഹ്റുകുടുംബം മേധാവിത്വം ഉറപ്പിച്ചതിനാല്‍ അതിനുകീഴെനിന്ന് കളിക്കാനുള്ള ത്രാണിയേ ബാക്കി നേതാക്കള്‍ക്കുള്ളു.

നെഹ്റുകുടുംബത്തിന് ഭീഷണിയാകുന്ന ഒരു നേതാവും കോണ്‍ഗ്രസില്‍ വളരില്ല. നെഹ്റു കുടുംബത്തെ വാഴ്ത്തി അവര്‍ക്ക് കീഴ്പെട്ട് നില്‍ക്കുന്നവര്‍, ഓരോ സ്ഥലത്തും പരസ്പരം ഗ്രൂപ്പുകളായി പടവെട്ടുന്നു. കേരളത്തിലും അതിന്റെ ഭാഗമായി നാലോ അഞ്ചോ ഗ്രൂപ്പുകളുണ്ട്. അവര്‍ തമ്മില്‍ അധികാരത്തിനും പണത്തിനും സ്ഥാനമാനങ്ങള്‍ക്കുംവേണ്ടിയുള്ള ചക്കളത്തിപ്പോരാട്ടമാണ് വ്യാപകമായി നടക്കുന്നത്. അത് മറച്ചുവയ്ക്കുകയെന്നതാണ് മാധ്യമങ്ങള്‍ ചെയ്തുവന്നിരുന്നത്. അവര്‍ക്കുപോലും അന്ന് അസാദ്ധ്യമായവിധം ഗ്രൂപ്പുപോര് മൂത്ത് ചോരയും ചലവും പൊട്ടിയൊലിക്കുന്ന നിലയാണിന്ന്. ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തമ്മിലുണ്ടായിരുന്ന ധാരണ തൊലിപ്പുറമെയുള്ളതു മാത്രമായിരുന്നുവെന്ന് ഇതോടെ തെളിയുന്നു. കമ്യൂണിസ്റ്റ് ഭരണത്തെ കേരളത്തില്‍ ഒഴിവാക്കിയെടുക്കാന്‍ വലതുപക്ഷ ശക്തികള്‍ ഉണ്ടാക്കുന്ന ഐക്യവും മുന്നണിയും അതി ദുര്‍ബലവും, താല്‍ക്കാലികവും, കൃത്രിമവുമാണ്. വൈരുദ്ധ്യങ്ങളുടെ കൂടാരമാണത്. കോണ്‍ഗ്രസ് പാര്‍ടിതന്നെ പല കഷണങ്ങളാണെന്ന് തുറന്നുകാട്ടുന്നതിലേക്ക് എത്തിച്ചുവെന്നതാണ് കേരള യാത്രകൊണ്ട് കേരളത്തിനു ലഭിച്ച മഹാഭാഗ്യം.

അഡ്വ. കെ അനില്‍കുമാര്‍ chintha weekly

No comments:

Post a Comment