Saturday, May 18, 2013

പ്രിയതമന്റെ ഓര്‍മകളില്‍ നിറഞ്ഞ് ശാരദ


വടകര: "എന്റെ വിനോദന് പത്തുമാസം പ്രായം. എനക്കാണെങ്കില്‍ ഇരുപത് വയസും. ഒരു സന്ധ്യയ്ക്ക് പായില്‍ പൊതിഞ്ഞുകെട്ടി കൊണ്ടുവന്ന ഭര്‍ത്താവിന്റെ ശവശരീരത്തില്‍ ഒരിക്കലേ നോക്കാനായുള്ളൂ. വെട്ടിനുറുക്കിയില്ലേ ഓര്". കെടി ബസാറിലെ വലിയപറമ്പത്ത് ശാരദ ഓര്‍ക്കുന്നു, ഐതിഹാസികമായ വള്ളിക്കാട് രക്തസാക്ഷിത്വം. ഒപ്പം തന്റെ എല്ലാമായ പ്രിയതമനെക്കുറിച്ചുള്ള മരിക്കാത്ത ഓര്‍മകളും.

"വെട്ടേറ്റ് മരിച്ചുകിടക്കുന്ന വാസ്വേട്ടന്റെ ഫോട്ടോ ദേശാഭിമാനി പത്രത്തില്‍ നോക്കിയാണ് എതോ ഒരു ചിത്രകാരന്‍ ഇന്ന് കാണുന്ന വള്ളിക്കാട് വാസുവിന്റെ ചിത്രം വരച്ചത്. കൊല്ലപ്പെടുന്നതിന്റെ കുറച്ച് ദിവസം മുമ്പ് ഞാന്‍ ചിക്കന്‍പോക്സ് പിടിപെട്ട് പുതുപ്പണത്തെ എന്റെ വീട്ടിലായിരുന്നു. വാസ്വേട്ടന്‍ ഇടയ്ക്കിടെ വീട്ടില്‍ വരും. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീട്ടിലെത്തി അവസാനമായി പറഞ്ഞത് സൂക്കേട് മാറി കെടി ബസാറിലെത്തിയാല്‍ നമുക്ക് ഒരുമിച്ച് ഒരു ഫോട്ടോയെടുക്കണമെന്നാണ്. എന്നാല്‍ അടുത്തദിവസം കിടക്കപ്പായയില്‍നിന്ന് എഴുന്നേല്‍പ്പിച്ചുകൊണ്ടുവന്ന ഞാന്‍ കണ്ടത്"... ശാരദയ്ക്ക് കണ്ണീരടക്കാന്‍ കഴിയുന്നില്ല. "അതുകൊണ്ടാ ഒരു നല്ല ഫോട്ടോപോലുമില്ലാത്തത്." അവര്‍ വിതുമ്പി.

നാല് പതിറ്റാണ്ടിലേറെയായി വൈധവ്യം തീര്‍ത്ത ഒറ്റപ്പെടലിലായിരുന്നു ഇവര്‍. 1971 മെയ് 17നാണ് വള്ളിക്കാട് ചരിത്രത്തിന്റെ ഭാഗമാകുന്നത്. 70ലെ ചരിത്രപ്രസിദ്ധമായ ആലപ്പുഴ സമര പ്രഖ്യാപന കണ്‍വന്‍ഷന്റെ ഭാഗമായി നാടെങ്ങും കുടികിടപ്പുസമരം ശക്തം. വള്ളിക്കാട്ടെ ജന്മിയും ലീഗ് നേതാവുമായ മൂസയുടെ കുടികിടപ്പുകാരി കദീശുമ്മയ്ക്ക് കയറി കിടക്കാനുള്ള പത്തുസെന്റ് ഭൂമിക്കായുള്ള പോരാട്ടം. മാടമ്പിത്തരത്തിന് എതിര്‍വായില്ലാത്ത കാലം. എന്നാല്‍ കര്‍ഷകസംഘവും കമ്യൂണിസ്റ്റ് പാര്‍ടിയും കദീശുമ്മയ്ക്ക് സംരക്ഷണവുമായി രംഗത്തെത്തി. സരമത്തിന് മുന്നില്‍ വാസു സജീവം. പത്ത് സെന്റ് വളച്ച് കെട്ടി തേങ്ങപറിച്ച് അവകാശം സ്ഥാപിച്ചതോടെ വിറളിപൂണ്ട മൂസ മലപ്പുറത്ത്നിന്ന് ഗുണ്ടകളെ ഇറക്കി സമരത്തെ നേരിടാനുറച്ചു. കളരികെട്ടി, ലീഗ് പ്രമാണിമാര്‍ പ്രസ്ഥാനത്തെ വെല്ലുവിളിച്ച് സമരത്തെ തകര്‍ക്കാന്‍ ഒരുക്കം കൂട്ടി. ഒടുവില്‍ ആസൂത്രിതമായ നീക്കത്തില്‍ ലീഗുകാരും ഗുണ്ടകളും ചേര്‍ന്ന് വാസുവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി. വാസുവിന്റെ ശരീരത്തില്‍ 60ലേറെ വെട്ടുകളുണ്ടായിരുന്നുവെന്നാണ് കോടതി രേഖകളില്‍ പരാമര്‍ശിക്കുന്നത്. ലീഗ് പ്രമാണിത്തത്തിന്റെ കൊടി താഴ്ത്തിക്കെട്ടി പിന്നീട് വള്ളിക്കാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹൃദയഭൂമിയായി മാറി.

"വള്ളിക്കാടിന്റെ സമര പൈതൃകങ്ങളെ തകര്‍ക്കാന്‍ ഒരുസംഘമാളുകള്‍ ലിഗുമായി കൈകോര്‍ത്ത് പാര്‍ടിയെ തകര്‍ക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പേരിലുള്ള സ്മാരകം മൂന്നുതവണ ആര്‍എംപി സംഘം തകര്‍ത്തത്". വാസുവിന്റെ മകന്‍ വിനോദ് പറഞ്ഞു. പിന്നീട് അവര്‍ തന്നെയാണ് അച്ഛന്റെ പേരില്‍ അനുസ്മരണവും സംഘടിപ്പിക്കുന്നത്. ഇതൊക്കെ ആരെ പറ്റിക്കാനാണ്. അന്നും ഇന്നും ഞങ്ങള്‍ക്ക് തുണയായത് സിപിഐ എം മാത്രമേയുള്ളു-ശാരദയോടൊപ്പം വിനോദും പറഞ്ഞു.
(സജീവന്‍ ചോറോട്)

deshabhimani

No comments:

Post a Comment