Saturday, May 18, 2013

മുഖ്യമന്ത്രി ആദിവാസികളെ അപമാനിച്ചു: എ കെ ബാലന്‍


അമ്മമാര്‍ക്ക് ആരോഗ്യമില്ലാത്തതും ആദിവാസികള്‍ റേഷന്‍ വാങ്ങാത്തതുമാണ് അട്ടപ്പാടിയില്‍ ആദിവാസികുഞ്ഞുങ്ങള്‍ മരിക്കാന്‍ കാരണമെന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദിവാസികളെ അപമാനിച്ചതായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തെ ഭരണത്തിനിടയില്‍ റേഷന്‍ വാങ്ങാന്‍ അവസരം സൃഷ്ടിക്കാത്തതെന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബാലന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അരി വാങ്ങാന്‍ കഴിയാതെയാണ് അമ്മമാരുടെ ആരോഗ്യം ക്ഷയിച്ചത്. അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് തൊഴിലില്ല. തൊഴിലുറപ്പു പദ്ധതി നിലച്ചു. തൊഴിലെടുത്ത ഇനത്തില്‍ 25 ലക്ഷം രൂപ കൂലി നല്‍കാനുണ്ട്. 100 ദിവസം തൊഴില്‍ നല്‍കണമെന്നാണ് വ്യവസ്ഥ. പരമാവധി 62 ദിവസമാണ് തൊഴില്‍ ലഭിച്ചത്. റേഷന്‍ കടകളില്‍നിന്ന് 25 കിലോ അരിയും 10 കിലോ ഗോതമ്പും ഏതെങ്കിലും കുടുംബത്തിന് നല്‍കിയിട്ടുണ്ടോ. ഒരു കിലോ ഗോതമ്പിന് 10 രൂപയാണ് ഈടാക്കുന്നത്. പോഷകാഹാരവിതരണത്തിന് പഞ്ചായത്തുകള്‍ 70 ലക്ഷം രൂപ നല്‍കണം. ആകെ നല്‍കിയത് ആറു ലക്ഷം രൂപമാത്രം. ഏതെങ്കിലും അങ്കണവാടി ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ. മന്ത്രിമാരുടെ സന്ദര്‍ശനത്തിനുശേഷമെങ്കിലും വകുപ്പുകള്‍ തമ്മില്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രി പാക്കേജ് പ്രഖ്യാപിച്ചശേഷവും കുടിവെള്ളമെത്തിക്കാന്‍ ഒരു നടപടിയുമില്ല. കുഞ്ഞുങ്ങളെ മരണത്തില്‍നിന്ന് രക്ഷിക്കാന്‍ നടപടിയെടുക്കുന്നതിനു പകരം ആദിവാസികളെയും പാവപ്പെട്ടവരെയും വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി. എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ആദിവാസിക്ഷേമപദ്ധതികളെല്ലാം യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തു. പട്ടികജാതി-വര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള ആനുകൂല്യങ്ങള്‍പോലും തടഞ്ഞു- ബാലന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment