Wednesday, May 29, 2013

കോടികളുടെ കോഴയ്ക്ക് വഴിയൊരുങ്ങി

ഹയര്‍ സെക്കന്‍ഡറിയില്‍ പുതിയ 150 സ്കൂളുകളും 500 ബാച്ചുകളും അനുവദിക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം കോടികളുടെ കോഴയ്ക്ക് വഴിയൊരുക്കുന്നു. കോണ്‍ഗ്രസിലെ തമ്മിലടി മുതലാക്കി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ലീഗ് ഓരോ ജില്ലയിലും നേരിട്ടാണ് കച്ചവടം നടത്തുന്നത്. മാനേജ്മെന്റുകളെ സമീപിച്ച് പുതിയ സ്കൂളുകള്‍ക്കും ബാച്ചുകള്‍ക്കും കച്ചവടം ഉറപ്പിക്കുന്ന തിരക്കിലാണ് ഓരോ ജില്ലയിലെയും ലീഗ് നേതാക്കള്‍. പുതിയ സ്കൂള്‍ അനുവദിക്കാന്‍ ഒരു കോടിയും പുതിയ ബാച്ചിന് 25 ലക്ഷം രൂപയുമാണ് ആവശ്യപ്പെടുന്നത്. പുതിയൊരു ബാച്ച് അനുവദിക്കുമ്പോള്‍ രണ്ടാം വര്‍ഷം ആകുമ്പോഴേക്കും ഏഴു മുതല്‍ പത്തു വരെ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയും. ഇതിലൂടെ കോടികള്‍ കൊയ്യാന്‍ മാനേജ്മെന്റുകള്‍ക്ക് അവസരം ഒരുക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 15,000-ല്‍ അധികം സീറ്റുകളില്‍ കുട്ടികളുണ്ടായിരുന്നില്ല. ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ പാസായവര്‍ 4,51,139 പേരാണെന്നിരിക്കെ പുതിയ സ്കൂളും ബാച്ചുകളും അനുവദിക്കുന്നത് കച്ചവടത്തിനാണെന്നത് വ്യക്തം. അധികമായുണ്ടാകാമെന്ന് പ്രചരിപ്പിക്കുന്ന തുച്ഛമായ സീറ്റുകള്‍ക്കുവേണ്ടി 500 ബാച്ചുകളിലായി ഏതാണ്ട് 25000-ല്‍ അധികം സീറ്റുകളാണ് സൃഷ്ടിക്കുന്നത്. പുതിയ സ്കൂളും ബാച്ചു അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, ഡിഡി തുടങ്ങിയവര്‍ ഉള്‍പ്പെട്ട ഉപസമിതി 30ന് മുമ്പ് രൂപീകരിക്കുമെന്ന അറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇതുവരെ അതുണ്ടായിട്ടില്ല. ഉപസമിതികള്‍ രൂപീകരിക്കുന്നതിന് മുമ്പുതന്നെ ലീഗ് നേതാക്കള്‍ പുതിയ സ്കൂളും ബാച്ചുകളും ആവശ്യമുള്ളവരുമായി കച്ചവടം ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം മലബാര്‍ മേഖലയില്‍ അനുവദിച്ച സ്കൂളുകളിലെ അധ്യാപക തസ്തികകള്‍ക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ലെന്നിരിക്കെയാണ് പുതിയ നിയമനത്തിന് തിരക്കുകൂട്ടുന്നത്. അധ്യാപക നിയമനത്തിനായി ഇപ്പോള്‍ പരസ്യ ലേലം വിളിയാണ് നടക്കുന്നത്. കോട്ടയം ജില്ലയില്‍ അടുത്തിടെ അധ്യാപക തസ്തികയിലേക്ക് ഒരു ഉദ്യോഗാര്‍ഥി 26 ലക്ഷം രൂപയാണ് മാനേജ്മെന്റിന് നല്‍കിയത്. ആലപ്പുഴ ജില്ലയില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് 30 ലക്ഷം രൂപ നല്‍കിയാണ് ഒരാള്‍ ജോലിയില്‍ പ്രവേശിച്ചത്.

ഏബ്രഹാം തടിയൂര്‍ deshabhimani

No comments:

Post a Comment