Thursday, May 30, 2013

തലസ്ഥാനത്ത് മോണോ റെയിലിനും ഇടപ്പള്ളിയില്‍ മേല്‍പ്പാലത്തിനും ഭരണാനുമതി

തിരുവനന്തപുരത്തെ മോണോ റെയില്‍ പദ്ധതിക്കും ഇടപ്പള്ളി മേല്‍പ്പാലത്തിനും ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ടെക്നോസിറ്റി മുതല്‍ കരമന വരെ 22.20 കിലോമീറ്ററിലാണ് മോണോ റെയില്‍ നടപ്പാക്കുന്നത്. മൊത്തം 3590 കോടിരൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇടപ്പള്ളി മേല്‍പ്പാലത്തിന് 135 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ 95 കോടി സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായിരിക്കും. ബാക്കി തുക മെട്രോ റെയില്‍ വഹിക്കും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് നിര്‍മാണ ചുമതല നല്‍കാനും തീരുമാനിച്ചു.

അട്ടപ്പാടി പാക്കേജിന്റെ ഭാഗമായി അഗളി, കോട്ടാത്തറ ആശുപത്രികളില്‍ 75 പുതിയ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അട്ടപ്പാടിയില്‍ ജോലി ചെയ്യാന്‍ സന്നദ്ധരായ ഡോക്ടര്‍മാര്‍ക്ക് പ്രതിമാസം ഇരുപതിനായിരം രൂപ അധികം നല്‍കും. മറ്റു ജീവനക്കാര്‍ക്ക് അടിസ്ഥാനശമ്പളത്തിന്റെ 20 ശതമാനം വര്‍ധന അനുവദിച്ചു. ആശ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഇന്‍സെന്റീവ് നല്‍കും. ആശുപത്രികളിലെ അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കുന്നതിന് 25 ലക്ഷം രൂപ വീതം നല്‍കും കോട്ടാത്തറ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്ത ബാങ്ക്, ഡി-അഡിക്ഷന്‍ സെന്റര്‍, ന്യൂട്രിഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ആരംഭിക്കും. അഗളി സാമൂഹ്യാരോഗ്യകേന്ദ്രത്തില്‍ അത്യാഹിതവിഭാഗം, വിഷംതീണ്ടല്‍ വിരുദ്ധ ചികിത്സാവിഭാഗം തീവ്രപരിചരണവിഭാഗം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിതവിഭാഗം എന്നിവ തുടങ്ങും.

deshabhimani

No comments:

Post a Comment