വിരമിച്ച ജീവനക്കാരെ സംസ്ഥാന ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാരുടെ (എഫ്എസ്ഒ) ഒഴിവുള്ള തസ്തികയില്‍ കൈക്കൂലി വാങ്ങി നിയമിക്കുന്നു. നിലവിലെ 88 തസ്തികയില്‍ ഒഴിവുള്ള ആറു തസ്തികയിലേക്കാണ് ആരോഗ്യമന്ത്രിയുടെ ഒത്താശയോടെ നിയമനം. ഇതുസംബന്ധിച്ച ഫയല്‍ ധനകാര്യവകുപ്പിന്റെ മുന്നിലാണ്. വകുപ്പില്‍ രണ്ട് ഒഴിവു വന്നാല്‍ ഒന്നില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് പ്രൊമോഷന്‍ നല്‍കിയും മറ്റൊന്നില്‍ പിഎസ്സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്വഴിയോ നിയമിക്കുകയും വേണമെന്നാണ് കീഴ്വഴക്കം. അതാണ് ലംഘിക്കുന്നത്. അഴിമതിക്ക് കളമൊരുക്കി ഇവരില്‍ രണ്ടുവീതം പേരെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ നിയമിക്കാനാണ് നീക്കമെന്നും അറിയുന്നു. കരാര്‍വ്യവസ്ഥയിലുള്ള നിയമനത്തിന്റെ വേതനവ്യവസ്ഥകള്‍ തീരുമാനിക്കുന്നതിനാണ് ധനകാര്യവകുപ്പിന്റെ അനുമതിക്കു വിട്ടിരിക്കുന്നത്. അംഗീകാരം ലഭിച്ചാല്‍ നിയമന ഉത്തരവ് ഇറങ്ങും.
മേല്‍പ്പറഞ്ഞ കോര്‍പറേഷന്‍ മേഖലയില്‍ ഇവര്‍ക്കായി ഒഴിവില്ലെങ്കില്‍ നിലവിലുള്ളവരെ സ്ഥലംമാറ്റാനുമാണ് നീക്കം. നിലവിലുള്ള 88 തസ്തികകള്‍ക്കു പുറമെ 52 എഫ്എസ്ഒമാരുടെ തസ്തികയും പുതുതായി സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ നിയമസഭാ മണ്ഡലത്തിലും എഫ്എസ്ഒമാര്‍ വേണമെന്ന നിയസഭാ സബ്കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണിത്. എന്നാല്‍ ഈ തസ്തികയിലേക്കും വിരമിച്ചരെ പണം വാങ്ങി തിരുകിക്കയറ്റാനാണ് നീക്കം. ഇതിനു മുന്നോടിയായാണ് പഴയ തസ്തികളില്‍ വിരമിച്ചരെ നിയമിക്കുന്നത്. വകുപ്പില്‍ പിഎസ്സി റാങ്ക് ലിസ്റ്റില്‍നിന്ന് ഒടുവില്‍ നടന്ന നിയമനം 1988ലാണ്. പിന്നീട് കൂടുതലായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ പ്രൊമോട്ട് ചെയ്യുകയായിരുന്നു. എഫ്എസ്ഒമാരുടെ പൂര്‍വതസ്തികയായ ഫുഡ് ഇന്‍സ്പെക്ടര്‍ജോലിക്ക് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത ബിഎസ്സി കെമിസ്ട്രിയായിരുന്നു. ഇപ്പോഴിത് എംഎസ്സി കെമിസ്ട്രിയായി ഉയര്‍ത്താന്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ ഇതിനു വിരുദ്ധമായി രണ്ടും മൂന്നും കൊല്ലം മുമ്പ് വിരമിച്ച ബിഎസ്സിക്കാരെത്തന്നെയാണ് ഒഴിവുകളിലേക്ക് നിയമിക്കുന്നത്. പുതിയ തസ്തികളിലേക്കും ഈ യോഗ്യതയാണ് പരിഗണിക്കുന്നതെങ്കില്‍ അത് ഈ വിഭാഗം ഉദ്യോഗസ്ഥരുടെ നിലവാരത്തെ ബാധിക്കും. ഒട്ടേറെ അധികാരങ്ങളുള്ള തസ്തികയില്‍ വിരമിച്ചവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നത് നിയമപ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. വകുപ്പിലെ ജോയിന്റ് കമീഷണറുടെ തസ്തികയിലേക്കും സീനിയോറിറ്റി മറികടന്നുള്ള നിയമനമാണ് നേരത്തെ നടത്തിയത്. സീനിയറായ ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസറെ (ഡെസിഗ്നേറ്റഡ് ഓഫീസര്‍)യായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ 13 പേരെ മറികടന്ന് 14-മത്തെ ആളെയാണ് നിയമിച്ചത്.
deshabhimani
No comments:
Post a Comment