Wednesday, May 15, 2013

തുടര്‍മരണം: അട്ടപ്പാടി ഊരുകള്‍ ഭീതിയില്‍


ശിശുമരണം തുടര്‍ക്കഥയാകുന്നതോടെ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ ഭീതിയുടെ നടുവില്‍. ഒന്നരവര്‍ഷത്തിനിടെ 37 ആദിവാസി കുഞ്ഞുങ്ങള്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ഷോളയൂര്‍ പഞ്ചായത്തിലെ വെച്ചപ്പതി മുതല്‍ അഗളി പഞ്ചായത്തിലെ വീരന്നൂര്‍വരെ നവജാതശിശുക്കള്‍ നഷ്ടപ്പെട്ട അമ്മമാര്‍ കണ്ണീര്‍വാര്‍ത്ത് കഴിയുന്നു.

പുതൂര്‍ പഞ്ചായത്തിലെ മുരുകിയുടെ കുഞ്ഞ് മരിച്ചത് ജനുവരി ഒന്നിനായിരുന്നു. ജനുവരി 28ന് പുതൂരിലെ വസന്തയുടെ കുഞ്ഞ് ഒമ്പതാംമാസത്തില്‍ മരിച്ചു. ഫെബ്രു. രണ്ടിനാണ് വെച്ചപ്പതിയിലെ പുഷ്പയുടെ കുഞ്ഞ് മരിച്ചത്. തൊട്ടടുത്ത ഊരായ വെള്ളകുളത്ത് കഴിഞ്ഞ മാര്‍ച്ചില്‍ രങ്കിരാമന്‍, വഞ്ചി എന്നിവരുടെ കുഞ്ഞുങ്ങളും മരിച്ചു. ഇവിടെ ചെല്ലിവേലന്റെ ഇരട്ടക്കുട്ടികളും മരിച്ചു. ഫെബ്രുവരിയില്‍ തെക്കേ കടമ്പാറ ഊരിലെ മങ്കമ്മയുടെ നാല്മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇവിടെനിന്ന് നോക്കിയാല്‍ കാണുന്ന ഊരാണ് വടക്കേ കടമ്പാറ. ഈ ഊരിലെ വീരമ്മ-ശെല്‍വന്‍ ദമ്പതികളുടെ മകള്‍ കാളിയമ്മ പോഷകാഹാരക്കുറവുമൂലം കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആറരമാസംമാത്രം പ്രായമുള്ള കാളിയമ്മ ഏപ്രില്‍ 13ന് മരണത്തിനു കീഴടങ്ങി. ജനുവരിയില്‍ത്തന്നെയാണ് പാലൂരിലെ ലക്ഷ്മി-കുമാര്‍ ദമ്പതികളുടെ കുഞ്ഞ് പ്രസവത്തോടെ മരിച്ചത്. തുടര്‍ന്ന് വീരന്നൂരിലെ ദീപ, നെല്ലിപ്പതിയിലെ പൊന്നമ്മ, ഇടവാണിയിലെ മീന എന്നിവരുടെ കുഞ്ഞുങ്ങളും മരിച്ചു. പൊന്നമ്മയുടേത് ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇവരുടെ മൂത്ത കുഞ്ഞും മരിച്ചു. അഗളി കോണത്തെ മീനയുടെ കുഞ്ഞിന് 11മാസമായിരുന്നു പ്രായം. ഇപ്പോള്‍ അഞ്ചുദിവസത്തിനിടെ മൂന്നു മരണം. ഷോളയൂരിലെ സലോമി-കൃഷ്ണന്‍ ദമ്പതികളുടെ നവജാതശിശു കോട്ടത്തറ ആശുപത്രിയില്‍ മരിച്ചു. 12ന് രാവിലെ പോത്തുപ്പാടി ഊരിലെ സിന്ധുവിന്റെയും 13ന് പട്ടിമാളം ഊരിലെ കവിതയുടെയും കുഞ്ഞുങ്ങള്‍ മരിച്ചു.

കുഞ്ഞുങ്ങള്‍ ഒന്നൊന്നായി മരിച്ചുവീഴുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുന്നു. എല്ലാം സ്വാഭാവികമെന്ന് ഉദ്യോഗസ്ഥര്‍. ഒന്നരവര്‍ഷത്തിനിടെയാണ് ഇത്രയും കൂട്ടമരണമുണ്ടായത്. 2006 മുതല്‍ 2011 വരെ പ്രസവത്തോടനുബന്ധിച്ച് ഒരു ആദിവാസികുഞ്ഞുപോലും മരിച്ചിട്ടില്ല. ഇപ്പോഴുണ്ടായ 37 മരണങ്ങളില്‍ ഭൂരിഭാഗവും പ്രസവത്തോടെയാണ്. ചിലത് മാസം തികയാത്ത പ്രസവവും. മരിച്ചവരില്‍ എല്ലാം ഒരുവയസ്സില്‍ താഴെയുള്ളവര്‍. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരുടെ മരണസംഖ്യയും വര്‍ധിച്ചു. ഒന്നരവര്‍ഷത്തിനിടെ 800പേരാണ് ഈ മേഖലയില്‍ മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ആദിവാസികള്‍. 458പേരും പുരുഷന്മാര്‍. മരിക്കുന്നവരില്‍ ഭൂരിഭാഗവും 50വയസ്സില്‍ താഴെയുള്ളവരും. തൊഴിലില്ലായ്മയും ഭക്ഷണക്കുറവുമാണ് മരണത്തിന് പ്രധാനകാരണം. അട്ടപ്പാടിയിലെ 8589 ആദിവാസികുടുംബങ്ങളില്‍ മൂന്നുനേരവും ഭക്ഷണം കഴിക്കുന്നത് പകുതിയില്‍ത്താഴെ കുടുംബങ്ങളിലാണ്. രണ്ടുനേരം മാത്രം ഭക്ഷണംകഴിക്കുന്നത് 4200 കുടുംബങ്ങളാണ്. 274 കുടുംബങ്ങളില്‍ ഒരുനേരംമാത്രമാണ് ഭക്ഷണം. ഇവിടെ നവജാതശിശുക്കളുടെ മരണം കൂടിവരികമാത്രമല്ല, വന്ധ്യതയുള്ള ദമ്പതികളുടെ എണ്ണവും പെരുകുന്നു. ഒപ്പം മാനസികരോഗികളുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുന്നു.
(പി എസ് പത്മദാസ്)

deshabhimani 150513

No comments:

Post a Comment