Friday, May 17, 2013

ഫേസ് ബുക്ക് അറസ്റ്റ്: മാര്‍ഗനിര്‍ദേശം പാലിക്കണം- സുപ്രീംകോടതി


 ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യശൃംഖല മാധ്യമങ്ങളില്‍ രേഖപ്പെടുത്തുന്ന ആക്ഷേപകരമായ അഭിപ്രായങ്ങളുടെ പേരില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആരെയും അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശനമായി പാലിക്കണമെന്ന് ജസ്റ്റിസുമാരായ ബി എസ് ചൗഹാനും ദീപക് പ്രകാശും അടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചു. ആക്ഷേപകരമായ അഭിപ്രായങ്ങളുടെ പേരിലുള്ള അറസ്റ്റ് പൂര്‍ണമായും ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കാന്‍ ബെഞ്ച് വിസമ്മതിച്ചു. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കുന്ന നിയമം നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. പകരം കേന്ദ്രസര്‍ക്കാര്‍ ജനുവരിയില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കുകയാണ് വേണ്ടത്. ഇതനുസരിച്ച് സാമൂഹ്യശൃംഖലാ മാധ്യമങ്ങളിലെ കുറ്റകരമായ ആവിഷ്കാരത്തിന് ഒരാളെ അറസ്റ്റ് ചെയ്യാന്‍ മെട്രോ പൊളിറ്റന്‍ നഗരങ്ങളില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജനറലി(ഐജിപി)ന്റെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതി വേണം. ഗ്രാമപ്രദേശങ്ങളില്‍ എസ്എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ അനുമതിയാണ് വേണ്ടത്.

ഫേസ്ബുക്കിലെ ആക്ഷേപകരമായ അഭിപ്രായ പ്രകടനങ്ങളുടെ പേരിലുള്ള അറസ്റ്റിന് സാധുത നല്‍കുന്നത് വിവരാവകശാ നിയമത്തിലെ 66 എ വകുപ്പാണ്. കുറ്റം തെളിഞ്ഞാല്‍ മൂന്ന് വര്‍ഷം വരെ തടവ് വിധിക്കാവുന്ന വകുപ്പാണിത്. ഇത് നീക്കം ചെയ്യണമെന്നുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. നിയമത്തിലെ ഈ വകുപ്പ് കോടതി ഇതുവരെ സ്റ്റേ ചെയ്തിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയത്. ബാല്‍താക്കറെയുടെ മരണത്തെ തുടര്‍ന്ന് ശിവസേന നടത്തിയ ഹര്‍ത്താലിനെ ഫേസ്ബുക്കില്‍ വിമര്‍ശിച്ച പെണ്‍കുട്ടികളെ മഹാരാഷ്ട്രയില്‍ അറസ്റ്റ് ചെയ്തത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. തുടര്‍ന്നാണ് പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീംകോടതിയിലെത്തിയത്. മമത ബാനര്‍ജിയെ വിമര്‍ശിച്ച കോളേജ് അധ്യാപകനെ ബംഗാളിലും മന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ വിമര്‍ശിച്ച ബിസിനസുകാരനെ പുതുച്ചേരിയിലും അറസ്റ്റ് ചെയ്തിരുന്നു. ഇതും വലിയ പ്രതിഷേധത്തിന് കാരണമായി.

deshabhimani

No comments:

Post a Comment