Sunday, May 19, 2013

കര്‍ഷകസംഘം സമ്മേളനത്തിന് ഉജ്വല തുടക്കം

തൃശൂര്‍: സാമ്രാജ്യത്വത്തിനും ജന്മി-നാടുവാഴിത്തത്തിനുമെതിരെ പോരാടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ സ്മരണയില്‍ കേരള കര്‍ഷകസംഘം 24-ാം സംസ്ഥാന സമ്മേളനത്തിന് ഉജ്വല തുടക്കം. ആഗോള-ഉദാരവല്‍ക്കരണ നയങ്ങള്‍ തകര്‍ത്ത കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ ആയിരങ്ങളെ സാക്ഷിയാക്കി സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി മണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി.

തൃശൂര്‍ റീജണല്‍ തിയറ്ററിലെ വര്‍ക്കല രാധാകൃഷ്ണന്‍ നഗറില്‍ പ്രതിനിധി സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഇ പി ജയരാജന്‍ രക്തസാക്ഷി പ്രമേയവും ജോര്‍ജ് മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭാ നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, പാലോളി മുഹമ്മദ്കുട്ടി, വിജു കൃഷ്ണന്‍, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണ്‍, പി കെ ബിജു എം പി എന്നിവര്‍ പങ്കെടുത്തു. ഇ പി ജയരാജന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളേയും തെരഞ്ഞെടുത്തു. കണ്‍വീനര്‍മാര്‍- മിനുട്സ്- കെ എം ജോസഫ്, പ്രമേയം- ഓമല്ലൂര്‍ ശങ്കരന്‍, ക്രഡന്‍ഷ്യല്‍-ജോര്‍ജ് മാത്യു. സംസ്ഥാന എക്സിക്യൂട്ടീവ് സ്റ്റിയറിങ് കമ്മിറ്റിയായി പ്രവര്‍ത്തിക്കും. വൈകിട്ട് "ഇന്ത്യന്‍ കാര്‍ഷിക പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും" സെമിനാര്‍ കിസാന്‍സഭാ വൈസ് പ്രസിഡന്റ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. "എന്നിട്ടും കുട്ട്യോളെന്താ ഇങ്ങനെ" എന്ന നാടകവും അരങ്ങേറി.

കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങണം

തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷകദ്രോഹനയങ്ങള്‍ക്കെതിരെ ബഹുജനപ്രക്ഷോഭത്തിനൊരുങ്ങാന്‍ കര്‍ഷകസംഘം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊപ്രയുടെ താങ്ങുവില 7000 രൂപയും നെല്ല് 25 രൂപയാക്കിയും സംഭരണനടപടി തുടങ്ങണമെന്നും ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചും ഇറക്കുമതി നിയന്ത്രിച്ചും ആഭ്യന്തര കമ്പോളത്തില്‍ റബറിന് മെച്ചപ്പെട്ട വില ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

കുരുമുളക് വിലത്തകര്‍ച്ചക്കുള്ള പരിഹാരവും ഏലത്തിന്റെ വില വര്‍ധിപ്പിക്കാനുള്ള നടപടിയും വേണം. കശുവണ്ടിക്ക് കമ്പോളവില അടിസ്ഥാനമാക്കി താങ്ങുവില നിശ്ചയിച്ച് സംഭരണം കാര്യക്ഷമമാക്കണം. കാപ്പി, അടയ്ക്ക, കൊക്കോ മേഖലയിലെ പ്രതിസന്ധിക്കും പരിഹാരം കണ്ടെത്തണം. തെങ്ങിനെ ആശ്രയിക്കുന്ന 35 ലക്ഷത്തോളം കര്‍ഷകര്‍ കേരളത്തിലുണ്ട്. ഒരു വര്‍ഷമായി നാളികേരം ഏറ്റവും വലിയ വിലത്തകര്‍ച്ച നേരിടുകയാണ്. എന്നിട്ടും താങ്ങുവില പ്രഖ്യാപിക്കാനും നാളികേര സംഭരണത്തിനും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. വന്‍കിട വ്യവസായികളുടെ താല്‍പ്പര്യാര്‍ഥം കൊപ്ര ഇറക്കുമതിക്ക് അനുമതി നല്‍കി. സബ്സിഡിയില്‍ പാമോയില്‍ ഇറക്കുമതി ചെയ്യുകയാണ്. ഇതോടെ കൊപ്ര ക്വിന്റലിന് 4350 രൂപയായി കുറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ താങ്ങുവിലയേക്കാള്‍ കുറവാണിത്. സ്വകാര്യമില്ലുടമകള്‍ നെല്ല് സംഭരണത്തില്‍ കര്‍ഷകരെ ചൂഷണം ചെയ്യുകയാണ്. ആസിയാന്‍ കരാറും രാജ്യാന്തര വ്യാപാര കരാറുകളും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയ്ക്ക് കാരണമായി. ഇന്തോ-യൂറോപ്യന്‍ യൂണിയന്‍ കരാറും കാര്‍ഷികമേഖലയെ ബാധിക്കുന്നു. വിദേശവ്യാപാരരംഗത്ത് കയറ്റുമതി വര്‍ധിപ്പിക്കാനും കാര്‍ഷിക വിളകള്‍ക്ക് ആദായവില ലഭ്യമാക്കാനും നടപടിയുണ്ടാവണം. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 കോടി രൂപയുടെ പാക്കേജ് യുഡിഎഫ് നടപ്പാക്കിയില്ല. കേരളത്തിലെ കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാതെ കൂടുതല്‍ കുഴപ്പത്തിലേക്കുള്ള നയങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ നീങ്ങുകയാണ്. സംസ്ഥാനത്തെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ യുഡിഎഫ് തയ്യാറാവുന്നില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.

കാര്‍ഷിക പ്രതിസന്ധി ഭരണവര്‍ഗ സൃഷ്ടി: എസ് ആര്‍ പി

തൃശൂര്‍: രാജ്യത്തെ രൂക്ഷമായ കാര്‍ഷിക പ്രതിസന്ധി ഭരണവര്‍ഗത്തിന്റെ ബോധപൂര്‍വ സൃഷ്ടിയാണെന്ന് അഖിലേന്ത്യാ കിസാന്‍സഭാ പ്രസിഡന്റ് എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. സബ്സിഡിയും വിത്തും വൈദ്യുതിയും വെള്ളവും ലഭ്യമാക്കാതെ കൃഷിയെ നഷ്ടക്കച്ചവടമാക്കുകയാണ്. നവലിബറല്‍ നയങ്ങളുടെ ഭാഗമായ കര്‍ഷകവിരുദ്ധ സമീപനങ്ങളെ ചെറുക്കാന്‍ കര്‍ഷകരുടെ വിശാല ഐക്യപ്രസ്ഥാനം വളരണമെന്നും എസ് ആര്‍ പി പറഞ്ഞു. കേരള കര്‍ഷകസംഘം 24-ാം സംസ്ഥാന സമ്മേളനം സ. വര്‍ക്കല രാധാകൃഷ്ണന്‍ നഗറില്‍ (തൃശൂര്‍ റീജണല്‍ തിയറ്റര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു എസ് ആര്‍ പി.

കാര്‍ഷികമേഖലയില്‍ വന്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ തയ്യാറായാലേ പ്രതിസന്ധി പരിഹരിക്കാനാവൂ. വെല്ലുവിളി പ്രതിരോധിക്കാന്‍ കര്‍ഷകരുടെ പൊതുപ്രശ്നങ്ങളില്‍ യോജിച്ച സമരനിര കെട്ടിപ്പടുക്കണമെന്നും എസ് ആര്‍ പി പറഞ്ഞു. കൃഷി ആദായകരമല്ലാതായത് സര്‍ക്കാര്‍ നയംകൊണ്ടാണ്. 80 ശതമാനം വിത്തും കോര്‍പറേറ്റുകളുടെ പക്കലാണ്. പുതിയ സബ്സിഡി നയം രാസവള വില ക്രമാതീതമായി വര്‍ധിപ്പിച്ചു. സാധാരണ കര്‍ഷകന് ബാങ്ക് വഴി വായ്പയില്ല. അവര്‍ കൊള്ളപ്പലിശക്ക് കടം വാങ്ങുന്നു. ഉല്‍പ്പാദനച്ചെലവും 50 ശതമാനം കൂടുതലും ചേര്‍ത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കണമെന്ന എം എസ് സ്വാമിനാഥന്‍ കമീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രം നടപ്പാക്കുന്നില്ല. ഇതിനു പുറമെയാണ് ഇഷ്ടപ്രകാരം വിദേശ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അവസരമൊരുക്കുന്നത്. 1950-51ല്‍ സമ്പദ്മേഖലയില്‍ കാര്‍ഷികമേഖലയുടെ സംഭാവന 46 ശതമാനമായിരുന്നെങ്കില്‍ 2011-12ല്‍ 13.9 ശതമാനമായി. 1992ല്‍ ഇന്ത്യയില്‍ ഭൂരഹിതര്‍ 22 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 41. ചില്ലറവില്‍പ്പനമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുക വഴി കാര്‍ഷികോല്‍പ്പന്ന വില കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന സ്ഥിതിയാവും. കേന്ദ്രസര്‍ക്കാരിന്റെ ഭൂമിയേറ്റെടുക്കല്‍ ബില്‍ കര്‍ഷകവിരുദ്ധമാണ്. വികസന ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ അതില്‍നിന്നുണ്ടാവുന്ന പ്രയോജനം കിട്ടാന്‍ ഭൂമി നഷ്ടപ്പെടുന്നവരെക്കൂടി പങ്കാളിയാക്കണം. കര്‍ഷകര്‍ക്ക് ആശ്വാസകരമായ സഹകരണമേഖലയേയും തകര്‍ക്കുന്നതാണ് പുതിയ കേന്ദ്ര നിയമമെന്നും എസ് ആര്‍ പി പറഞ്ഞു.

കാര്‍ഷികമേഖലയില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറുന്നു: ബിജു കൃഷ്ണ

കോര്‍പറേറ്റുകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍നിന്നും സാമൂഹ്യക്ഷേമ മേഖലകളില്‍നിന്നും പൂര്‍ണമായി പിന്മാറിക്കൊണ്ടിരിക്കയാണെന്ന് അഖിലേന്ത്യാ കിസാന്‍സഭാ ജോയിന്റ് സെക്രട്ടറി ബിജു കൃഷ്ണ പറഞ്ഞു. കര്‍ഷകസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്രസര്‍ക്കാര്‍ നടപടി കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ്. കാര്‍ഷിക സബ്സിഡികള്‍ വര്‍ഷംതോറും വെട്ടിക്കുറയ്ക്കുന്നത് ഇതിന്റെ ഭാഗമാണ്. നേരത്തേ 60,000 കോടിയായിരുന്ന സബ്സിഡി ഇപ്പോള്‍ 25,000 കോടിയാക്കി. കഴിഞ്ഞ കേന്ദ്രബജറ്റില്‍ 5000 കോടി വളം സബ്സിഡി വെട്ടിക്കുറച്ചപ്പോള്‍ രണ്ടാഴ്ച മുമ്പ് വീണ്ടും 5000 കോടികൂടി കുറച്ചു. 1991നുശേഷം 15 ലക്ഷം കര്‍ഷകരാണ് കൃഷി ഉപേക്ഷിച്ചത്. കൃഷിയിടവും പണിയുമില്ലാതെ കര്‍ഷകര്‍ ഗ്രാമങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകുന്നു. ഭക്ഷ്യസുരക്ഷയുടെ പേരിലടക്കം എല്ലാ പുതിയ നിയമനിര്‍മാണങ്ങളും കര്‍ഷകസമൂഹത്തെ വഞ്ചിക്കുന്നതാണ്. ഭൂപരിഷ്കരണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന നടപടികളാണ് രാജ്യത്തെങ്ങും ഉണ്ടാവുന്നത്. ആന്ധ്രയില്‍ 12 ലക്ഷം ഏക്കറും കര്‍ണാടകയില്‍ നാലുലക്ഷം ഏക്കറും മധ്യപ്രദേശില്‍ ഏഴുലക്ഷം ഏക്കറും ഭൂമിയാണ് വ്യവസായവല്‍ക്കരണത്തിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് വിട്ടുകൊടുത്തത്. ഗുജറാത്തിലും ഭൂമി വന്‍തോതില്‍ കോര്‍പറേറ്റുകള്‍ക്ക് കൈമാറുകയാണ്. കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും ഈ നിലയിലേക്കാണ് നീങ്ങുന്നത്. രാജ്യവ്യാപകമായി സമ്പൂര്‍ണ ഭൂപരിഷ്കരണം നടപ്പാക്കിക്കൊണ്ടുമാത്രമേ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയൂ എന്നും ബിജു കൃഷ്ണ പറഞ്ഞു.

deshabhimani

No comments:

Post a Comment