ജനപിന്തുണയില്ലാതെ പാര്‍ടികള്‍ക്കും ഭരണനേതൃത്വത്തിനും നിലനില്‍ക്കാനാകില്ല. ജനങ്ങളുമായുള്ള അകല്‍ച്ച ഇല്ലാതാക്കാന്‍ ഭരണനേതൃത്വം തയ്യാറാകണം. യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം കലാപം അഴിച്ചു വിടുകയാണ്. സംസ്ഥാന സര്‍ക്കാരിനെപ്പറ്റിയുള്ള ജനങ്ങളുടെ വിലയിരുത്തല്‍ അറിയാനാണ് കെപിസിസി പ്രസിഡന്റ് കേരളയാത്ര നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രായോഗികനടപടികള്‍ ഉണ്ടാകണം. സംസ്ഥാനത്ത് അടിസ്ഥാനസൗകര്യ വികസനത്തിന് മുന്തിയ പരിഗണന നല്‍കണം. ഗള്‍ഫ് മേഖലയിലെ പുതിയ സാഹചര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനത്ത് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കണം. കോളേജുകള്‍ക്ക് സ്വയംഭരണം നല്‍കാനുള്ള തീരുമാനം നാഴികക്കല്ലാണെന്നും രാഹുല്‍ പറഞ്ഞു. പ്രതിസന്ധികളുടെ കുരുക്കഴിക്കാന്‍ അസാമാന്യ മെയ്വഴക്കമുള്ളവരാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെന്ന് എ കെ ആന്റണി പറഞ്ഞു.
കേരള വികസനത്തിന് കേന്ദ്രം പിന്തുണ നല്‍കും: രാഹുല്‍ ഗാന്ധി
തിരു: കേരളത്തിന്റെ സമഗ്ര വികസനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് എഐസിസി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിച്ച കേരള യാത്രയുടെ സമാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസുരക്ഷാ ബില്ലടക്കമുള്ള പ്രധാന ബില്ലുകള്‍ പാസാക്കേണ്ട സമയത്ത് പ്രതിപക്ഷ പ്രതിഷേധം മൂലം പാര്‍ലമെന്റ് നടപടി തടസപ്പെടുന്നത് വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്രമന്ത്രിമാര്‍ അകപ്പെട്ട അഴിമതികളെക്കുറിച്ച് രാഹുല്‍ഗാന്ധി ഒരു പരാമര്‍ശവും നടത്തിയില്ല.
കേരള ജനതയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കഴിഞ്ഞെന്ന് രാഹുല്‍ഗാന്ധി അവകാശപ്പെട്ടു. കേരള യാത്രയിലൂടെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്താണെന്ന് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും മനസിലാക്കിയെന്നും ഇത് എത്രയും വേഗം യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, ശശി തരൂര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരും പ്രസംഗിച്ചു.
പ്രതീക്ഷിച്ച ആള്‍ക്കൂട്ടമില്ല; രാഹുല്‍ഗാന്ധിക്ക് അതൃപ്തി
തിരു: താന്‍ പങ്കെടുത്ത പരിപാടിക്ക് ആള്‍ക്കൂട്ടം കുറഞ്ഞതില്‍ രാഹുല്‍ഗാന്ധിക്ക് അതൃപ്തി. കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ കേരളയാത്രയുടെ സമാപനസമ്മേളനത്തിലാണ് പ്രതീക്ഷിച്ചതുപോലെ പാര്‍ടിപ്രവര്‍ത്തകര്‍ എത്താതിരുന്നത്. എഐസിസി വൈസ് പ്രസിഡന്റായ ശേഷം രാഹുല്‍ പങ്കെടുത്ത കേരളത്തിലെ ആദ്യ പരിപാടിയായിരുന്നു ഇത്. തന്റെ പരിപാടിയില്‍ മതിയായ ആളില്ലാതിരുന്നതിലുള്ള അതൃപ്തി രാഹുല്‍ഗാന്ധി സംസ്ഥാനനേതൃത്വത്തെ അറിയിക്കുകയും ചെയ്തു.
രാഹുല്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകരില്‍ വലിയ ആവേശവും കണ്ടില്ല. തിരുവനന്തപുരമടക്കം നാല് തെക്കന്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും നേതാക്കളും പങ്കെടുക്കുമെന്നാണ് കെപിസിസി നേതൃത്വം എഐസിസിയെ അറിയിച്ചിരുന്നത്. സമ്മേളനം നടന്ന സെന്‍ട്രല്‍ സ്റ്റേഡിയം നിറഞ്ഞ് വന്‍ ജനപ്രവാഹമാകുമെന്നും പ്രചരിപ്പിച്ചു. എന്നാല്‍, സ്റ്റേഡിയത്തില്‍ പകുതിയോളം ഭാഗം ഒഴിഞ്ഞു കിടന്നു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകരും കുറഞ്ഞു. രാഹുല്‍ഗാന്ധി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രവര്‍ത്തകര്‍ കൂട്ടമായി സ്റ്റേഡിയം വിടുന്നതും കാണാമായിരുന്നു. സമാപന സമ്മേളനം ഉമ്മന്‍ചാണ്ടി വിഭാഗം പൊളിച്ചതായി ഐ വിഭാഗം ആരോപണം ഉന്നയിച്ചുകഴിഞ്ഞു. സമാപന സമ്മേളനത്തിനായി കോടികളാണ് പിരിച്ചത്. ഇതേച്ചൊല്ലിയും നേതാക്കള്‍ തമ്മിലുള്ള പോര് തുടങ്ങിയിട്ടുണ്ട്. സമ്മേളനം കഴിഞ്ഞ് ഇരുവിഭാഗങ്ങള്‍ സെക്രട്ടറിയറ്റിനു മുമ്പില്‍ ഏറ്റുമുട്ടുകയും ചെയ്തു.
കഴിഞ്ഞ തവണ വന്നപ്പോള്‍ ആളില്ലാ കസേരകള്‍ക്ക് മുന്നില്‍ കോപിഷ്ഠനായി രാഹുല്‍
രാഹുല്‍ഗാന്ധിയെ കാണാനെത്തിയവര്‍ ഫണ്ട് പിരിവിനെച്ചൊല്ലി തമ്മിലടിച്ചു
തിരു: കെപിസിസി പ്രസിഡന്റിന്റെ കേരളയാത്രയുടെ സമാപനത്തിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സമ്മേളനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിരിച്ചുപോകുന്നതിനിടെ അരുള്‍ജ്യോതി ഹോട്ടലിന് മുന്നിലായിരുന്നു ഏറ്റുമുട്ടല്‍. കാറില്‍ ഇരിക്കുകയായിരുന്ന ഖദര്‍ദാരികളെ നടന്നുവരികയായിരുന്ന ഏഴംഗ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദിച്ചത്. സമ്മേളനത്തിനായി പിരിച്ചെടുത്ത തുകയില്‍നിന്ന് വാഹനവാടക അനുവദിക്കാത്തതിനെ ചൊല്ലിയായിരുന്നു തമ്മിലടി. പിരിച്ചെടുത്ത തുകയുമായി മണ്ഡലം പ്രസിഡന്റ് പാര്‍ശ്വവര്‍ത്തികളെയും കൂട്ടി ആഡംബര കാറില്‍ ആഘോഷമായി പുറപ്പെട്ടുവെന്നും അണികളെ എത്തിച്ച വാഹനത്തിന് വാടകയും ചെലവുകാശും നല്‍കിയില്ലെന്നും പറഞ്ഞായിരുന്നു അടി. കാറിലിരുന്നവരെ ശ്രദ്ധയില്‍പ്പെട്ടതോടെ നടന്നുവരികയായിരുന്നവര്‍ ഓടിയെത്തി അടിക്കുകയായിരുന്നു. പൊലീസ് എത്തിയിട്ടും അടി തുടര്‍ന്നു. ഏറെ പണിപ്പെട്ടാണ് ഇരു സംഘത്തെയും പിരിച്ചയച്ചത്. നെയ്യാറ്റിന്‍കരയില്‍നിന്ന് എത്തിയവരാണ് തമ്മിലടിച്ചത്. പൊലീസ് ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.
No comments:
Post a Comment