Saturday, May 18, 2013

കള്ളക്കളി


2008ല്‍ തുടങ്ങിയ ഐപിഎല്‍ മേള ഒരിക്കല്‍പ്പോലും വിവാദങ്ങളില്‍നിന്ന് ഒഴിഞ്ഞില്ല. ഓരോ വര്‍ഷവും ഓരോ വിവാദങ്ങള്‍. കള്ളപ്പണം, മയക്കുമരുന്ന്, പീഡനം തുടങ്ങി അപമാനകരമായ വിഷയങ്ങള്‍ ഈ ചൂതാട്ടമേളയുടെ ഓരോ ലക്കങ്ങളിലും നിറഞ്ഞുനിന്നു. ഐപിഎല്‍ വിവാദങ്ങളിലൂടെ.

കളി 2008

കിങ്സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ശ്രീശാന്തിനെ മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ഭജന്‍ സിങ് കരണത്തടിച്ചു. തുടര്‍ന്ന് ഹര്‍ഭജന് സീസണിലെ ശേഷിച്ച 11 മത്സരങ്ങളില്‍നിന്ന് വിലക്കി. ആറാം സീസണിനിടെ ശ്രീശാന്ത് ട്വിറ്ററിലൂടെ വീണ്ടും ഈ വിവാദം കുത്തിപ്പൊക്കാന്‍ ശ്രമിച്ചു. ഹര്‍ഭജനെ പിന്നില്‍നിന്നു കുത്തുന്നവന്‍ എന്നായിരുന്നു ശ്രീശാന്ത് വിശേഷിപ്പിച്ചത്.

കളി 2010

ഐപിഎല്‍ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ലളിത് മോഡിയെ ബിസിസിഐ പുറത്താക്കി. സാമ്പത്തിക ക്രമക്കേടുകളുടെ പേരിലായിരുന്നു പുറത്താക്കല്‍. കൂടാതെ ഐപിഎലില്‍ പുതുതായി വരുന്ന രണ്ടു ടീമുകളുടെ രഹസ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്താക്കുകയും ചെയ്തു. വിയര്‍പ്പ് ഓഹരിയുടെ പേരില്‍ കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂര്‍ പുറത്തായി.

കളി 2011

കേരളത്തിന്റെ ടീമായിരുന്ന കൊച്ചി ടസ്കേഴ്സ് കേരളയെ ബിസിസിഐ പുറത്താക്കി. ബാങ്ക് ഗ്യാരന്റി തുക തിരിച്ചടയ്ക്കാത്തതിന്റെ പേരിലായിരുന്നു നടപടി. ഗബ്രിയേല പാസ്ക്വുലറ്റോ എന്ന ഐപിഎല്‍ ചിയര്‍ഗേള്‍ കളത്തിനു പുറത്തെ ചില കാര്യങ്ങള്‍ തന്റെ ബ്ലോഗിലെഴുതിയത് വന്‍ കോലാഹലമുണ്ടാക്കി. മത്സരങ്ങള്‍ കഴിഞ്ഞ് ചില കളിക്കാര്‍ സുഖലോലുപതയ്ക്കുവേണ്ടി സമീപിക്കാറുണ്ടെന്ന് ഈ ദക്ഷിണാഫ്രിക്കക്കാരി ബ്ലോഗിലെഴുതി. വിവാദമായതോടെ അവര്‍ തന്റെ കുറിപ്പ് ബ്ലോഗില്‍നിന്നു നീക്കംചെയ്തു. ജൂഹുവില്‍ നടന്ന രാപാര്‍ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച ഇന്ത്യന്‍ സ്പിന്നര്‍ രോഹിത് ശര്‍മയെയും ദക്ഷിണാഫ്രിക്കന്‍ പേസര്‍ വെയ്ന്‍ പാര്‍ണലിനെയും പൊലീസ് അറസ്റ്റ്ചെയ്തിരുന്നു.

കളി 2012

ഐപിഎല്‍ മത്സരങ്ങളില്‍ ഭൂരിഭാഗവും ഒത്തുകളി സംശയമുള്ളതായി ഒരു സ്വകാര്യ ടിവി ചാനല്‍ റിപ്പോര്‍ട്ട്. ഒളിക്യാമറ ഓപ്പറേഷനില്‍ കുടുങ്ങിയത് അഞ്ചു കളിക്കാര്‍. തുടര്‍ന്ന് ടി പി സുധീന്ദ്ര, മൊഹ്നിഷ് ശര്‍മ, അമിത് യാദവ്, അഭിനവ് ബാലി, ശലഭ് ശ്രീവാസ്തവ എന്നീ ആഭ്യന്തരതാരങ്ങളെ ബിസിസിഐ പുറത്താക്കി. പല ടീമുകളുടെയും ഉടമകള്‍ നികുതിവെട്ടിപ്പു നടത്താറുണ്ടെന്നും ചാനല്‍ വെളിപ്പെടുത്തി. ഇതിനെക്കുറിച്ച് പിന്നീട് അന്വേഷണം ഉണ്ടായില്ല. റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍ താരം ലൂക്ക് പോമര്‍ബാഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പൊലീസിന്റെ പിടിയിലായത് കഴിഞ്ഞവര്‍ഷം. സുഹൃത്തിന്റെ വീട്ടില്‍ സല്‍ക്കാരത്തിനു പോയ ഈ ഓസ്ട്രേലിയക്കാരന്‍ അയാളെ മര്‍ദിക്കുകയും കാമുകിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മുംബൈ ക്രിക്കറ്റ് അസോസിയേഷനും ഷാരൂഖ് ഖാനും തമ്മിലുള്ള ഏറ്റുമുട്ടല്‍. മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ കൊല്‍ക്കത്ത ടീം ഉടമയായ ഷാരൂഖ് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ സുരക്ഷാ ജീവനക്കാരോട് കൈയാങ്കളിയിലെത്തുകയായിരുന്നു. അഞ്ചുവര്‍ഷത്തെ വിലക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ബോളിവുഡ് താരത്തിന് ഏര്‍പ്പെടുത്തിയത്.

സ്പോട്ട് ഫിക്സിങ്  ആദ്യം പാകിസ്ഥാന്‍

ഒരു മത്സരത്തിന്റെ ഏതെങ്കിലും ഭാഗത്ത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ഒത്തുകളിക്കുക എന്നതാണ് സ്പോട്ട് ഫിക്സിങ്. അത് ഒരു ഓവറായിരിക്കാം, ഒരു പന്തായിരിക്കാം. ഇതിനായി നേരത്തെ തന്നെ വാതുവയ്പുകാരനും കളിക്കാരനും തമ്മില്‍ ധാരണയിലെത്തും. മത്സരത്തില്‍ വാതുവയ്പുകാരന്‍ പറയുന്ന രീതിയില്‍ കളിക്കാരന്‍ പ്രവര്‍ത്തിക്കും. ഇതനുസരിച്ച് പ്രകടനം നടത്തിയാല്‍ താരങ്ങള്‍ക്ക് ലക്ഷങ്ങള്‍ ലഭിക്കുകയുംചെയ്യും. മാച്ച് ഫിക്സിങ്ങിനെപ്പോലെ മത്സരത്തിന്റെ ഫലത്തെ സ്വാധീനിക്കാന്‍ സ്പോട്ട് ഫിക്സിങ്ങിന് കഴിയണമെന്നില്ല. ബെറ്റിങ് മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും സ്പോര്‍ട്ട് ഫിക്സിങ്. ട്വന്റി-20 ക്രിക്കറ്റ് പോലുള്ള ഇനങ്ങളില്‍ സ്പോട്ട് ഫിക്സിങ് കണ്ടുപിടിക്കുക പ്രയാസമായിരിക്കും.

ക്രിക്കറ്റിനെകൂടാതെ, ഫുട്ബോള്‍, റഗ്ബി എന്നിവയിലും സ്പോട്ട് ഫിക്സിങ് വ്യാപകമായി നടക്കുന്നുണ്ട്. ക്രിക്കറ്റില്‍ 2010ലാണ് സ്പോട്ട് ഫിക്സിങ് ആദ്യമായി കടന്നുവരുന്നത്. അന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ പാകിസ്ഥാന്‍ താരങ്ങളായ സല്‍മാന്‍ ബട്ട്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ആസിഫ് എന്നിവര്‍ പണംവാങ്ങി ഒത്തുകളിച്ചതായി കണ്ടെത്തി. ഇടനിലക്കാരന്‍ മസ്ഹര്‍ മജീദിന്റെ നേതൃത്വത്തിലായിരുന്നു ഈ വാതുവയ്പ്. തുടര്‍ച്ചയായി നോബോള്‍ എറിയാന്‍ കളിക്കാര്‍ക്ക് ലക്ഷങ്ങളായിരുന്നു പ്രതിഫലം നല്‍കിയത്. കുറ്റം തെളിഞ്ഞതോടെ മൂന്നു പാക്താരങ്ങളും ജയിലിലായി.

മൂന്നു മത്സരങ്ങളിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഒത്തുകളി. മെയ് അഞ്ചിന് നടന്ന പുണെ വാരിയേഴ്സ്, മെയ് ഒമ്പതിന് നടന്ന കിങ്സ് ഇലവന്‍ പഞ്ചാബ്, മെയ് 15ന് നടന്ന മുംബൈ ഇന്ത്യന്‍സ് എന്നിവയാണ് മത്സരങ്ങള്‍. പുണെ വാരിയേഴ്സിനെതിരെ സ്പിന്നര്‍ അജിത് ചന്ദിലയായിരുന്നു ഒത്തുകളിക്ക് നേതൃത്വം നല്‍കിയത്. രാജസ്ഥാന്റെ ആദ്യ ഓവറില്‍ ഈ സ്പിന്നര്‍ നല്‍കിയത് ഒമ്പതു റണ്‍. ടീമിന്റെ മൂന്നാമത്തെയും തന്റെ രണ്ടാമത്തെയും ഓവര്‍ എറിയാന്‍ ചന്ദില വീണ്ടുമെത്തി. ഈ ഓവറില്‍ 14 റണ്ണാണ് വാതുവയ്പുകാരനുമായി ചന്ദില പറഞ്ഞുറപ്പിച്ചിരുന്നത്. ഇതില്‍ 14 റണ്‍ വിട്ടുകൊടുത്തെങ്കിലും രഹസ്യകോഡ് കാണിക്കാന്‍ മറന്നതിനാല്‍ വാതുവയ്പ് നടന്നില്ല. 20 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു. വാതുവയ്പ് നടക്കാത്തതിനാല്‍ പണം കിട്ടിയില്ല.

ചന്ദിലയുടെ രണ്ടാമത്തെ ഓവര്‍
2.1 ആരോണ്‍ ഫിഞ്ച് സിംഗിള്‍ ഓടിയെടുത്തു.
2.2 റോബിന്‍ ഉത്തപ്പയ്ക്കെതിരെ ലെഗ് സൈഡില്‍ പന്തെറിഞ്ഞു. ബൗണ്ടറി.
2.3 അടുത്ത പന്ത് ഓഫ് സൈഡിലേക്ക് ഉത്തപ്പ ബൗണ്ടറി കടത്തി.
2.4 റണ്ണില്ല. 2.5 ഉത്തപ്പ സിംഗിള്‍ ഓടിയെടുത്തു.
2.6 ഫിഞ്ചിനെതിരെ സാധാരണ പന്ത്, ബൗണ്ടറി. ആകെ പിറന്നത് 14 റണ്‍.

കിങ്സ് ഇലവനുമായുള്ള മത്സരം. ഒത്തുകളിച്ചത് ശ്രീശാന്ത്. 40 ലക്ഷം രൂപ കിട്ടി. ആദ്യ ഓവറില്‍ വിട്ടുകൊടുത്തത് അഞ്ച് റണ്‍. രണ്ടാമത്തെ ഓവര്‍. വെളുത്ത ടൗവല്‍ അരയില്‍ തിരുകുന്നു. ഇത് വാതുവയ്പുകാര്‍ക്കുള്ള സൂചനയായിരുന്നു.

ശ്രീശാന്തിന്റെ രണ്ടാമത്തെ ഓവര്‍
2.1 ഷോണ്‍ മാര്‍ഷിനെതിരെ. ഷോര്‍ട്ട് പിച്ച് പന്ത്. നേരെ ഫീല്‍ഡറുടെ കൈകളിലേക്ക്.
2.2 മാര്‍ഷിന്റെ ബൗണ്ടറി അനായാസം.
2.3 അടുത്തതും ഷോര്‍ട്ട് ബോള്‍. ഇക്കുറി ഫീല്‍ഡറുടെ കൈകളിലേക്ക്.
2.4 വീണ്ടും ഷോര്‍ട്ട് ബോള്‍. മാര്‍ഷിന്റെ ടൈമിങ് തെറ്റി. ബൗണ്ടറിക്കു പകരം ഒരു റണ്‍ മാത്രം.
2.5 ആദം ഗില്‍ക്രിസ്റ്റിനെതിരെ. ബൗണ്ടറി. ഇതും ബാറ്റ്സ്മാന് അനുകൂലമായുള്ള ഷോര്‍ട്ട് പിച്ച് പന്തായിരുന്നു.
2.6 വീണ്ടും ബൗണ്ടറി. മോശം പന്തായിരുന്നു അത്. ആകെ പിറന്നത് 13 റണ്‍. പിന്നെ ശ്രീശാന്ത് ഓവര്‍ ചെയ്തില്ല. മുംബൈയുമായുള്ള മത്സരം. ഒത്തുകളിച്ചത് അങ്കീത് ചവാനെന്ന ഇടങ്കയ്യന്‍ സ്പിന്നര്‍. മുംബൈ ഓപ്പണര്‍ ഗ്ലെന്‍ മാക്സ്വെലിനെ ആദ്യ ഓവറില്‍ അങ്കീത് കുരുക്കി. രണ്ടു റണ്ണായിരുന്നു ആ ഓവറില്‍ കിട്ടിയത്. അങ്കീതിന്റെ രണ്ടാമത്തെ ഓവര്‍. വാച്ച് തിരിച്ച് വാതുവയ്പുകാര്‍ക്ക് അടയാളം കാട്ടുന്നു. 14 റണ്ണിനായിരുന്നു വാതുവയ്പ്.

അങ്കീതിന്റെ രണ്ടാമത്തെ ഓവര്‍

2.1 മാക്സ്വെല്ലിനെതിരെ വേഗംകുറഞ്ഞ ഷോര്‍ട്ട് ബോള്‍. മിഡ്വിക്കറ്റിലൂടെ സിക്സര്‍.
2.2 സമാന പന്ത്. ഇക്കുറി മാക്സ്വെല്‍ ഉയര്‍ത്തിയടിച്ചെങ്കിലും രണ്ടു റണ്ണിലൊതുങ്ങി.
2.3 അടുത്ത പന്തും സിക്സര്‍. മൂന്നു പന്തില്‍ 14 റണ്‍ പിറന്നു.
2.4 റണ്ണില്ല.
2.5 മികച്ച പന്ത്, മാക്സ്വെല്‍ സിംഗിള്‍ ഓടിയെടുത്തു.
2.6 ആദിത്യ താരെ റണ്ണെടുത്തില്ല.

അങ്കീത് ചവാന്‍
മുംബൈക്കാരനായ ഈ ഇരുപത്തേഴുകാരന്‍ ഈ സീസണിലെ രഞ്ജിട്രോഫി ക്രിക്കറ്റിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മികച്ചൊരു താരമായി അങ്കീത് മാറി. മുംബൈ രഞ്ജിട്രോഫി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ സ്പിന്നറും ഈ സീസണില്‍ അങ്കീതായിരുന്നു. മധ്യനിര ബാറ്റ്സ്മാനായിട്ടായിരുന്നു തുടക്കം. ഐപിഎല്‍ ആദ്യ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് കളിച്ച അങ്കീത് 2011ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തി. ഈ സീസണില്‍ കളിച്ചത് മൂന്നു മത്സരങ്ങള്‍.

അജിത് ചന്ദില
കഴിഞ്ഞ സീസണില്‍ പുണെ വാരിയേഴ്സിനെതിരെ നേടിയ ഹാട്രിക് വിക്കറ്റ് പ്രകടനമാണ് ഈ ഇരുപത്തൊമ്പതുകാരനെ വെള്ളിവെളിച്ചെത്തിലേക്കെത്തിക്കുന്നത്. അന്ന് നാല് ഓവറില്‍ 13 റണ്‍ വഴങ്ങി നാലു വിക്കറ്റും ഈ ഹരിയാനക്കാരന്‍ സ്വന്തമാക്കി. ആഭ്യന്തര ക്രിക്കറ്റില്‍ വി വി എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, യുവരാജ് സിങ്, എം എസ് ധോണി, സുരേഷ് റെയ്ന എന്നിവരെ ചന്ദില പുറത്താക്കിയിട്ടുണ്ട്. ഐപിഎലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ താരമായിരുന്നു. തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി.

ശ്രീശാന്തിനെ വെട്ടിലാക്കി ഫോണ്‍ സംഭാഷണം പുറത്ത്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ശ്രീശാന്ത് ഒത്തുകളിച്ചെന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതായി പൊലീസ് പറയുന്ന ജിജു ജനാര്‍ദ്ദനനും വാതുവെപ്പുകാരന്‍ ചാന്ദും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണമാണ് ചില ചാനലുകള്‍ പുറത്തുവിട്ടത്. രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബുമായുള്ള മല്‍സരത്തിന് മുന്‍പായിരുന്നു ഫോണ്‍ സംഭാഷണം. ഈ കളിയിലാണ് ശ്രീശാന്ത് ഒത്തുകളിച്ചതായി ആക്ഷേപമുള്ളത്.

അടയാളം എന്താണെന്ന് താന്‍ ശ്രീശാന്തിനോട് പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ ഓവര്‍ എറിയുന്നതിന് മുന്‍പ് ശ്രീശാന്ത് ടൗവ്വല്‍ പാന്‍സിന്റെ മുന്‍പില്‍ തിരുകുമെന്നും ജിജു ചാന്ദിനോട് പറയുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് നേരത്തെ സൂചന ലഭിക്കണമെന്നും അതിന് ശേഷമേ ഇടപാടു നടത്താന്‍ കഴിയൂ എന്നും ചാന്ദ് വ്യക്തമാക്കുന്നുണ്ട്. രണ്ടാമത്തെ ഓവറിന് മുന്‍പ് ശ്രീശാന്ത് കൂടുതല്‍ സമയം വാംഅപ്പ് ചെയ്തത് വാതുവെപ്പുകാര്‍ക്ക് നേരത്തെ സൂചന നല്‍കാനായിരുന്നോ എന്ന സംശയം ഇതോടെ ബലപ്പെട്ടിരിക്കുകയാണ്.

അതിനിടെ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അങ്കിത് ചവാന്‍ കുറ്റം സമ്മതിച്ചതായി ഡല്‍ഹി പൊലീസ്. താന്‍ കുറ്റം ചെയ്തെന്നും തനിക്ക് തെറ്റുപറ്റിപ്പോയെന്നും അങ്കിത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായാണ് വിവരം.

ശ്രീശാന്ത് നിരപരാധി അഭിഭാഷകന്‍

ന്യൂഡല്‍ഹി: ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ്ചെയ്തത് തെറ്റിദ്ധരിച്ചോ, തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞു. ശ്രീശാന്ത് നിരപരാധിയാണ്. ആവശ്യമായ തെളിവ് ഹാജരാക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ശ്രീശാന്ത് തെറ്റു സമ്മതിച്ചതായുള്ള പൊലീസിന്റെ അവകാശവാദം തെറ്റാണെന്ന് ദീപക് പ്രകാശ് പറഞ്ഞു. കസ്റ്റഡിയിലുള്ള ശ്രീശാന്ത്, അജിത് ചന്ദില, അങ്കിത് ചവാല എന്നിവര്‍ കുറ്റം സമ്മതിച്ചെന്നായിരുന്നു പൊലീസ്വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്. പൊലീസ് നടത്തുന്ന പ്രചാരണത്തില്‍ കഴമ്പില്ല. കോടതിക്ക് മുന്നില്‍ നടത്തുന്ന കുറ്റസമ്മതത്തിനു മാത്രമാണ് പ്രസക്തിയുള്ളത്. ശ്രീശാന്തിനെതിരെ പൊലീസ് അവതരിപ്പിക്കുന്ന തെളിവ് ടവല്‍ ധരിച്ച് വാതുവയ്പുകാര്‍ക്ക് അടയാളം കൈമാറി എന്നാണ്. നല്ല ചൂടുള്ള കാലാവസ്ഥയിലായിരുന്നു അദ്ദേഹത്തിന്റെ മത്സരം നടന്നത്. നാലുമണിക്കായിരുന്നു ഇത്. 90 ശതമാനും കളിക്കാരും ഇത്തരം വേളകളില്‍ ടവല്‍ ഉപയോഗിക്കാറുണ്ട്. സ്വാഭാവികമാണിത്. എന്തായാലും ശ്രീശാന്ത് കുറ്റംസമ്മതിക്കാന്‍ പോകുന്നില്ല. ആരോപണത്തില്‍നിന്ന് പുറത്തുവരാന്‍ ശ്രമം തുടരും. അന്വേഷണവുമായി ശ്രീശാന്ത് പൂര്‍ണമായും സഹകരിക്കുന്നുണ്ട്. ശ്രീശാന്തിനൊപ്പം മുംബൈയിലെ ഹോട്ടലില്‍ അസ്വാഭാവിക സാഹചര്യത്തില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അഭിഭാഷകന്‍ തള്ളി. ഇത് തെറ്റായ പ്രചാരണമാണ്. സ്ത്രീകളെ കണ്ടെത്തിയെങ്കില്‍ അവരെ എന്തുകൊണ്ട് കോടതിയില്‍ ഹാജരാക്കിയില്ലെന്ന് അഭിഭാഷകന്‍ ചോദിച്ചു. ശ്രീശാന്തിന്റെ ജാമ്യത്തിനായി കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്ന് ദീപ്ക് പ്രകാശ് പറഞ്ഞു.

ശ്രീശാന്ത് തെറ്റുചെയ്തിട്ടില്ലെന്ന് സഹോദരന്‍ ദീപു ശാന്തന്‍ പറഞ്ഞു. തന്റെ സഹോദരന്‍ നിരപരാധിയാണ്. നിയമനടപടിയുമായി മുന്നോട്ടുപോവും. ഉടന്‍തന്നെ മോചിതനാവുമെന്നാണ് പ്രതീക്ഷ. തെറ്റുചെയ്യാത്തതിനാല്‍തന്നെ ശ്രീശാന്ത് അബദ്ധത്തില്‍ പെട്ടതാണെന്ന വാദത്തോടു യോജിപ്പില്ല. ആരെങ്കിലും ശ്രീശാന്തിനെ കുരുക്കിയതാണോ എന്നറിയില്ല. ശ്രീശാന്തിനെ മലയാളികള്‍ പിന്തുണയ്ക്കണമെന്നും ദീപു അഭ്യര്‍ഥിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ശ്രീശാന്തുമായി ദീപു ശാന്തന്‍ കൂടിക്കാഴ്ച നടത്തി.

വാതുവെപ്പിനുള്ള പണം എത്തിച്ചത് സുനില്‍ അഭിചന്ദാനി

മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ വാതുവെപ്പിനുള്ള പണം എത്തിച്ചത് സുനില്‍ ദുബായ് എന്നറിയപ്പെടുന്ന സുനില്‍ അഭിചന്ദാനിയാണെന്ന് പൊലീസ്. അന്താരാഷ്ട്ര വാതുവെപ്പ് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ക്രിക്കറ്റ് വാതുവെപ്പുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് സുനിലിനെതിരെ മുന്‍പ് കേസെടുത്തിട്ടുണ്ട്. ഹവാല പണമാണ് വാതുവെപ്പിനായി സുനില്‍ എത്തിച്ചതെന്നും പൊലീസ് വെളിപ്പെടുത്തി.

ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധം സുനില്‍ അഭിചന്ദാനി പുലര്‍ത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സംഘവുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ അറസ്റ്റിലായ മലയാളി താരം എസ് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ മൂന്ന് കളിക്കാരെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ബുധനാഴ്ച രാത്രി നടന്ന രാജസ്ഥാന്‍ റോയല്‍സ്-മുംബൈ ഇന്ത്യന്‍ മത്സരം കഴിഞ്ഞയുടനെ മുംബൈയിലായിരുന്നു കളിക്കാരെ അറസ്റ്റ് ചെയ്തത്. അജിത് ചന്ദില, അങ്കിത് ചവാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് കളിക്കാര്‍.

ഒരു പ്രത്യേക ഓവറില്‍ നിശ്ചിത റണ്‍ വിട്ടുകൊടുക്കണമെന്ന(സ്പോട്ട് ഫിക്സിങ്) വാതുവയ്പുകാരുടെ ആവശ്യത്തിന് വഴങ്ങിയായിരുന്നു ഒത്തുകളി. രഹസ്യ കോഡുകള്‍ ഉപയോഗിച്ചാണ് കളിക്കാര്‍ വാതുവയ്പുകാരുമായി ആശയവിനിമയം നടത്തിയത്. റിസ്റ്റ് വാച്ച്, റിസ്റ്റ് ബാന്‍ഡുകള്‍, കഴുത്തിലണിയുന്ന ചെയിന്‍, ടവ്വല്‍ എന്നിവ ഇതിനായി ഉപയോഗിച്ചു.

കാര്‍ട്ടര്‍ റോഡിലെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് ശ്രീശാന്തിനെ പിടികൂടിയത്. ചന്ദിലയെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍നിന്നും ചവാനെ ട്രൈഡന്റ് ഹോട്ടലില്‍ വച്ചും അറസ്റ്റ് ചെയ്തു. കേസില്‍ 55 മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. വഞ്ചന, കുറ്റകരമായ ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ തെളിവുകള്‍ ഇല്ലാതെയാണ് അറസ്റ്റ് ചെയ്തതെന്ന് ശ്രീശാന്തിന്റെ അഭിഭാഷകന്‍ ദീപക് പ്രകാശ് പറഞ്ഞു.

ശ്രീശാന്തിനെ കാരുണ്യലോട്ടറിയുടെ പരസ്യത്തില്‍ നിന്നൊഴിവാക്കും

തിരു: ശ്രീശാന്തിനെ കാരുണ്യലോട്ടറിയുടെ പരസ്യത്തില്‍ നിന്നൊഴിവാക്കുമെന്ന് ധനമന്ത്രി കെ എം മാണി അറിയിച്ചു. കാരുണ്യലോട്ടറിയുടെ ശ്രീശാന്തുമായുള്ള പരസ്യ കരാര്‍ റദ്ദാക്കും. ഒത്തുകളി വിവാദത്തില്‍പ്പെട്ട സഹാചര്യത്തിലാണ് ശ്രീശാന്തിനെ സര്‍ക്കാര്‍ പരസ്യത്തില്‍ നിന്നും നീക്കുന്നത്.

അറസ്റ്റിലായവരില്‍ രാജസ്ഥാന്റെ മുന്‍താരവും

മുംബൈ: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുന്‍താരവും. 2009-2012 സീസണുകളില്‍ രാജസ്ഥാനുവേണ്ടി കളത്തിലിറങ്ങിയ മീഡിയം പേസര്‍ അമിത് സിങ്ങും പൊലീസ് പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ 11 വാതുവെപ്പുകാരുടെ കൂട്ടത്തില്‍ അമിത് സിങ്ങും ഉള്‍പ്പെട്ടിരുന്നു.

അതേസമയം വാതുവെപ്പുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും ടീം സഹകരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ആത്മാഭിമാനമില്ലാത്തവരാണ് ടീമിനെ ഒറ്റുകൊടുക്കുന്നതെന്നും ടീം അധികൃതര്‍ പറഞ്ഞു.

ഒത്തുകളി: കൂടുതല്‍ മത്സരങ്ങളും കളിക്കാരും നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ഐപിഎലിലെ കൂടുതല്‍ മത്സരങ്ങളില്‍ വാതുവെപ്പ് നടന്നതായി സൂചന. രാജസ്ഥാന്‍ റോയല്‍സിന്റെ ചില മത്സരങ്ങള്‍ കൂടി നിരീക്ഷണത്തിലാണ്. കൂടുതല്‍ കളിക്കാര്‍ വാതുവെപ്പിലുണ്ടെന്ന് സംശയിക്കുന്നതായി മുംബൈയിലെ ജോയിന്റ് പൊലീസ് കമ്മീഷണര്‍ അറിയിച്ചു. ഐപിഎല്‍ അഞ്ചാം സീസണിലും ഒത്തുകളി നടന്നതായി സംശയമുണ്ട്. വാതുവെപ്പില്‍ വിദേശ കൈകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്വേഷണം തുടരുകയാണ്. ചെന്നൈയിലും ഹൈദരാബാദിലും പരിശോധന നടന്നു. ഇതുവരെ മൂന്നു മത്സരങ്ങളില്‍ ഒത്തുകളി നടന്നുവെന്നതിന് മാത്രമെ കൃത്യമായ തെളിവുകള്‍ ലഭിച്ചിട്ടുള്ളൂ. മറ്റു മത്സരങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. രണ്ട് രാജസ്ഥാന്‍ താരങ്ങളെക്കൂടി ഇടനിലക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഈ സീസണിലെ രാജസ്ഥാന്റെ പല മത്സരങ്ങളും നിരീക്ഷണത്തിലാണ്. ഏപ്രില്‍ എട്ടിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, 11ന് പുണെ വാരിയേഴ്സ്, 14ന് കിങ്സ് ഇലവന്‍ പഞ്ചാബ്, 17ന് മുംബൈ ഇന്ത്യന്‍സ്, 20ന് റോയല്‍ ചലഞ്ചേഴ്സ് ബംഗ്ലൂര്‍, 22ന് ചെന്നൈ സൂപ്പര്‍ കിങ്സ്, 27ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ മത്സരങ്ങളാണ് സംശയത്തില്‍.

ഈ മാസം മൂന്നിന് കൊല്‍ക്കത്തയുമായി നടന്ന മത്സരവും ഒത്തുകളി നിഴലിലാണ്. ഡല്‍ഹി പൊലീസ് വിവരങ്ങള്‍ പരിശോധിച്ചുവരുന്നു. കൊല്‍ക്കത്തയുമായി നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ തോല്‍വി. ഈഡന്‍ ഗാര്‍ഡന്‍സിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഓസ്ട്രേലിയക്കാരന്‍ ബ്രാഡ് ഹോഡ്്ജ്, അങ്കീത് ചവാന്‍ എന്നീ രണ്ടു സ്പിന്‍ ബൗളര്‍മാരെ മാത്രമേ രാജസ്ഥാന്‍ കളിപ്പിച്ചുള്ളൂ. ഐപിഎല്‍ അഞ്ചാംപതിപ്പിലും ചന്ദില ഒത്തുകളിച്ചുവെന്ന് സൂചനയും പൊലീസ് വൃത്തങ്ങളില്‍ നിന്ന് തെളിയുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായി നടന്ന മത്സരവും രാജസ്ഥാന്റെ ഉറക്കംകെടുത്തുമെന്നാണ് സൂചന. ഡല്‍ഹി ഫിറോസ് ഷാ കോട്ലാ മൈതാനത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ആറിന് 152 റണ്ണാണെടുത്തത്. രാജസ്ഥാന് മൂന്നിന് 151ലെത്താനേ കഴിഞ്ഞുള്ളൂ. ഒരു റണ്‍ തോല്‍വി. എട്ടു വിക്കറ്റും 12 പന്തും ശേഷിക്കെ 15 റണ്ണായിരുന്നു രാജസ്ഥാന് വേണ്ടിയിരുന്നത്. എന്നാല്‍ 19-ാമത്തെ ഓവറില്‍ മൂന്നു റണ്ണെടുക്കന്നതിനിടെ 22 റണ്ണെടുത്ത ബ്രാഡ്ഹോഡ്ജിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. അവസാന ഓവറില്‍ 12 റണ്‍ വേണ്ടിയിരിക്കെ ഒരു റണ്‍ അകലെ രാജസ്ഥാന്‍ കളിയവസാനിപ്പിച്ചു. അജിന്‍ക്യ രഹാനെ 84 റണ്ണുമായി പുറത്താകാതെ നിന്നു. ഈ മത്സരം ഒത്തുകളി മണക്കുന്നതാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സ്ഥിരീകരണമില്ല.

"ഞാന്‍ അടയാളം കാണിക്കാം, ആദ്യ ഓവര്‍ കഴിയട്ടെ"

അഞ്ചിന് രാജസ്ഥാന്‍ റോയല്‍സും പൂണെ വാരിയേഴ്സും തമ്മില്‍ നടന്ന മത്സരത്തിന് തൊട്ടുമുമ്പായിരുന്നു ആദ്യ സംഭാഷണം. രാജസ്ഥാന്‍ റോയല്‍സ് കളിക്കാരന്‍ അജിത് ചന്ദിലയും വാതുവയ്പുസംഘത്തിലെ അമിത് ഗുപ്തയും തമ്മില്‍.

ചന്ദില: യേസ്, പറയൂ ഭഭായ്... ഞാന്‍ പോകട്ടെ... ഞാന്‍ അടയാളം കാണിക്കാം. ആദ്യ ഓവര്‍ കഴിയട്ടെ... കാണാം.. അമിത്: ആദ്യ ഓവര്‍ ആത്മവിശ്വാസത്തോടെയാവണം. അതേ ആത്മവിശ്വാസം രണ്ടാം ഓവറിലും വേണം...ഞങ്ങള്‍ക്കുവേണ്ടി.( ഈ ഓവറിലാണ് കരാര്‍ അനുസരിച്ച് അജിത് റണ്‍ വിട്ടുകൊടുക്കേണ്ടത്) ചന്ദില: ഓകെ.. ഓകെ... ഞാന്‍ ചെയ്യും.... അമിത്: എന്തായിരിക്കും അടയാളം? ചന്ദില: ഓവര്‍ തുടങ്ങുംമുമ്പ് ഞാന്‍ എന്റെ ടീഷര്‍ട്ട് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യും. വാഗ്ദാനംചെയ്ത അടയാളം പക്ഷേ ചന്ദില മറന്നു. അതിനാല്‍ മുന്‍കൂറായി വാങ്ങിയ 20 ലക്ഷം രൂപ വാതുവയ്പുകാര്‍ക്ക് തിരിച്ചുനല്‍കേണ്ടി വന്നു. ഇത് സംഭവിച്ചിരുന്നില്ലെങ്കില്‍ കരാര്‍പ്രകാരം മറ്റൊരു 20 ലക്ഷം കൂടി ചന്ദിലയ്ക്ക് വാതുവയ്പുകാര്‍ നല്‍കുമായിരുന്നു.

ശ്രീശാന്തിന്റെ സുഹൃത്തും വാതുവയ്പിലെ ഇടനിലക്കാരനുമായ ജിജു ജനാര്‍ദന്‍, വാതുവയ്പ് സംഘാംഗം ചന്ദ് എന്നിവര്‍ തമ്മിലാണ്&ാറമവെ; രണ്ടാമത്തെ സംഭാഷണം. ഒമ്പതിന് മൊഹാലിയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിന് മുമ്പായിരുന്നു ഇത്. സ്പെല്ലിലെ രണ്ടാമത്തെ ഓവറില്‍ ശ്രീശാന്ത് 14 റണ്‍സ് വിട്ടുകൊടുക്കണം എന്നതായിരുന്നു വാതുവയ്പുകാരുടെ ആവശ്യം. ചന്ദ്: എന്തായിരിക്കും അടയാളം? ജിജു: ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. അസാധാരണമായ അടയാളമൊന്നും കാണിക്കില്ല. രണ്ടാം ഓവര്‍ തുടങ്ങുംമുമ്പ് ഒരു ടവല്‍ തിരുകും. ചന്ദ്: ഭഭായ്, ഓവര്‍ തുടങ്ങുംമുമ്പ് വാതുവയ്പ് ആരംഭിക്കാന്‍&ാറമവെ; ഞങ്ങള്‍ക്ക് കുറച്ചുസമയം നല്‍കണമെന്ന് അവനോട് ദയവായി ഒന്നു ആവശ്യപ്പെടൂ...

രാജസ്ഥാന്‍ റോയല്‍സും മുംബൈ വാരിയേഴ്സും തമ്മില്‍ കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിനുമുമ്പാണ് മൂന്നാം സംഭാഷണം. അജിത് ചന്ദിലയാണ് വാതുവയപിന് അങ്കിത് ചവാനെ പ്രേരിപ്പിക്കുന്നത്. ചവാന്‍: ഞാന്‍ പുറത്താണ്. ചന്ദില: ഓകെ...അംഗീകരിച്ചെന്ന് ഞാന്‍ പറയട്ടെ? ചവാന്‍: ശരി....പക്ഷേ എത്ര? (എത്ര റണ്‍ വഴങ്ങണമെന്ന് ചോദ്യം) ചന്ദില: 12 ആണ് അവര്‍ പറയുന്നത്. ചവാന്‍: പറ്റില്ല. അത് നടക്കുമെന്ന് തോന്നുന്നില്ല. അത് വളരെ കൂടുതലാണ്. ചന്ദില: ഞാന്‍ അവര്‍ക്ക് ഉറപ്പുകൊടുത്തുകഴിഞ്ഞു. അത് നടക്കും. അംഗീകരിച്ചെന്ന് പറയട്ടെ? ചവാന്‍: ഓകെ... ശരി ശരി.. ചന്ദില: ഞാന്‍ ഒരു ഓവറിന് അറുപതാണ് (60 ലക്ഷം) അവരോട് പറഞ്ഞിരിക്കുന്നത്. ചവാന്‍: അടയാളമായി ഞാന്‍ എന്റെ റിസ്റ്റ്വാച്ച് തിരിക്കാം. രണ്ടാം ഓവറില്‍ 14 റണ്ണോ അതില്‍ കൂടുതലോ ചവാന്‍ വിട്ടുകൊടുക്കാന്‍ പിന്നീടുള്ള ഫോണ്‍ സംഭാഷണത്തില്‍ തീരുമാനമായി. ബാക്കി കാര്യങ്ങള്‍ ബ്ലാക്ബെറി സന്ദേശങ്ങളിലൂടെ പങ്കുവയ്ക്കാമെന്നും ഇവരില്‍ ഒരാള്‍ പറയുന്നു. (പൊലീസ് കമീഷണര്‍ നീരജ്കുമാര്‍ വെളിപ്പെടുത്തിയത്)

എന്റെ മകനെ കൂട്ടുകാര്‍ ചതിച്ചു

കൊച്ചി: ശ്രീശാന്തിനെ മനഃപൂര്‍വം ചതിയില്‍ പെടുത്തിയതാണെന്ന് അമ്മ സാവിത്രീ ദേവി. ശ്രീശാന്തിനെ കൂട്ടുകാര്‍തന്നെയാണ് ചതിച്ചത്. ജിജു എന്നയാളാണ് ശ്രീശാന്തിനെ ചതിച്ചത്. ഇയാള്‍ ഞങ്ങളുടെ ബന്ധുവല്ല. ശ്രീയുടെ സുഹൃത്തു മാത്രമാണ്. കേസ് വിശദമായി പഠിച്ചശേഷം നിയമനടപടികളുമായി മുന്നോട്ടുപോകും-സാവിത്രീ ദേവി പറഞ്ഞു. ശ്രീശാന്തിനെ കുടുക്കിയത് ക്യാപ്റ്റന്‍ ധോണിയും ഹര്‍ഭജന്‍ സിങ്ങുമാണെന്ന് അച്ഛന്‍ ശാന്തകുമാരന്‍ നായര്‍ പറഞ്ഞത് അറസ്റ്റ് വാര്‍ത്ത അറിഞ്ഞ വിഷമത്തിലാണ്. ധോണിയും ഹര്‍ഭജനും ശ്രീശാന്തിന്റെ നല്ല സുഹൃത്തുക്കളാണെന്നും സാവിത്രീ ദേവി പറഞ്ഞു. ടെലിവിഷന്‍ ചാനലുകളിലൂടെ ഉന്നയിച്ച ഈ ആരോപണത്തിന് ശാന്തകുമാരന്‍നായര്‍ പിന്നീട് മാപ്പുപറഞ്ഞു. ശ്രീശാന്തിന്റെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞശേഷം അച്ഛന്‍ ശാന്തകുമാരന്‍നായര്‍ തളര്‍ന്നുപോയെന്നും ചികിത്സതേടിയിട്ടുണ്ടെന്നും സാവിത്രീ ദേവി പറഞ്ഞു. അറസ്റ്റ്വാര്‍ത്ത അറിഞ്ഞശേഷം ശ്രീശാന്തിന്റെ അച്ഛനും അമ്മയും വാടകയ്ക്കു താമസിക്കുന്ന ഇടപ്പള്ളി അല്‍-അമീന്‍ സ്കൂളിന് എതിര്‍വശത്തുള്ള സ്കൈലൈനിന്റെ വില്ലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും ആരും സ്ഥലത്ത് ഇല്ലായിരുന്നു. തുടര്‍ന്ന് ഫോണിലൂടെയാണ് സാവിത്രീ ദേവി പ്രതികരിച്ചത്.

ബിസിസിഐയുടെ നിര്‍ണായക യോഗം നാളെ

ന്യൂഡല്‍ഹി: ഒത്തുകളി വിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ സാഹചര്യത്തില്‍ ബിസിസിഐ ഞായറാഴ്ച നിര്‍ണായക യോഗം ചേരും. പൊലീസ് കസ്റ്റഡിയിലുള്ള എസ് ശ്രീശാന്ത്, അങ്കീത് ചവാന്‍, അജിത് ചന്ദില, അമിത് സിങ് എന്നീ താരങ്ങളുടെ ഭാവി സംബന്ധിച്ചുള്ള തീരുമാനവും ബിസിസിഐയുടെ പ്രവര്‍ത്തന കമ്മിറ്റി യോഗത്തില്‍ ഉണ്ടാകും. ചെന്നൈയിലാണ് യോഗം. താരങ്ങള്‍ക്ക് ആജീവനാന്ത വിലക്കിനാണ് സാധ്യത. ഈയടുത്ത് രൂപീകരിച്ച അഴിമതിവിരുദ്ധ സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്വന്തം നിലയ്ക്കും ഒത്തുകളിയെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. അച്ചടക്ക സമിതിയുമായി ചേര്‍ന്നാകും അന്വേഷണം.

deshabhimani

No comments:

Post a Comment