എ കെ ആന്റണിയുടെ "മഹത്തായ" പാര്‍ടിക്ക് തീപിടിച്ചെന്നും എരിയുന്ന തീയില്‍ എണ്ണയൊഴിക്കരുതെന്നും അദ്ദേഹം സ്വന്തം അനുയായികളോടും സഹപ്രവര്‍ത്തകരോടും താണുകേണപേക്ഷിച്ചതു കണ്ടപ്പോള്‍ സഹതപിക്കാതിരിക്കാന്‍ വയ്യ. സ്വന്തം പാര്‍ടി തീപിടിച്ച് കത്തിയമരുന്നതില്‍ ആശങ്കാകുലനായ ആന്റണി സിപിഐ എം തകരുകയാണെന്ന് ദിവാസ്വപ്നം കാണുന്നതില്‍ ആക്ഷേപിക്കേണ്ടതില്ലെന്നാണ് ആദ്യം തോന്നിയത്. എന്നാല്‍, ആന്റണി പഴയ ആന്റണിയല്ല, കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനാണ്. ആന്റണി പണ്ടുപറഞ്ഞ "വിലപ്പെട്ട" അഭിപ്രായം അത്രപെട്ടെന്ന് മറക്കാനും വയ്യ. സിപിഐ എം നൂറുവര്‍ഷത്തേക്ക് അധികാരത്തില്‍ തിരിച്ചുവരില്ലെന്നാണ് അദ്ദേഹം പറഞ്ഞുകളഞ്ഞത്. അന്നത്തെ ശാപവചനത്തിന് എന്തു സംഭവിച്ചു എന്ന് ആന്റണിയെ ഓര്‍മിപ്പിക്കാതിരിക്കാന്‍ കഴിയുന്നില്ല. ആ ശാപവചനത്തില്‍ മാത്രമായി അദ്ദേഹം ഒതുങ്ങിനിന്നില്ല. കമ്യൂണിസം കാലഘട്ടവുമായി പൊരുത്തപ്പെടുന്നതല്ലെന്നും സിപിഐ എമ്മിന്റെ ബഹുജന പിന്തുണ കുറഞ്ഞുവരികയാണെന്നും നഷ്ടപ്പെട്ട പിന്തുണ തിരിച്ചുപിടിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വസനീയമായ കാരണമോ വിശദീകരണമോ നല്‍കാതെയാണ് ഇത്രയും കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് ആന്റണിയുടെ പുതിയ വെളിപാടും ദിവാസ്വപ്നം മാത്രമാണെന്നു പറയാന്‍ കാരണം.
ഏതു കാലഘട്ടത്തെപ്പറ്റിയാണ് ആന്റണി പറയുന്നത്. 1991ല്‍ സോവിയറ്റ് യൂണിയനില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്ക് തിരിച്ചടി ഉണ്ടായി എന്നത് നേരാണ്. അത് മാര്‍ക്സിസം ലെനിനിസത്തിന്റെ പരാജയമല്ല. മാര്‍ക്സിസത്തില്‍നിന്നുള്ള പ്രകടമായ വ്യതിയാനമാണ് തിരിച്ചടിക്കും താല്‍ക്കാലികമായ തകര്‍ച്ചയ്ക്കും കാരണമെന്ന് സിപിഐ എമ്മിന്റെ 14-ാം കോണ്‍ഗ്രസ് വ്യക്തമായി വിലയിരുത്തി. സോവിയറ്റ് യൂണിയനു പുറകെ ചൈനയും തകരാന്‍ പോവുകയാണെന്ന് സോഷ്യലിസ്റ്റ് വിരോധികള്‍ പ്രചരിപ്പിച്ചു. ടിയാനെന്‍മെന്‍ ചത്വരത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു അത്. എന്നാല്‍, ചൈന തകര്‍ന്നില്ല. ലോകത്തിലെ രണ്ടാമത്തെ സമ്പന്നരാഷ്ട്രത്തിന്റെ പദവിയിലേക്കുയര്‍ന്നു. വിയറ്റ്നാം, ക്യൂബ, വടക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ സോഷ്യലിസ്റ്റ് പാതയില്‍ ഉറച്ചുനിന്ന് മുന്നേറുകയാണ്. ആഗോളവല്‍ക്കരണനയത്തിന് ബദലുണ്ടെന്ന് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തെളിയിക്കുന്നു.
കാലഘട്ടത്തിന്റെ മറ്റൊരു പ്രത്യേകത മുതലാളിത്ത പാതയുടെ പാപ്പരത്തമാണ്. 2008ല്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള അമേരിക്ക സാമ്പത്തിക പ്രതിസന്ധിയുടെ അഗാധമായ ചുഴിയില്‍ അകപ്പെട്ടു. നാലുവര്‍ഷം കഴിഞ്ഞിട്ടും കുഴപ്പത്തില്‍നിന്ന് കരകയറാന്‍ കഴിഞ്ഞില്ല. സാമ്പത്തിക കുഴപ്പം യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ രൂക്ഷഭാവത്തോടെ വ്യാപിക്കുകയാണുണ്ടായത്. യൂറോപ്യന്‍രാജ്യങ്ങളില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ ചെലവുചുരുക്കല്‍ നടപ്പാക്കി. അതിനെതിരെ തൊഴിലാളിവര്‍ഗം തെരുവിലിറങ്ങി. വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരം ആരംഭിച്ചു. നിങ്ങള്‍ ഒരു ശതമാനം ഞങ്ങള്‍ 99 ശതമാനം എന്ന മുദ്രാവാക്യം തെരുവീഥികളെ പ്രകമ്പനം കൊള്ളിച്ചു. കുഴപ്പം അതേ തോതിലല്ലെങ്കിലും ഇന്ത്യയെയും ബാധിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് അഞ്ചു ശതമാനമായി കുറഞ്ഞു. രൂപയുടെ മൂല്യം ഇടിഞ്ഞു. ഇറക്കുമതിച്ചെലവ് കൂടി. കയറ്റുമതി ഗണ്യമായി കുറഞ്ഞു. വിദേശ മൂലധന നിക്ഷേപം പ്രതീക്ഷിച്ചപോലെ വന്നില്ല. കാര്‍ഷികമേഖലയും തകര്‍ന്നു. ദിവസം ശരാശരി 47 കര്‍ഷകര്‍ ആത്മഹത്യചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന സ്ഥിതിവിശേഷം സംജാതമായി.
ആഗോളവല്‍ക്കരണനയത്തിന്റെ ഭാഗമായി അഴിമതി എല്ലാ മേഖലയിലും വ്യാപിച്ചു. 2ജി സ്പെക്ട്രത്തിലൂടെയുണ്ടായ നഷ്ടം 1,76,000 കോടി രൂപയെങ്കില്‍ കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയതിലൂടെയുള്ള നഷ്ടം 1,86,000 കോടിരൂപയായി. ഇതാണോ ആന്റണി പറയുന്ന പുതിയ കാലഘട്ടം. റെയില്‍വേ ബോര്‍ഡില്‍ അംഗമാകാന്‍ കേന്ദ്രമന്ത്രിയുടെ മരുമകന്‍ ലക്ഷങ്ങള്‍ കൈക്കൂലിവാങ്ങി. സിബിഐ ഉന്നതന്‍ ഏഴുലക്ഷം രൂപ കൈക്കൂലി വാങ്ങിയത് പിടികൂടി. ഇതൊക്കെ ജനങ്ങള്‍ അറിഞ്ഞ കാര്യങ്ങളാണ്. ഇക്കാര്യങ്ങള്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കാതിരുന്നാല്‍ രക്ഷപ്പെടാം. അതുകൊണ്ട് വിവാദം കമ്യൂണിസത്തെപ്പറ്റിയാകട്ടെ. മാധ്യമങ്ങള്‍ നന്നായി തുണച്ചാല്‍ വിവാദം കമ്യൂണിസത്തെ കേന്ദ്രീകരിച്ചായിരിക്കും. അതായിരുന്നു ആന്റണിയുടെ കണക്കുകൂട്ടല്‍. ദൗര്‍ഭാഗ്യവശാല്‍ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തതായി കാണുന്നില്ല. വീണ്ടും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശവും ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തരവകുപ്പും ഒക്കെയായി വിവാദം കൊഴുക്കുകയാണ്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നായര്‍ രമേശ് ചെന്നിത്തലനായരുടെ ദേഹരക്ഷയ്ക്കായി അഞ്ചു പൊലീസുകാരെ അയച്ചുകൊടുത്തു. രാധാകൃഷ്ണന്‍നായരുടെ പൊലീസിന്റെ അംഗരക്ഷ തനിക്കുവേണ്ടെന്നും ഉടന്‍തന്നെ പൊലീസുകാരെ തിരിച്ചെടുക്കണമെന്നും രമേശന്‍നായര്‍ ആവശ്യപ്പെട്ടിരിക്കുന്നു. സുകുമാരന്‍നായരും വെള്ളാപ്പള്ളി നടേശനും പുതിയ അങ്കത്തിനു തയ്യാറെടുക്കുന്നതായി വാര്‍ത്ത കാണുന്നു. ഈ സാഹചര്യത്തില്‍ ആന്റണിയുടെ കാലഹരണസിദ്ധാന്തം പച്ചപിടിക്കുന്ന മട്ടൊന്നും കാണുന്നില്ല. എന്നിരുന്നാലും പറഞ്ഞത് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായതുകൊണ്ട് ചിലത് ചൂണ്ടിക്കാണിക്കണമെന്നുണ്ട്.
ശ്രീമാന്‍ ആന്റണി പൂവിട്ട് പൂജിക്കുന്ന മുതലാളിത്തപാതയെ ബാധിച്ച കടുത്ത പ്രതിസന്ധി മൂടിവയ്ക്കാന്‍ കഴിയില്ല. മാനവരാശിയുടെ അടിസ്ഥാനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശേഷി മുതലാളിത്ത വ്യവസ്ഥയ്ക്കില്ല. തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും കഷ്ടപ്പാടും സമൂഹത്തില്‍ വര്‍ധിച്ചുവരികയാണ്. പകരം സോഷ്യലിസമാണ് എന്ന ചിന്ത കൂടുതല്‍ കൂടുതല്‍ ജനവിഭാഗത്തിനിടയില്‍ വ്യാപിക്കുകയും ശക്തിപ്പെടുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഒന്നരനൂറ്റാണ്ടുമുമ്പ് പ്രസിദ്ധീകരിച്ച കാള്‍ മാര്‍ക്സിന്റെ മൂലധനം എന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ കോപ്പി അന്വേഷിച്ച് ഗ്രന്ഥാലയങ്ങള്‍ തേടിപ്പോകാന്‍ ബുദ്ധിജീവികള്‍ തയ്യാറായത്. വത്തിക്കാന്‍ സിറ്റിയില്‍ നിന്നുപോലും മൂലധനം എന്ന ഗ്രന്ഥത്തിനായുള്ള അന്വേഷണം വന്നു. കമ്യൂണിസം കൂടുതല്‍ പേര്‍ക്ക് സ്വീകാര്യമാകുന്ന ലക്ഷണമാണത്. കമ്യൂണിസവും കാലഘട്ടവും തമ്മിലുള്ള ബന്ധം ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. 1848ല്‍ കാള്‍ മാര്‍ക്സും ഫ്രെഡറിക് എംഗല്‍സും ചേര്‍ന്ന് പ്രസിദ്ധീകരിച്ച കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയാണ് കമ്യൂണിസത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളിലൊന്ന്. മാനിഫെസ്റ്റോയ്ക്ക് 1872ല്‍ എഴുതിയ മുഖവുരയില്‍ മാര്‍ക്സും എംഗല്‍സും പറയുന്നു: ""കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ സ്ഥിതിഗതികള്‍ക്കെത്രതന്നെ മാറ്റം വന്നിട്ടുണ്ടെങ്കിലും ഈ മാനിഫെസ്റ്റോ ഉള്‍ക്കൊള്ളുന്ന പൊതുതത്വങ്ങള്‍ മൊത്തത്തില്‍ അന്നത്തെപ്പോലെതന്നെ ഇന്നും ശരിയാണ്. വിശദാംശങ്ങളില്‍ അങ്ങും ഇങ്ങും ചില ഭേദഗതികള്‍ വരുത്താമായിരിക്കാം. മാനിഫെസ്റ്റോയില്‍ തന്നെ പ്രസ്താവിച്ചിട്ടുള്ളതുപോലെ, എവിടെ എപ്പോഴായാലും ശരി, ഈ തത്വങ്ങള്‍ പ്രയോഗത്തില്‍ വരുത്തുന്ന കാര്യം അപ്പോള്‍ നിലവിലുള്ള ചരിത്രപരമായ സ്ഥിതിഗതികളെ ആശ്രയിച്ചാണിരിക്കുക. അതുകൊണ്ടാണ് രണ്ടാംഭാഗത്തിന്റെ അവസാനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള വിപ്ലവനടപടികളുടെ കാര്യത്തില്‍ പ്രത്യേകം ഊന്നല്‍കൊടുക്കാതിരുന്നത്. ഇന്നായിരുന്നുവെങ്കില്‍ ആ ഭാഗം പലപ്രകാരത്തിലും വ്യത്യസ്ത രീതിയിലാവും എഴുതുക.
കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ ആധുനിക വ്യവസായത്തിലുണ്ടായ വമ്പിച്ച പുരോഗതി, അതിനെത്തുടര്‍ന്ന് തൊഴിലാളിവര്‍ഗത്തിന്റെ പാര്‍ടി സംഘടനയ്ക്ക് കൈവന്നിട്ടുള്ള അഭിവൃദ്ധിയും വികാസവും, ആദ്യം ഫെബ്രുവരിവിപ്ലവത്തില്‍നിന്നും പിന്നീട് അതിലുപരിയായി തൊഴിലാളിവര്‍ഗത്തിന് ചരിത്രത്തിലാദ്യമായി രണ്ടുമാസം തികച്ചും രാഷ്ട്രീയാധികാരം കൈവശം വയ്ക്കാനിടയാക്കിയ പാരീസ് കമ്യൂണില്‍നിന്നും ലഭിച്ച പ്രായോഗിക അനുഭവങ്ങള്‍- ഇതെല്ലാം വച്ചുനോക്കുമ്പോള്‍ ഈ പരിപാടി ചില വിശദാംശങ്ങളില്‍ പഴഞ്ചനായി തീര്‍ന്നിട്ടുണ്ട്"". കാല്‍ നൂറ്റാണ്ടിനിടയില്‍ത്തന്നെ ചില ഭാഗങ്ങള്‍ പഴഞ്ചനായിട്ടുണ്ടെന്ന് മാര്‍ക്സും എംഗല്‍സും തുറന്ന് സമ്മതിച്ചകാര്യമാണ്. അതേരീതിയില്‍ ഒന്നരനൂറ്റാണ്ട് കഴിയുമ്പോള്‍ ചില ഭാഗങ്ങള്‍ പഴഞ്ചനാവുക സ്വാഭാവികമാണ്.
മാര്‍ക്സിസം വരട്ട് തത്വവാദമല്ല. വള്ളിപുള്ളി വ്യത്യാസം വരുത്താന്‍ പാടില്ലാത്ത വേദപുസ്തകവുമല്ല. അത് എല്ലാ അര്‍ഥത്തിലും ശാസ്ത്രമാണ്. ശാസ്ത്രം സത്യമാണ്. അതോടൊപ്പം ശാസ്ത്രം വളരുന്നതാണ്. നവഗ്രഹങ്ങള്‍ എന്നതിന് മാറ്റം വന്നില്ലേ? പുതിയ ഗ്രഹങ്ങള്‍ ഉണ്ടെന്ന് ശാസ്ത്രം പറഞ്ഞില്ലേ? ചന്ദ്രനിലേക്ക് യാത്ര നടത്തിയില്ലേ? ദൈവകണം എന്ന് ചിലര്‍ പറയുന്ന നവകണങ്ങള്‍ കണ്ടെത്തി. അതേപോലെ ഒരു ശാസ്ത്രമായ മാര്‍ക്സിസം മാറ്റത്തിന് വിധേയമാണ്. എല്ലാം മാറ്റത്തിന് വിധേയമാണ്. മാറ്റം എന്ന പ്രതിഭാസമാണ് ശാശ്വതമായത്. മാര്‍ക്സിസം ഓരോ രാജ്യത്തുമുള്ള മൂര്‍ത്ത സാഹചര്യം ശരിയായി വിശകലനംചെയ്ത് പഠിച്ചാണ് പ്രയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കാലഹരണം എന്ന ദൂഷ്യം മാര്‍ക്സിസത്തിനില്ലെന്ന് ആന്റണി മനസ്സിലാക്കിയാല്‍ കൊള്ളാം.ആന്റണിയുടെ വിലയിരുത്തല്‍ വസ്തുനിഷ്ഠ യാഥാര്‍ഥ്യം വിലയിരുത്തിക്കൊണ്ടുള്ളതല്ല. വ്യാമോഹം മാത്രമാണ്. ആന്റണിയുടെകൂടി നേതാവായി ഉയര്‍ന്നുവന്ന രാഹുല്‍ ഗാന്ധി തിരുവനന്തപുരത്ത് വന്ന് ഞങ്ങള്‍ക്കൊരുപദേശം തന്നു. അത് തനിവിവരദോഷത്തിന്റെ പ്രതിഫലനമായിപ്പോയെന്ന് പറയാതിരിക്കാന്‍ വയ്യ. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ എഴുതിയ വിശ്വചരിത്രാവലോകനം എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പതിപ്പായ ഗ്ലിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി ഒരു തവണ വായിക്കാന്‍ രാഹുലെന്ന ചെറുപ്പക്കാരനോടുപദേശിക്കുകയാണ്. ഇന്ദിര ജനിച്ച വര്‍ഷം 1917 ആണെന്ന് നെഹ്റു ഓര്‍മിപ്പിക്കുന്നു. അതിന്റെ മാഹാത്മ്യം വരച്ചുകാണിക്കുന്നു.
സോവിയറ്റ് യൂണിയനില്‍ സന്ദര്‍ശനം നടത്തിയതിനെ നെഹ്റു ഓര്‍മിപ്പിക്കുന്നു. 1932-33 കാലഘട്ടത്തില്‍ ജയിലില്‍നിന്നാണ് തന്റെ മകള്‍ ഇന്ദിരയ്ക്ക് നെഹ്റു കത്തെഴുതിയത്. അതില്‍ മാര്‍ക്സിസം പഠിക്കണമെന്നും ജീവിതത്തില്‍ എപ്പോഴെങ്കിലും മാര്‍ക്സിസ്റ്റ് പഠനം പ്രയോജനപ്പെടുമെന്നും നെഹ്റു ഇന്ദിരയെ ഉപദേശിക്കുന്നു. മാര്‍ക്സിസം എന്ന വിപ്ലവശാസ്ത്രം പ്രയോഗത്തില്‍ വരുത്തിയ സോവിയറ്റു യൂണിയന്റെ അത്ഭുതകരമായ വളര്‍ച്ചയിലും പുരോഗതിയിലും വികസനത്തിലും നെഹ്റു മതിപ്പ് പ്രകടിപ്പിച്ചു. സ്റ്റാലിന്റെ പഞ്ചവത്സര പദ്ധതിയെയും പുകഴ്ത്തി. പഞ്ചവത്സരപദ്ധതി മുതലാളിത്തവ്യവസ്ഥയില്‍ നടപ്പാക്കാനുള്ളതല്ലെങ്കിലും നെഹ്റു അത് ഇന്ത്യയില്‍ നടപ്പാക്കി. 12-ാം പഞ്ചവത്സരപദ്ധതിയുടെ ഒന്നാംവര്‍ഷത്തിലാണ് നാം ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.
1929ല്‍ നെഹ്റുവിന്റെ വന്ദ്യപിതാവ് മോത്തിലാല്‍ നെഹ്റു അന്നത്തെ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ നടത്തിയ പ്രസംഗവും രാഹുല്‍ വായിച്ചാല്‍ നന്ന്. ബ്രിട്ടീഷ് ഭരണാധികാരികളുടെ മുഖത്ത് നോക്കി മോത്തിലാല്‍ പറഞ്ഞു: ""ആശയം ഇന്ത്യയില്‍ പ്രവേശിക്കുന്നത് മുള്ളുവേലി കെട്ടി തടയാന്‍ നിങ്ങള്‍ ശ്രമിക്കേണ്ടതില്ല. എനിക്ക് പരിചയമുള്ള കമ്യൂണിസ്റ്റുകാര്‍ ത്യാഗികളാണ്. ആത്മാര്‍ഥതയുള്ളവരാണ്. സത്യസന്ധതയുള്ളവരാണ്. ധീരന്മാരാണ്"". മീറത്ത് ഗൂഢാലോചനക്കേസ് വിചാരണ ചെയ്യുന്ന കാലഘട്ടത്തിലാണ് മോത്തിലാല്‍ പ്രസംഗിച്ചത്. അതുകൊണ്ടുതന്നെ കമ്യൂണിസമാണ് ഭാവിയുടെ പ്രതീക്ഷ. മുതലാളിത്തവ്യവസ്ഥയുടെ നാശം അനിവാര്യമാണ്. സോഷ്യലിസത്തിന്റെ അന്തിമവിജയവും അനിവാര്യമാണ്. രാഹുലിന്റെ ഉപദേശവും അതിന്റെ ചുവടുപിടിച്ചുള്ള ആന്റണിയുടെ ജല്‍പ്പനങ്ങളും ജനങ്ങള്‍ തള്ളുമെന്ന് ഇരുവരെയും ഓര്‍മിപ്പിക്കാന്‍ ഈ അവസരം വിനിയോഗിക്കുന്നു.
വി വി ദക്ഷിണാമൂര്‍ത്തി deshabhimani
No comments:
Post a Comment