Sunday, May 19, 2013

ഇനി ഇടിമുറിയും ശാഖാപരിശീലനവും ഇല്ല

ദേശാഭിമാനി

എംജി കോളേജിന് പുതുശോഭ; ഇനി ഇടിമുറിയും ശാഖാപരിശീലനവും ഇല്ല

തിരു: ആര്‍എസ്എസ് സൂക്തങ്ങളും ശാഖയിലെ നീണ്ട വിസില്‍ മുഴക്കവും ഇനി എംജി കോളേജിന് അന്യമാകും. എബിവിപി- ആര്‍എസ്എസ് സംഘത്തില്‍നിന്ന് കോളേജിന്റെ മതേതരത്വം സംരക്ഷിക്കാന്‍ മാനേജ്മെന്റ് കൈക്കൊണ്ട നടപടി കോളേജിനും വിദ്യാര്‍ഥികള്‍ക്കും പുതുജീവനേകി. ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് കോളേജ് വളപ്പില്‍ ശാഖാപ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കഴിഞ്ഞദിവസം കോളേജില്‍ പൊലീസ് നടപടി സ്വീകരിച്ചത്. ആര്‍എസ്എസ് കാര്യാലയത്തിനുസമാനമായിരുന്നു കോളേജില്‍ എബിവിപിക്കാര്‍ തീര്‍ത്തിരുന്ന അന്തരീക്ഷം. പുരോഗമന വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം കോളേജില്‍ അനുവദിക്കില്ലെന്ന പ്രത്യേക അജന്‍ഡ ആര്‍എസ്എസ്- എബിവിപി നേതൃത്വം കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രവേശനസമയത്തുതന്നെ പ്രവേശന ലിസ്റ്റ് കോളേജ് അധികൃതരില്‍നിന്ന് ഭീഷണിപ്പെടുത്തി വാങ്ങും. പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളുടെ പേര് ആര്‍എസ്എസിന്റെ പ്രാദേശികഘടകത്തിന് കൈമാറും. ഇതില്‍ ആര്‍ക്കെങ്കിലും പുരോഗമനപ്രസ്ഥാനങ്ങളുമായി ബന്ധമുണ്ടെങ്കില്‍ കോളേജില്‍ പ്രവേശിക്കുന്ന ആദ്യദിവസംതന്നെ പ്രവേശനകവാടത്തിനുമുന്നില്‍വച്ച് ഭീകരമര്‍ദനമായിരിക്കും നടത്തുക. ഇത് പലപ്പോഴും രക്ഷിതാക്കളുടെ മുന്നില്‍വച്ചായിരിക്കും. ആര്‍എസ്എസ് പ്രാദേശികനേതൃത്വമായിരിക്കും ഇതിന് ചുക്കാന്‍പിടിക്കുന്നത്.

വിവിധ കാലഘട്ടങ്ങളില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് കൊടിയ മര്‍ദനം ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ആര്‍എസ്എസ്- എബിവിപി സംഘത്തിന്റെ വിലക്കുകള്‍ ലംഘിച്ച് കോളേജില്‍ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ കരകുളം സ്വദേശി പി ജി മനോജിനെ കൈയും കാലും വെട്ടി വീടിനടുത്തുള്ള വയലില്‍ ചവിട്ടിത്താഴ്ത്തി. പാല്‍ക്കുളങ്ങര സ്വദേശി പ്രേംകുമാറിന്റെ തുട വെട്ടിക്കീറി എല്ല് തകര്‍ത്തു. ചെറുവയ്ക്കല്‍ സ്വദേശി പ്രവീണിനെ ക്ലാസ്മുറിയില്‍വച്ച് വയറ്റില്‍ കുത്തി പരിക്കേല്‍പ്പിച്ചു. മരുതംകുഴി സ്വദേശി അനില്‍നായരെ കഴുത്തില്‍ വെട്ടി. ഇപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഉദ്യോഗസ്ഥനായ എസ് എസ് മീനുവിനെ വയറ്റില്‍ കുത്തിവീഴ്ത്തുകയായിരുന്നു. കുടപ്പനക്കുന്ന് സ്വദേശി അമൂല്‍ദാസിനെ പാളയത്തുവച്ച് ഭീകരമായി മര്‍ദിച്ചു. കേശവദാസപുരത്തെ എം ആര്‍ പ്രതാപ്ചന്ദ്രനെതിരെ വധശ്രമവും നടന്നു. പെണ്‍കുട്ടികളെയും വെറുതെവിട്ടിരുന്നില്ല. ആര്‍എസ്എസിന്റെ സഹായത്തോടെ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയിരുന്ന താലിബാന്‍ മോഡല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അസ്തമയം ആരംഭിച്ചിട്ടുണ്ട്. മുന്‍കാലങ്ങളില്‍ എബിവിപിക്കാര്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങള്‍ ഇനി അനുവദിക്കില്ലെന്ന കോളേജ് മാനേജ്മെന്റിന്റെ തീരുമാനം എംജി കോളേജിന് പുതുശോഭ നല്‍കും.

No comments:

Post a Comment