മങ്കൊമ്പ്: കുട്ടനാടിന്റെ പാരിസ്ഥിതിക സംതുലിതാവസ്ഥയെ തകര്‍ക്കുംവിധം സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് ഡോ. തോമസ് ഐസക് എംഎല്‍എ പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മങ്കൊമ്പില്‍ പി കൃഷ്ണപിള്ള സ്മാരകഹാളില്‍ നടന്ന പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതാനും വന്‍കിടക്കാരെ ആശ്രയിച്ചു നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ തികച്ചും പരിസ്ഥിതിലോലമായ കുട്ടനാടിന്റെ സംതുലിതാവസ്ഥയെ തകര്‍ക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യഅജന്‍ഡ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കുക എന്നതാണ്. ജൈവമാലിന്യങ്ങളുടെ തോതു വര്‍ധിക്കുകയും ആ ജലം കുടിക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ കോളറപോലുള്ള സാംക്രമികരോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ ഇടയാകുമെന്ന് സമീപകാല സംഭവങ്ങള്‍ കാണിക്കുന്നു. വെള്ളപ്പൊക്ക നിവാരണത്തിനായി മുഴുവന്‍ പാടശേഖരങ്ങളിലും കല്ലുകെട്ടുക എന്നതിനുപകരമായി തോട്ടപ്പള്ളി സ്പില്‍വെയുടെ ലീഡിങ് ചാനല്‍ ആഴവും വീതിയും വര്‍ധിപ്പിച്ച് നീരൊഴുക്ക് വര്‍ധിപ്പിക്കുകയാണ് വേണ്ടത്. വേലിയേറ്റവും വേലിയിറക്കവും പുനഃസ്ഥാപിക്കാന്‍ കഴിയുംവിധം തണ്ണീര്‍മുക്കം ബണ്ട് ഒരുവര്‍ഷത്തേക്ക് തുറന്നിട്ട് കുട്ടനാടിനുണ്ടാകുന്ന പാരിസ്ഥിതിക മാറ്റങ്ങള്‍ പഠിക്കണം. കാര്‍ഷികകലണ്ടര്‍ അടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിലൂടെ കുട്ടനാട്ടിലെ കൃഷിയുടെ താളം തിരിച്ചുപിടിക്കണം. കുട്ടനാട്ടിലെ നദികളുടെ മലിനീകരണം കുട്ടനാട്ടില്‍ മാത്രം നടക്കുന്നതല്ല. നദിയുടെ ഉത്ഭവസ്ഥാനം മുതല്‍ ഉണ്ടാകുന്നതാണ്. ഹൗസ്ബോട്ടുകള്‍ ടൂറിസം വികസനത്തിന്റെപേരില്‍ ജൈവമാലിന്യങ്ങള്‍ നദിജലത്തില്‍ കലരുന്നു. ഇത് ശുദ്ധീകരിക്കുന്നതിനാവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
വരുംതലമുറയ്ക്ക് കുടിവെള്ളം ലഭ്യമാക്കിയില്ലെങ്കില്‍ അവരോട് എന്തുമറുപടിയാകും നമുക്ക് പറയാന്‍ കഴിയുകയെന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചുവെന്ന് ചടങ്ങില്‍ അധ്യക്ഷനായ ബിനോയ് വിശ്വം പറഞ്ഞു. പടിഞ്ഞാറ് ഒരു നെല്‍വയല്‍ നികത്തുമ്പോള്‍ കിഴക്ക് ഒരുകുന്നും ഇല്ലാതാകുകയാണ്. ഇങ്ങനെ പുഴകളെ തണ്ണീര്‍ത്തടങ്ങളെ കുന്നുകളെ എല്ലാം സംരക്ഷിക്കാനുള്ള ശബ്ദമുയര്‍ത്താന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കേ പറ്റൂ. ആഗോളതാപനം വെള്ളവുമായി ബന്ധപ്പെട്ട പച്ചപരമാര്‍ഥമാണ്. ഭൂമിയെ ലാഭക്കൊതിയന്മാരുടെ ക്രൂരതയ്ക്ക് വശംവദമാക്കുകയാണ്. ഇതിനെതിരെ നാം ഇനിയെങ്കിലും സജ്ജരാകണം. പരിസ്ഥിതി പ്രവര്‍ത്തകരായ പ്രൊഫ. എം കെ പ്രസാദ്, ജയകുമാര്‍, കെഎസ്കെടിയു ജില്ലാ സെക്രട്ടറി ഡി ലക്ഷ്മണന്‍, സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. സി എസ് സുജാത, ഏരിയ സെക്രട്ടറി കെ കെ അശോകന്‍, ആര്‍ റിയാസ് എന്നിവരും സംസാരിച്ചു.
deshabhimani
No comments:
Post a Comment