Wednesday, May 15, 2013

ചെന്നിത്തലയെ മന്ത്രിയാക്കും


കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ജാഥ ശനിയാഴ്ച സമാപിക്കുന്നതിനു പിന്നാലെ സംസ്ഥാന മന്ത്രിസഭയും കെപിസിസിയും അഴിച്ചുപണിയും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും എന്‍എസ്എസും തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങിയതിനാല്‍ ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി പ്രശ്നം കൂടുതല്‍ വഷളാകാതിരിക്കാനുള്ള ഉപാധി തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ലോക്സഭാതെരഞ്ഞെടുപ്പിന് മുമ്പ് മന്ത്രിസഭ അഴിച്ചുപണിയാമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. ചെന്നിത്തലയുടെ ജാഥാസമാപനത്തിന് എത്തുന്ന രാഹുല്‍ഗാന്ധി പുനഃസംഘടനാവിഷയം ചര്‍ച്ചചെയ്യും.

ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയ്ക്ക് എപ്പോള്‍ വേണമെങ്കിലും മന്ത്രിസഭയിലേക്ക് വരാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ചയും ആവര്‍ത്തിച്ചത്. രണ്ടാംവര്‍ഷം പിന്നിടുന്ന മന്ത്രിസഭയുടെ പുനഃസംഘടനാസാധ്യതയും അദ്ദേഹം തള്ളിയിട്ടില്ല. കെ ബി ഗണേശ്കുമാര്‍ പുറത്തായതിന്റെ ഒഴിവ് മന്ത്രിസഭയിലുണ്ട്. ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതിനോട് കോണ്‍ഗ്രസിലെ പ്രമുഖര്‍ക്കും ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും താല്‍പ്പര്യമില്ല. ഗണേശന്റെ ഒഴിവു നികത്തുന്നതിനൊപ്പം ഓരോ പാര്‍ടിക്കും മന്ത്രിമാരെ ആവശ്യമെങ്കില്‍ മാറ്റി നിശ്ചയിക്കാമെന്നും ഉമ്മന്‍ചാണ്ടി സൂചന നല്‍കിയിട്ടുണ്ട്.

പ്രതിഛായ ഇല്ലാത്തതിന്റെ കുറവ് അഴിച്ചുപണിയിലൂടെ നേടുന്നുവെന്ന പ്രതീതിയുണ്ടാക്കാനാണ് നോട്ടം. ലോക്സഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍-നവംബറില്‍ വന്നേയ്ക്കാമെന്ന കണക്കുകൂട്ടല്‍ കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ടാണ് ഭരണത്തിലും സംഘടനയിലും അഴിച്ചുപണി ഉദ്ദേശിക്കുന്നത്. ഭരണത്തില്‍ ഒന്നാമനാകാനാണ് ചെന്നിത്തല ആഗ്രഹിച്ചത്. അതിനാണ് ഹരിപ്പാട്ട് മത്സരിച്ച് നിയമസഭയിലെത്തിയത്. പക്ഷേ, സഭ കാണിക്കാതിരിക്കാന്‍തന്നെ തെരഞ്ഞെടുപ്പില്‍ കാലുവാരാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ച അനുഭവം ചെന്നിത്തല സ്വകാര്യമായി വിവരിച്ചത് വെള്ളാപ്പള്ളി നടേശന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം ടേം, അതായത് രണ്ടരവര്‍ഷമാകുമ്പോള്‍ മുഖ്യമന്ത്രിപദം തനിക്കുകിട്ടണമെന്ന വാശിയിലായിരുന്നു ചെന്നിത്തല നീങ്ങിയത്്. പക്ഷേ, അത് ഫലപ്രാപ്തിയിലെത്തിക്കാന്‍ കഴിയില്ലെന്നുകണ്ടാണ് ആഭ്യന്തരം ഉള്ള ഉപമുഖ്യമന്ത്രി പദവിയോടെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പങ്കാളിയാകാമെന്നിടത്തേക്ക് ചെന്നിത്തല എത്തിയിരിക്കുന്നത്.

ചെന്നിത്തലയെ മന്ത്രിയാക്കി എന്‍എസ്എസുമായുള്ള അകല്‍ച്ച കുറയ്ക്കാന്‍ രാജ്യസഭ ഉപാധ്യക്ഷന്‍ പി ജെ കുര്യനെ മധ്യസ്ഥതയ്ക്ക് ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും എതിരായ നിലപാടിലാണ് എന്‍എസ്എസും എസ്എന്‍ഡിപിയുമെങ്കിലും ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയാല്‍ സമുദായസംഘടനകളുടെ വിമര്‍ശത്തെ പ്രതിരോധിക്കാം എന്ന് ഉമ്മന്‍ചാണ്ടി കരുതുന്നു. ചെന്നിത്തല മന്ത്രിയായാല്‍ കെപിസിസി പ്രസിഡന്റായി ആരെ നിയമിക്കുമെന്നതും തര്‍ക്കവിഷയം. നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനെ പ്രസിഡന്റാക്കാന്‍ കേന്ദ്രമന്ത്രി എ കെ ആന്റണിക്ക് താല്‍പ്പര്യമുണ്ട്. പക്ഷേ, മുമ്പ് ഇത്തരം ഒരു നിര്‍ദേശം വന്നപ്പോള്‍ വിശാല ഐ വിഭാഗം വിയോജിച്ചു. പുതിയ കെപിസിസി പ്രസിഡന്റ് ആര്, സ്പീക്കര്‍ സ്ഥാനം ഒഴിഞ്ഞാല്‍ ആ കസേര ആര്‍ക്ക് എന്നതടക്കമുള്ള കാര്യങ്ങള്‍ കടുത്ത തര്‍ക്കങ്ങള്‍ക്ക് വഴിവയ്ക്കും. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പുകളിലും മാറ്റങ്ങളുണ്ടാകും.

ആര്‍ എസ് ബാബു deshabhimani 150513

No comments:

Post a Comment