യുഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടിയില്‍നിന്ന് ആറ് മന്ത്രിമാര്‍ വിട്ടുനിന്നു. തിരുവനന്തപുരം സെനറ്റ് ഹാളില്‍ വെള്ളിയാഴ്ച നടന്ന ഉദ്ഘാടന ചടങ്ങില്‍നിന്നാണ് കോണ്‍ഗ്രസ് മന്ത്രിമാരടക്കം വിട്ടുനിന്നത്. ആര്യാടന്‍ മുഹമ്മദ്, വി കെ ഇബ്രാഹിംകുഞ്ഞ്, പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍, മഞ്ഞളാംകുഴി അലി, അനൂപ് ജേക്കബ് എന്നിവരാണ് ചടങ്ങിന് എത്താത്തത്. ഘടകകക്ഷി നേതാവെന്ന നിലയില്‍ അനൂപ് ജേക്കബ് ചടങ്ങില്‍ ആശംസയര്‍പ്പിക്കേണ്ട ആളായിരുന്നു. നന്ദി പറയേണ്ട ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷനും എത്തിയില്ല.
മന്ത്രിസഭാ വാര്‍ഷികാഘോഷവും ഉദ്ഘാടന ചടങ്ങും ഒരുമാസം മുമ്പാണ് തീരുമാനിച്ചത്. സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ശനനിര്‍ദേശവും നല്‍കിയിരുന്നു. മന്ത്രിമാര്‍ വരില്ലെന്ന് അറിഞ്ഞതോടെ സംഘാടകര്‍ ഇവര്‍ക്കായുള്ള ഇരിപ്പിടങ്ങള്‍ ചടങ്ങ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് എടുത്തുമാറ്റി. ചടങ്ങിലേക്ക് യുഡിഎഫ് എംഎല്‍എമാര്‍ക്കെല്ലാം ക്ഷണം ഉണ്ടായിരുന്നിട്ടും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് എത്തിയത്. വന്നവര്‍ തന്നെ ഉമ്മന്‍ചാണ്ടി വിഭാഗക്കാരും. യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തലസ്ഥാനത്ത് ഉണ്ടായിട്ടും തിരിഞ്ഞുനോക്കിയില്ല. യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തെങ്കിലും ആര്‍ ബാലകൃഷ്ണപിള്ളയടക്കമുള്ള നേതാക്കളും ചടങ്ങിന് എത്തിയില്ല. സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജും ചടങ്ങ് ബഹിഷ്കരിച്ചു. വകുപ്പ് അധ്യക്ഷന്മാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
പുനഃസംഘടനാ ചര്‍ച്ചകളും പടലപ്പിണക്കങ്ങളും തീര്‍ത്ത അനിശ്ചിതത്വം സര്‍ക്കാരിനെയും മന്ത്രിമാരെയും ബാധിച്ചത് വ്യക്തമാക്കുന്നതായി വാര്‍ഷികാഘോഷ ഉദ്ഘാടന ചടങ്ങ്. ഏറെ പ്രചാരണം നടത്തി സംഘടിപ്പിച്ച ചടങ്ങിന് ജനസാന്നിധ്യവും കുറവായിരുന്നു. യുഡിഎഫ് പ്രവര്‍ത്തകരും കാര്യമായി എത്തിയില്ല. സെനറ്റ് ഹാള്‍ നിറയ്ക്കാന്‍ സര്‍വകലാശാലാ ആസ്ഥാനത്തുനിന്നും സമീപ ഓഫീസുകളില്‍നിന്നും ഭരണാനുകൂല സംഘടനക്കാരെ നിര്‍ബന്ധപൂര്‍വം എത്തിക്കുന്നതും കാണാമായിരുന്നു. രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. മാലിന്യപ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ തന്റെ സര്‍ക്കാരിന് ഒന്നും ചെയ്യാനായില്ലെന്ന് അദ്ദേഹം പറഞ്ഞു. നാം ആഗ്രഹിച്ചു. എന്നാല്‍ ആഗ്രഹത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനായില്ല-മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യകിരണം പദ്ധതിയും അദ്ദേഹം ഉദ്ഘാടനംചെയ്തു. മന്ത്രിമാരായ കെ സി ജോസഫ്, പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, കെ പി മോഹനന്‍, ഷിബു ബേബിജോണ്‍, വി എസ് ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani
No comments:
Post a Comment