Thursday, May 30, 2013

ഉപമുഖ്യമന്ത്രിസ്ഥാനം; തീരുമാനമായില്ല

ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ലെന്ന് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് മുഖ്യമന്ത്രിയും ചെന്നിത്തലയുമായി ധാരണയിലെത്തിയിട്ടില്ലെന്നും തങ്കച്ചന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച നടന്ന യുഡിഎഫ് നേതൃയോഗം കാര്യമായ തീരുമാനമൊന്നുമെടുക്കാതെ പിരിഞ്ഞു. ഉപമുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉപമുഖ്യമന്ത്രി പദവി ഉണ്ടെങ്കില്‍ അത് ലീഗിനുതന്നെ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ യുഡിഎഫ് യോഗത്തിനുശേഷം ചേര്‍ന്ന ലീഗ് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ പരസ്യവിവാദം വേണ്ടെന്നും തീരുമാനിച്ചു. ഉപമുഖ്യമന്ത്രി പദവി എന്നൊരു പ്രശ്നം ഇല്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ സാഹചര്യത്തില്‍ അതേപ്പറ്റി ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന് യോഗത്തിനുശേഷം ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിവാദങ്ങള്‍ക്ക് വിടപറയാന്‍ സമയമായെന്നാണ് ലീഗിന്റെ അഭിപ്രായം. വിവാദങ്ങള്‍ മൂലം സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ ജനങ്ങളിലെത്തുന്നില്ലെന്നും ബഷീര്‍ പറഞ്ഞു.

യുഡിഎഫ് പ്രതിസന്ധി സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ ലീഗ് നേതൃത്വം യുഡിഎഫ് യോഗത്തില്‍ ശക്തമായി പ്രതികരിച്ചെന്നാണ് വിവരം. ഇത്തരത്തില്‍ മുന്നോട്ടുപോകാനാകില്ലെന്നും എല്ലാ ഘടകകക്ഷികള്‍ക്കും വ്യക്തിത്വമുണ്ടെന്നും കുഞ്ഞാലിക്കുട്ടി യോഗത്തില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഗണേശ് കുമാറിന്റെ മന്ത്രിസഭാ പുനപ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെച്ചുമതലപ്പെടുത്തി. ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി അന്തിമ തീരുമാനം മുഖ്യമന്ത്രി സ്വീകരിക്കും. ഗണേശിനെ മന്ത്രിയാക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.

ഷിബു ബേബിജോണ്‍, കെ എം മാണി തുടങ്ങിയവര്‍ ഗണേശനെ മന്ത്രിയാക്കണമെന്ന ആവശ്യത്തെ അനുകൂലിക്കുന്നുണ്ട്. ഇതോടെ ഉപമുഖ്യമന്ത്രി പദമടക്കമുള്ള പ്രശ്നങ്ങളില്‍ അന്തിമ തീരുമാനം നീളും. മുസ്ലിംലീഗിന്റെ എതിര്‍പ്പും ഹൈക്കമാന്‍ഡിന്റെ തണുപ്പന്‍ നിലപാടുംമൂലം ചെന്നിത്തല ഉപമുഖ്യമന്ത്രിയാകാനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചൊവ്വാഴ്ച രാത്രി നടത്തിയ ചര്‍ച്ചയിലാണ് ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. ലീഗ് നേതാക്കള്‍ ബുധനാഴ്ച പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ മുഖ്യമന്ത്രി മലക്കംമറിഞ്ഞു.

ഉപമുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും എല്ലാം മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നുമാണ് മുഖ്യമന്ത്രിയുടെ നിലപാട്. അതേസമയം, കേരളത്തിലെ പ്രശ്നങ്ങള്‍ കേരളത്തില്‍ത്തന്നെ പരിഹരിക്കണമെന്നാണ് ഹൈക്കമാന്റ് നിലപാട്. ചെന്നിത്തലയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശം മുഖ്യമന്ത്രി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചതായാണ് സൂചന. കെപിസിസി പ്രസിഡന്റുസ്ഥാനം എത്രയുംവേഗം ഒഴിയണമെന്ന് ചെന്നിത്തലയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്. വേണമെങ്കില്‍ മന്ത്രിസഭയില്‍ ചേരാം. എന്നാല്‍, ഏതു വകുപ്പ് നല്‍കണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിസ്ഥാനത്തിന് ചെന്നിത്തല അവകാശവാദം ഉന്നയിച്ചത്. അത് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രിയും എ ഗ്രൂപ്പും വ്യക്തമാക്കി. ഒത്തുതീര്‍പ്പു നിര്‍ദേശമെന്ന നിലയ്ക്കാണ് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാമെന്ന വാഗ്ദാനം മുന്നോട്ടുവച്ചത്. ഉപമുഖ്യമന്ത്രിസ്ഥാനവും റവന്യൂവും മറ്റൊരു വകുപ്പുമെന്ന നിര്‍ദേശം ചൊവ്വാഴ്ച രാത്രി ചെന്നിത്തല അംഗീകരിച്ചതാണ്.

എന്നാല്‍, മുസ്ലിംലീഗ് എതിര്‍പ്പുമായി രംഗത്തുവന്നതോടെ എല്ലാം കീഴ്മേല്‍ മറിഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ആഭ്യന്തരം വേണമെന്ന നിലപാടില്‍ ഐ ഗ്രൂപ്പ് വീണ്ടും പിടിമുറുക്കിയതായാണ് വിവരം. ചെന്നിത്തല മന്ത്രിസഭയില്‍ ചേര്‍ന്നാല്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ കെപിസിസി പ്രസിഡന്റായേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ഈ സ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതായാണ് വിവരം. ആഭ്യന്തരം മുഖ്യമന്ത്രി ഏറ്റെടുത്താല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. വിജിലന്‍സ് വകുപ്പ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ കെ സി ജോസഫിനു നല്‍കും. കെ സി ജോസഫ് ബുധനാഴ്ച രാവിലെ രമേശ് ചെന്നിത്തലയെ കണ്ടു. ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാട് ചെന്നിത്തല ജോസഫിനോട് ആവര്‍ത്തിച്ചതായാണ് സൂചന.

deshabhimani

No comments:

Post a Comment