ഉപമുഖ്യമന്ത്രിപദവും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശനവും യുഡിഎഫ് അജന്‍ഡയിലില്ലെന്ന് മുസ്ലിംലീഗ്. രണ്ടു കാര്യങ്ങളും ചര്‍ച്ചാവിഷയമേയല്ലെന്നും ഇല്ലാത്ത കാര്യം ഉണ്ടെന്നു പറഞ്ഞ് സാങ്കല്‍പ്പികചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സെക്രട്ടറിയറ്റ് യോഗത്തിനുശേഷം നേതാക്കളായ ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപമുഖ്യമന്ത്രിസ്ഥാനം ഇപ്പോള്‍ പരിഗണനയിലില്ലെങ്കിലും ചര്‍ച്ചയ്ക്കുവന്നാല്‍ ലീഗ് അവകാശവാദം ഉന്നയിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
അതേസമയം, പുതിയ മന്ത്രിസ്ഥാനത്തേക്ക് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, കെ ബി ഗണേശ്കുമാര്‍ എന്നിവരില്‍ ഒരാളെമാത്രമേ പരിഗണിക്കാനാകൂവെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും പറഞ്ഞു. മറ്റാരെങ്കിലും ഒഴിഞ്ഞാല്‍മാത്രമേ രണ്ടുപേരെയും മന്ത്രിസഭയില്‍ എടുക്കാന്‍ കഴിയൂവെന്നും യുഡിഎഫ് യോഗത്തിനുശേഷം തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്ന കാര്യം യുഡിഎഫ് ചര്‍ച്ചചെയ്തില്ല. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ചേര്‍ന്നാണ് തീരുമാനമെടുക്കേണ്ടത്. ഇതുവരെ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ഇതേക്കുറിച്ച് ചര്‍ച്ചചെയ്തിട്ടില്ല.
ഭരണഘടനപ്രകാരം ഉപമുഖ്യമന്ത്രിപദം നിലവിലില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. ഇല്ലാത്ത കാര്യത്തിലാണ് വിവാദമുണ്ടായതെന്നാണ് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവര്‍ത്തിച്ചത്. ഉപമുഖ്യമന്ത്രിപദമുണ്ടെങ്കില്‍ അത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കില്ല. ഉപമുഖ്യമന്ത്രിസ്ഥാനം വേണമോ വേണ്ടയോ എന്നകാര്യം യുഡിഎഫില്‍ ചര്‍ച്ചയ്ക്കുവന്നില്ല. കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച തീരുമാനമോ ചര്‍ച്ചയോ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചയ്ക്കുവന്നാല്‍ അത് ആര്‍ക്കു നല്‍കണമെന്ന കാര്യവും ചര്‍ച്ചചെയ്യണമെന്നാണ് ലീഗ് ആവശ്യപ്പെട്ടത്. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് തടയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലീഗിനെ രംഗത്തിറക്കിയിരിക്കുകയാണെന്ന ആരോപണം ശരിയല്ല. ആര് പ്രേരിപ്പിച്ചാലും വഴങ്ങുന്നവരല്ല ഞങ്ങള്‍. ഇപ്പോഴത്തെ വിവാദങ്ങള്‍ യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു. എന്‍എസ്എസിനോടും എസ്എന്‍ഡിപിയോടും അകന്നുനില്‍ക്കാന്‍ ലീഗിന് ആഗ്രഹമില്ലെന്നും ഇ ടി മുഹമ്മദ് ബഷീറും കെ പി എ മജീദും പറഞ്ഞു.
ഗതികെട്ട് ചെന്നിത്തല
മുസ്ലിംലീഗിന്റെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രിപദവിയും ത്രിശങ്കുവിലായി. ഉപമുഖ്യമന്ത്രിപദത്തെ ചൊല്ലി യുഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ പൊരിഞ്ഞ തര്‍ക്കവും നടന്നു. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കം മാധ്യമസൃഷ്ടിയാണെന്ന മുഖ്യമന്ത്രിയുടെ വാദം കുഞ്ഞാലിക്കുട്ടി തള്ളി. ഉഭയകക്ഷിചര്‍ച്ച നടത്തിയശേഷം ഹൈക്കമാന്‍ഡിന്റെ അനുമതിയോടെമാത്രമേ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂവെന്ന് മുഖ്യമന്ത്രി അറിയിച്ചതിനെതുടര്‍ന്നാണ് രംഗം ശാന്തമായത്. മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ഉഭയകക്ഷിചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കും. ഘടകകക്ഷികളുമായി ധാരണയുണ്ടാക്കിയതിനുശേഷം ഹൈക്കമാന്‍ഡിന്റെ അനുമതി വാങ്ങും. മന്ത്രിസഭാ പുനഃസംഘടന അതുവരെ അനിശ്ചിതത്വത്തില്‍ തുടരുമെന്ന് ഉറപ്പായി.
ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെ ലീഗ് ഒഴികെയുള്ള കക്ഷികള്‍ എതിര്‍ത്തില്ല. കൂടുതല്‍ ഗൗരവമായ ചര്‍ച്ച വേണമെന്ന് എം പി വീരേന്ദ്രകുമാര്‍ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തല യോഗത്തില്‍ സന്നിഹിതനായിരുന്നെങ്കിലും അഭിപ്രായം പറഞ്ഞില്ല. ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്നതിനെ കഴിഞ്ഞ ദിവസം അനുകൂലിച്ച കെ എം മാണിയും മിണ്ടിയില്ല. 1982ല്‍ കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവുക്കാദര്‍കുട്ടി നഹ ഉപമുഖ്യമന്ത്രിയായിരുന്നത് ചൂണ്ടിക്കാട്ടിയാണ് ലീഗ് ഇടപെട്ടത്. എന്നാല്‍, മുസ്ലിംലീഗിന്റേത് മൂന്നാം ലോക്സഭാ സീറ്റിനുവേണ്ടിയുള്ള സമ്മര്‍ദതന്ത്രമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കാസര്‍കോട് ലോക്സഭാ സീറ്റിലാണ് ലീഗിന്റെ കണ്ണ്. അഞ്ചാംമന്ത്രിപദത്തെ ചൊല്ലി തങ്ങളെ കൊത്തിവലിച്ചതിന് പകരംവീട്ടുകയെന്നതും ലീഗിന്റെ മനസ്സിലുണ്ട്. ഹൈക്കമാന്‍ഡ് ഉപമുഖ്യമന്ത്രിസ്ഥാനത്തിന് പച്ചക്കൊടി കാണിച്ചാല്‍ ലീഗ് പിന്‍വാങ്ങും. പകരമായി കാസര്‍കോട് ലോക്സഭാ സീറ്റിന്റെ കാര്യത്തില്‍ ഉറപ്പുവാങ്ങുകയും ചെയ്യാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.
മുസ്ലിംലീഗിനെ ഇളക്കിവിട്ട് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നിഷേധിക്കുകയെന്ന മുഖ്യമന്ത്രിയുടെ ഗൂഢനീക്കവും ഐ ഗ്രൂപ്പ് മനസ്സിലാക്കിയിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്മേലുള്ള അവകാശവാദത്തില്‍നിന്ന് ഐ ഗ്രൂപ്പ് ഏറെക്കുറെ പിന്‍വാങ്ങി. ഉപമുഖ്യമന്ത്രിസ്ഥാനമെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് അവരുടെ ഇപ്പോഴത്തെ മനസ്സിലിരിപ്പ്. അതേസമയം, ചെന്നിത്തലയ്ക്ക് മറ്റേതെങ്കിലും വകുപ്പ് നല്‍കി ഒതുക്കാന്‍ ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡില്‍ ഇടപെട്ട് ധാരണയാക്കിയെന്നാണ് വിവരം. ആരോഗ്യം, ടൂറിസം വകുപ്പുകള്‍ ചെന്നിത്തലയ്ക്ക് നല്‍കും. വി എസ് ശിവകുമാറിന് ഗതാഗതവകുപ്പ് നല്‍കും. എ പി അനില്‍കുമാറിന് ടൂറിസത്തിനുപകരമായി ചലച്ചിത്രവികസനവും സ്പോര്‍ട്സും നല്‍കിയേക്കും. ജൂണ്‍ പത്തിനുമുമ്പ് പുതിയ മന്ത്രി സത്യപ്രതിജ്ഞചെയ്യുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചെന്നിത്തല ഒഴിഞ്ഞാല്‍ കെപിസിസി പ്രസിഡന്റുപദവിയെ ചൊല്ലിയും തര്‍ക്കം ഉയര്‍ന്നിട്ടുണ്ട്. ഗണേശിനെ വീണ്ടും മന്ത്രിയാക്കണമെന്ന പിള്ളയുടെ കത്തുസംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയെങ്കിലും, മന്ത്രിയാക്കുന്നത് അടഞ്ഞ അധ്യായമാണെന്നാണ് വിലയിരുത്തല്‍.
deshabhimani 31
No comments:
Post a Comment